kannur local

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ലഹരി വില്‍പനയ്‌ക്കെതിരേ കര്‍ശന നടപടി

കണ്ണൂര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരിവസ്തു വില്‍പന കര്‍ശനമായി തടയാന്‍ ജില്ലാതല ജനകീയ സമിതി തീരുമാനിച്ചു. വിദ്യാര്‍ഥികളില്‍ മയക്കുമരുന്ന്, കഞ്ചാവ് ഉപഭോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിക്കും. വിദ്യാഭ്യാസ വകുപ്പ് തലവന്‍മാരുടെ ജില്ലാതല സമിതിയിലെ സാന്നിധ്യം ഉറപ്പുവരുത്തും. വ്യാജമദ്യ ഉല്‍പ്പാദന വിതരണം തടയാനും ലഹരിവിരുദ്ധ ബോധവല്‍ക്കരണം ഊര്‍ജിതമാക്കാനും നഗരസഭ, കോര്‍പറേഷന്‍, കന്റോണ്‍മെന്റ് തലങ്ങളില്‍ യോഗം ചേരും.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജില്ലയില്‍ 909 തവണ കള്ളുഷാപ്പുകളും 17 തവണ വിദേശമദ്യഷാപ്പുകളും 35 തവണ ബിയര്‍/വൈന്‍ പാര്‍ലറുകളും പരിശോധിച്ചു. പഞ്ചായത്ത് തലത്തില്‍ 113 ജനകീയ കമ്മിറ്റികള്‍ ചേര്‍ന്നു. 113 ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി.
24 ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിച്ചു. ഇക്കാലയളവില്‍ 231 അബ്കാരി കേസുകളും 169 പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളും കണ്ടെത്തി. 1224 പേരെ പ്രതിചേര്‍ത്തു. 44.5 ലിറ്റര്‍ ചാരായം, 525.36 ലിറ്റര്‍ വിദേശമദ്യം, 891.59 ലിറ്റര്‍ മാഹിമദ്യം, 13 ലിറ്റര്‍ ബിയര്‍, 4.757 കിലോ കഞ്ചാവ്, 1125 ലിറ്റര്‍ വാഷ്, 4.20 ലിറ്റര്‍ അരിഷ്ടം, 9 കഞ്ചാവ് ചെടി എന്നിങ്ങനെ തൊണ്ടിമുതലായി പിടിച്ചെടുത്തു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, കണ്ണൂര്‍, തളിപ്പറമ്പ്, കൂത്തുപറമ്പ് സര്‍ക്കിളുകളിലായി നൈറ്റ് പട്രോളിങ് ടീം, എല്ലാ ഓഫിസിലും സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്നിവയുണ്ടാവും.
യോഗത്തില്‍ എഡിഎം എച്ച് ദിനേശ് അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, പി കെ അബൂബക്കര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി വി സുരേന്ദ്രന്‍, അസി. കമ്മീഷണര്‍ എ എന്‍ ഷാ, വയക്കാടി ബാലകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it