വിദ്യാര്‍ഥികളെ മുട്ടുകാലില്‍ നിര്‍ത്തിയ സംഭവം; അധ്യാപകനെതിരേ നടപടിയെടുക്കും:ഡിപിഐ

തിരുവനന്തപുരം: കാഞ്ഞിരംകുളം പി കെ സത്യനേശന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളെ മുട്ടുകാലില്‍ നിര്‍ത്തി ശിക്ഷിച്ച സംഭവത്തില്‍ അധ്യാപകനെതിരേ നടപടിയെടുക്കുമെന്ന് ഡിപിഐ. സംഭവത്തില്‍ തിരുവനന്തപുരം ഡിഡിഇയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂൡലെ ഹിന്ദി അധ്യാപകന്‍ ആല്‍ബിന്‍ ജോസഫിനെതിരേയാണ് രണ്ടു വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടത്. എന്‍സിസിയുടെ ചുമതലയുള്ള അധ്യാപകന്‍ കഴിഞ്ഞദിവസമാണ് എട്ടാംക്ലാസ് വിദ്യാര്‍ഥികളെ ഒരുമണിക്കൂറോളം ക്ലാസിനു പുറത്ത് മുട്ടുകാലില്‍ നിര്‍ത്തിയത്. ക്ലാസില്‍ ബഹളമുണ്ടാക്കിയ കുട്ടികളെ മുട്ടുകാലില്‍ നിര്‍ത്തിയിട്ടുണ്ടെന്ന് അധ്യാപകന്‍ സമ്മതിച്ചു.

വിദ്യാര്‍ഥികളെ അടിക്കാന്‍ പാടില്ലാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ശിക്ഷ നല്‍കിയതെന്നായിരുന്നു  അധ്യാപകന്റെ പ്രതികരണം. ഇത്തരം ക്രൂരമായ ശിക്ഷ ആല്‍ബിന്‍ ജോസഫിന്റെ പതിവുരീതിയാണെന്നും ആക്ഷേപമുണ്ട്. പടിക്കെട്ടുകളുടെ മുകളില്‍ നിര്‍ത്തി കുട്ടികളുടെ പിന്‍ഭാഗത്ത് മര്‍ദിക്കുന്നതും ആല്‍ബിന്‍ ജോസഫിന്റെ ശിക്ഷാരീതിയാണെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. ശിക്ഷ ഭയന്നാണ് പല വിദ്യാര്‍ഥികളും പരാതിപ്പെടാന്‍ തയ്യാറാവാത്തത്. പരാതിപ്പെട്ടാലും മാനേജ്‌മെന്റും പ്രിന്‍സിപ്പലും നടപടിയെടുക്കാറില്ലെന്നും ആക്ഷേപമുണ്ട്. അധ്യാപകന്റെ നടപടിക്കെതിരേ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് കുട്ടികളുടെ രക്ഷിതാക്കള്‍.
Next Story

RELATED STORIES

Share it