വിദ്യാര്‍ഥികളെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് ഡല്‍ഹിയിലെ സ്‌കൂള്‍

ന്യൂഡല്‍ഹി: നോര്‍ത്ത് ഡല്‍ഹിയിലെ ഒരു പ്രൈമറി വിദ്യാലയം വിദ്യാര്‍ഥികളെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് അധ്യാപനം നടത്തുന്നതായി പരാതി. വസീറാബാദിലെ നോര്‍ത്ത് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ബോയ്‌സ് സ്‌കൂളിലെ (എംസിഡി സ്‌കൂള്‍) വിദ്യാര്‍ഥികളെയാണു മതാടിസ്ഥാനത്തില്‍ വ്യത്യസ്ത ഡിവിഷനുകളിലാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ്് റിപോര്‍ട്ട് ചെയ്തത്. പുതിയ പ്രിന്‍സിപ്പലായി സി ബി സിങ് സെഹ്‌രാവാത് കഴിഞ്ഞ ജൂലൈയില്‍ ചുമതല ഏറ്റെടുത്തതിനു പിന്നാലെയാണ് ഈ പരിഷ്‌ക്കാരം.
അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ ഹാജര്‍ റിപോര്‍ട്ട് ചെയ്യുന്നതു ജാതി തിരിച്ചാണെന്നും ഒരു വിഭാഗം അധ്യാപകര്‍ ആരോപിക്കുന്നു. എന്നാല്‍ ഇതു മനപ്പൂര്‍വമല്ലെന്ന് ആരോപണങ്ങള്‍ തള്ളി സെഹ്‌രാവാത് പറഞ്ഞു. മെച്ചപ്പെട്ട വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അച്ചടക്കം പാലിക്കുന്നതിന്റെയും ഭാഗമായി മറ്റു സ്‌കൂളുകളിലെ പോലെ വിവിധ ഡിവിഷനുകളിലേക്ക് കുട്ടികളെ കൂട്ടിക്കലര്‍ത്തി ഇരുത്തുന്ന നടപടി മാത്രമാണ് സ്വീകരിച്ചതെന്നും മാനേജ്‌മെന്റിന്റെ തീരുമാന പ്രകാരമാണ് ഇത്തരം മാറ്റങ്ങള്‍ നടത്തിയതെന്നും സഹ്‌രാവാത് പറഞ്ഞു.
ചില കുട്ടികള്‍ സസ്യാഹാരികളും മറ്റു ചിലര്‍ മാംസാഹാരികളുമാണ്. അങ്ങനെയുള്ള കുട്ടികള്‍ തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഏറെയാണ്. കുട്ടികളുടെയും അധ്യാപകരുടെയും താല്‍പര്യം സംരക്ഷിക്കാനാണ് ഇത്തരം മാറ്റങ്ങള്‍ കൊണ്ട് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തെറ്റായ തീരുമാനത്തിനെതിരേ നിരവധി അധ്യാപകര്‍ എംഡിസി സോണല്‍ ഓഫിസില്‍ പരാതി ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നു ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. പുതിയ പ്രിന്‍സിപ്പല്‍ വരുന്നതു വരെയാണ് സെഹ്‌രാവാതിന് ചുമതല നല്‍കിയത്. മറ്റ് അധ്യാപകരെ അറിയിക്കാതെയാണ് മാനേജ്‌മെന്റ് ഈ തീരുമാനം എടുത്തതെന്നും ആരോപണം ഉയരുന്നുണ്ട്.



Next Story

RELATED STORIES

Share it