thrissur local

വിദ്യാര്‍ഥികളെ പോലിസ് മര്‍ദിച്ച സംഭവം : സ്റ്റേഷന്‍ ഉപരോധിച്ച എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കുനേരെ പോലിസ് ലാത്തി വീശി



ചാവക്കാട്: വിദ്യാര്‍ഥികളെ പോലിസ് മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോലിസ് സ്റ്റേഷന്‍ ഉപരോധിച്ച എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ലാത്തി വീശി. രണ്ടു സിപിഐ നിയോജക മണ്ഡലം സെക്രട്ടറിമാരടക്കം 12 പ്രതിഷേധക്കാര്‍ക്കും രണ്ടു പോലിസുകാരും പരിക്ക്. പരിക്കേറ്റ് ആശുപത്രിയിലെത്തിയവര്‍ക്ക് നേരേയും പോലിസ് ലാത്തി വീശിയതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ചാവക്കാട് പോലിസ് സ്റ്റേഷന്‍ പരിധിയിലും മണലൂര്‍ മണ്ഡലത്തിലും ഹര്‍ത്താലിന് സിപിഐ ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സിപിഐ മണലൂര്‍ മണ്ഡലം സെക്രട്ടറി വി ആര്‍ മനോജ്, സിപിഐ മണലൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍, സിപിഐ ചാവക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സതീന്ദ്രന്‍, എം എസ് സുബിന്‍, വിവേക് വിനോദ്, പി കെ സേവ്യര്‍, ജിഷ്ണു, ഹംസക്കുട്ടി, നന്ദകുമാര്‍, ഹബീബ്, യദുകൃഷ്ണന്‍ എന്നിവരെ ചാവക്കാട് താലൂക്ക്, രാജാ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സീനിയര്‍ സിപിഒ സുനുവിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ സിപിഐ മണലൂര്‍ മണ്ഡലം സെക്രട്ടറി വി ആര്‍ മനോജിനെ തൃശൂര്‍ ദയ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ പത്തോടേയാണ് സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞ ദിവസം ഒരുമനയൂര്‍ ഇസ്‌ലാമിക് സ്‌കൂള്‍ പരിസരത്ത് നിന്നും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ ചാവക്കാട് എസ്‌ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനില്‍ കൊണ്ടുവന്ന ശേഷം പോലിസ് തങ്ങളെ മര്‍ദിച്ചെന്നാരോപിച്ച് പാലുവായ് സ്വദേശി അജ്മല്‍ (17), ചക്കംകണ്ടം സ്വദേശി സുഹൈന്‍ (17), റാഷിദ് (18) എന്നിവരുള്‍പ്പെടെ നാലുപേര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും ചാവക്കാട് താലൂക്ക് ആശുപത്രിയിലുമായി ചികില്‍സ തേടുകയും ചെയ്തു. പോലിസ് മര്‍ദിച്ചെന്ന് വിദ്യാര്‍ഥികള്‍ തന്നെ വിശദീകരിക്കുന്ന വീഡിയോ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ എഐവൈഎഫ് പ്രവര്‍ത്തകര്‍ ചെറു സംഘങ്ങളായി ചാവക്കാട് പോലിസ് സ്റ്റേഷനിലെത്തിയത്. ഇതേ സമയം സിഐയും എസ്‌ഐയും സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷന്റെ പ്രധാന കവാടത്തിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് സിഐ കെ ജി സുരേഷ് നേതാക്കളുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും നേതാക്കള്‍ വഴങ്ങിയില്ല. ഡിവൈഎസ്പിയുമായി മാത്രമേ സംസാരിക്കുകയുള്ളൂവെന്ന നിലപാടിലായിരുന്നു നേതാക്കള്‍. തുടര്‍ന്ന് പോലിസിനെതിരേ രൂക്ഷ വിമര്‍ശനവുമായി കവാടത്തിനു മുന്നിലിരുന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ഇതോടെ സ്റ്റേഷനു ചുറ്റും കൂടി നിന്നവരെ പിരിച്ചുവിട്ട പോലിസ് സമരക്കാര്‍ക്കു നേരെ ലാത്തിവീശുകയായിരുന്നു.  ലാത്തിചാര്‍ജില്‍ പരിക്കേറ്റ് താലൂക്ക് ആശുപത്രിയില്‍ കഴിയുന്നവരെ സിപിഐ ജില്ലാ സെക്രട്ടറി വല്‍സരാജ്, സെക്രട്ടേറിയറ്റ് അംഗം കെ കെ സുധീരന്‍, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, വൈസ് ചെയര്‍മാന്‍ മഞ്ജുഷ സുരേഷ്, കൗണ്‍സിലര്‍ സഫൂറ ബക്കര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it