kannur local

വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച സംഭവം; പോലിസ് അന്വേഷണം ഊര്‍ജിതം

ഉരുവച്ചാല്‍: വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. കുറച്ചുകാലങ്ങളായി വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോവുന്ന സംഘം വ്യാപകമായി നാട്ടില്‍ ഇറങ്ങിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും നാട്ടുകാരെയും ഭീതിയിലാക്കി. ഇതിനുപിന്നാലെ ഈ സംഭവം കൂടിയായതോടെ ആശങ്ക വര്‍ധിച്ചു. കഴിഞ്ഞ ദിവസം രാവിലെ മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികളായ സഹല്‍(12), സഹല(13) എന്നിവരെയാണ് പഴശ്ശിവയല്‍ റോഡില്‍ വച്ച് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ ആള്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. വിദ്യാര്‍ഥികളുടെ മാതാവ് പഴശ്ശിയിലെ മടപ്പുര വീട്ടില്‍ സീനത്ത് മട്ടന്നൂര്‍ പോലില്‍ നല്‍കിയ പരാതിയില്‍ സിഐ എ വി ജോണിന്റെ നേതൃത്വത്തില്‍ എസ്‌ഐ രാജേഷ് വിദ്യാര്‍ഥി കള്‍ ഓടിരക്ഷപ്പെട്ട വീട്ടിലും വിദ്യാര്‍ഥികളുടെ വീട്ടിലുമെത്തി അന്വേഷണം നടത്തി. സമീപത്തെ വീട്ടിലെ സിസിടിവി കാമറ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. വിദ്യാര്‍ഥികള്‍ പഠിക്കുന്ന മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ പോലിസ് അധ്യാപകരുടെ നേതൃത്വത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളോടും സംഭവം വിശദമായി അന്വേഷണം നടത്തി. ബൈക്കുമായി മുഖംമൂടി ധരിച്ച് കണ്ണ് മാത്രമാണ് കണ്ടതെന്നും പിറകുവശത്തെ മുടി വലുതാണെന്നും കൈ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭയന്ന് അടുത്ത വീട്ടിലേക്ക് ഓടുകയാണ് ചെയ്തതെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സംഭവം പോലിസ് ഗൗരവത്തോടെയാണ് കാണുന്നത്. വിദ്യാര്‍ഥികളുടെ ഭീതിയകറ്റാന്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ബോധവല്‍ക്കരണം നടത്തണമെന്നു സ്‌കൂള്‍ അധ്യാപകരോട് പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. വാട്‌സ് ആപിലും ഫേസ്ബുക്കിലും വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയതായും ഫോട്ടോകളും വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി ഇത്തരത്തിലുള്ള സംഭവങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഭീതിയിലാക്കുന്നത്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കേസെടുക്കുമെന്ന് മട്ടന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ രാജീവ് കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it