palakkad local

വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ലഹരി മാഫിയകള്‍ സജീവമാവുന്നു

ചിറ്റൂര്‍: പാലക്കാട് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ചിറ്റൂര്‍ മേഖലയില്‍ തുടര്‍ച്ചയായി കഞ്ചാവും അനുബന്ധ ലഹരി ഉല്‍പന്നങ്ങളും പിടികൂടുന്നത് വിരല്‍ ചൂണ്ടുന്നത് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ കഞ്ചാവ് ലോബികളിലേക്ക്. പോലിസും എക്‌സൈസ് വകുപ്പും കര്‍ശന പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും ഉ—ദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കുന്നതിനായി ലഹരി മാഫിയകള്‍ ഉപയോഗിക്കുന്നത് വിദ്യാര്‍ഥികളെ.
സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായി ലഹരി പദാര്‍ഥങ്ങള്‍ വിതരണം ചെയ്യുകയും അതിനായി സാധാരണക്കാരായ വിദ്യാര്‍ഥികളെ തിരഞ്ഞു പിടിക്കുന്ന പ്രവണതയുമാണ് ഇപ്പോള്‍  ലഹരികടത്തുകാര്‍ക്കിടയില്‍ സജീവമായിട്ടുള്ളത്.
ലഹരി കടത്തിന് നിയോഗിക്കുന്നതിനായി  ആദ്യം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി  കഞ്ചാവ് ഉപയോഗിക്കാന്‍ നല്‍കുകയാണ് ചെയുന്നത്. തുടര്‍ന്ന് പടിപടിയായി വിദ്യാര്‍ഥികളെ കഞ്ചാവ് മാഫിയകള്‍ തങ്ങളുടെ കച്ചവടത്തിന് ഉപയോഗിക്കുന്നു. എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥികള്‍ വരെ ഈ മേഖലയില്‍ സജീവമായി രംഗത്തുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ടാലും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് അതിവേഗം പുറത്ത് വരാമെന്നതാണ് കഞ്ചാവ് മാഫിയ വിദ്യാര്‍ഥികളെ  ലഹരി കടത്തു പോലുള്ള അധാര്‍മിക പ്രവണതയ്ക്ക് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ നിരവധി കേസുകള്‍ എക്‌സൈസും പോലിസും പലപ്പോഴും പിടികൂടുന്നുണ്ടെങ്കിലും വിദ്യാര്‍ഥികളുടെ ഭാവി മാനിച്ചു രക്ഷിതാക്കളെ വിവരം അറിയിച്ച് ബോധവത്ക്കരണം നടത്തി അവര്‍ക്കൊപ്പം പറഞ്ഞു വിടുന്നതും കഞ്ചാവ് ലോബികള്‍ക്ക് അനുഗ്രഹമാണ്.
അതിര്‍ത്തികളില്‍ നിന്ന് എക്‌സൈസ് വകുപ്പ് പിടികൂടാനായത് ഇടനിലക്കാരെ മാത്രമാണ്. എക്‌സൈസ് ചിറ്റൂര്‍  റെയ്ഞ്ചിനു കീഴില്‍ 2018 ജനുവരി മുതല്‍ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 17 പ്രതികളും 15.5 കിലോ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
സര്‍ക്കിള്‍ ഓഫിസില്‍ 12 കേസുകളിലായി 11 പേരെ പിടികൂടുകയും 7.5 കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലക്കോട് റെയ്ഞ്ചില്‍  20 കഞ്ചാവ് കേസുകളിലായി 25 പേരെയും നിരോധിത പുകയില ഉത്പന്നങ്ങളടക്കം 99.5 കിലോ പിടികൂടി. കൂടാതെ 810 ഗ്രാം ഹാഷിഷും കൊല്ലങ്കോട് എക്‌സൈസ് വകുപ്പ് പിടികൂടിയിരുന്നു. തമിഴ്‌നാട്ടിലേക്ക് പഠനത്തിനായി പോവുന്ന വിദ്യാര്‍ഥികളെയും അതിര്‍ത്തി പ്രദേശത്തെ സ്‌ക്കൂളിലെ വിദ്യാര്‍ഥികളെയും ലോബികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്.
കൂടാതെ തമിഴ്‌നാട്ടില്‍ നിന്നും വാളയാര്‍, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ അതിര്‍ത്തി പ്രദേശങ്ങളിലൂടെ കെഎസ്ആര്‍ടിസി ഉള്‍പെടെയുള്ള വാഹനങ്ങളിലാണ് കഞ്ചാവ് കടത്തുന്നത്.
ഈ മേഖലയില്‍ ലഹരി മാഫിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ന്റെ പ്രവര്‍ത്തനം വിപുലീകരിക്കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇത്തരം കേസുകളില്‍ പിടിക്കപ്പെടുമ്പോള്‍ അവര്‍ക്കെതിരെ കൃത്യമായ നടപടികള്‍ ഉണ്ടാവുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഇത്തരം കേസുകള്‍ ഒരു കാരണവശാലും ഒത്തുതീര്‍പ്പുകളിലേയ്ക്ക് വഴിവായ്ക്കാതെ നേരിട്ട് നിയമ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.
ചിറ്റൂര്‍ താലൂക്കില്‍അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളുകള്‍ കോളജുകള്‍ കേന്ദ്രീകരിച്ചു പ്രത്യേക നിരീക്ഷണ സംവിധാനം പിടിഎ കമ്മിറ്റികളെ ഉള്‍പ്പെടുത്തി സ്ഥാപിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. കുറച്ചു ദിവസം മുന്‍പ് പുതുനഗരത്ത് റെയില്‍വേ ട്രാക്കിനു സമീപം വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടതും ഒപ്പമുണ്ടായിരുന്ന ഒരാള്‍ അബോധാവസ്ഥയില്‍ കണപ്പെട്ടതും കഞ്ചാവു ലോബിയുമായി ബന്ധപ്പെട്ടാണെന്ന് സംശയമുയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it