Editorial

വിദ്യാര്‍ഥികളെയും പ്രഫസറെയും മോചിപ്പിക്കണം

വിദ്യാര്‍ഥികളെയും  പ്രഫസറെയും മോചിപ്പിക്കണം
X
EDITORIAL
വഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാജ്യദ്രോഹപരമായി പ്രസംഗിച്ചുവെന്ന കുറ്റം ചുമത്തി ജയിലില്‍ കിടക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഇനിയും ജാമ്യം ലഭിച്ചിട്ടില്ല. അതുപോലെ അഫ്‌സല്‍ ഗുരുവിനെ സ്മരിക്കുന്നതിനു ഡല്‍ഹി പ്രസ് ക്ലബ്ബില്‍ യോഗം വിളിച്ചുകൂട്ടിയ പ്രഫ. എസ് ആര്‍ ഗീലാനിയും ജയിലിലാണ്. ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ചൗധരിയെയും പ്രഫ. ഗീലാനിയെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സാംസ്‌കാരികരംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. അന്തര്‍ദേശീയ തലത്തിലും മൂവരുടെയും തടങ്കല്‍ വലിയ ചര്‍ച്ചയ്ക്കു കാരണമായിട്ടുണ്ട്. രാജ്യദ്രോഹം എന്നു നിര്‍വചിക്കാന്‍ ബുദ്ധിമുട്ടുള്ള കുറ്റത്തിന്റെ പേരിലാണ് വിദ്യാര്‍ഥികളും പ്രഫസറും ജയിലില്‍ കിടക്കുന്നത്.
ബ്രിട്ടിഷുകാര്‍ തദ്ദേശീയരെ പിടിച്ചു ജയിലിലിടുന്നതിന് ഉണ്ടാക്കിയതാണു രാജ്യദ്രോഹ വിരുദ്ധ നിയമമെന്ന് ഈ പംക്തിയില്‍ ഞങ്ങള്‍ പല തവണ ചൂണ്ടിക്കാട്ടിയതാണ്. നിയമ വിദഗ്ധന്‍മാരും പൗരാവകാശ പ്രവര്‍ത്തകരും അതു നിയമ പുസ്തകത്തില്‍ നിന്നു തന്നെ എടുത്തു കളയണമെന്നു ദീര്‍ഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മഹാത്മാഗാന്ധി പലപ്പോഴും ചൂണ്ടിക്കാട്ടിയ പോലെ പൗരന്‍മാരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ വേണ്ടിയുള്ള ഒരു കൊളോണിയല്‍ നിയമമാണ് 124 എ വകുപ്പ്.
ഭരിക്കുന്നവര്‍ സ്പര്‍ശിക്കരുതെന്നു പറയുന്ന വിഷയങ്ങളെ പറ്റി പൗരന്‍മാരാകെ മൗനം പാലിക്കണമെന്നു പറയുന്നതില്‍ കവിഞ്ഞ പൗരാവകാശ ധ്വംസനമില്ല. മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരം തന്നെ അഫ്‌സല്‍ ഗുരുവിനു നല്‍കിയ ശിക്ഷ ശരിയായില്ല എന്നഭിപ്രായപ്പെട്ടത് ഈയിടെയാണ്. ജെഎന്‍യു വിദ്യാര്‍ഥികളാവട്ടെ രാജ്യദ്രോഹമെന്ന് ഉറപ്പിച്ചു പറയാവുന്ന രീതിയില്‍ പ്രസംഗിച്ചില്ലെന്നാണ് റിപോര്‍ട്ട്. പിന്നീട് കൃത്രിമമായി നിര്‍മിച്ച വീഡിയോ ദൃശ്യങ്ങള്‍ സ്ഥാപിത താല്‍പര്യമുള്ള ഒരു ചാനല്‍ സംപ്രേഷണം ചെയ്തപ്പോഴാണ് ഡല്‍ഹി പോലിസ് ഇറങ്ങിപ്പുറപ്പെടുന്നത്. ലശ്കര്‍ ബന്ധത്തെ പറ്റി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ നുണ പ്രചാരണം കൂടിയായപ്പോള്‍ പ്രശ്‌നം രൂക്ഷമാവുകയും ചെയ്തു. സര്‍വകലാശാലകള്‍ എബിവിപിക്ക് ഏല്‍പിച്ചു കൊടുക്കാനുള്ള ദീര്‍ഘകാല അജണ്ടയുടെ ഭാഗമായിരുന്നു ജെഎന്‍യുവിനെതിരേയുള്ള നടപടികള്‍ എന്നു വ്യക്തമായിരുന്നു. യൂനിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെതിരേ ഇടയ്ക്കിടെ നടക്കുന്ന ആക്രമണങ്ങളും കുമാറടക്കം 21 വിദ്യാര്‍ഥികള്‍ക്കു നേരെ സര്‍വകലാശാല മേധാവികള്‍ ഇപ്പോഴെടുത്ത അച്ചടക്ക നടപടിയും കേന്ദ്ര ഭരണകൂടം ഇതില്‍ കാണിക്കുന്ന അത്യുല്‍സാഹത്തിന്റെ സൂചനകള്‍ തന്നെ. അതിനെതിരായി രാജ്യത്തെ കാംപസുകളില്‍ അമര്‍ഷം വളര്‍ന്നുവരുന്നുണ്ടു താനും.
ഉമറിനെയും അനിര്‍ബനിനെയും പ്രഫ. ഗീലാനിയെയും ജയിലില്‍ ഇടുന്നതിനു പറയാന്‍ പറ്റുന്ന ഒരു ന്യായവുമില്ല എന്നു വ്യക്തമാണ്. കേന്ദ്രഭരണകൂടം പ്രതികാര നടപടികള്‍ അവസാനിപ്പിച്ചു വിദ്യാര്‍ഥികളെയും പ്രഫ. ഗീലാനിയെയും മോചിപ്പിക്കാന്‍ അടിയന്തര നടപടികളെടുക്കാന്‍ അമാന്തം കാണിക്കരുത്. രാജ്യദ്രോഹ നിയമം പുനപ്പരിശോധിക്കുന്നതിനു മുമ്പുതന്നെ വേണ്ടതാണത്.
Next Story

RELATED STORIES

Share it