kozhikode local

വിദ്യാര്‍ഥികളുടെ വിടവാങ്ങല്‍ ചടങ്ങ് അക്രമത്തില്‍ കലാശിച്ചു

വടകര: പ്ലസ് ടു പരീക്ഷ കഴിഞ്ഞ ആഹ്ലാദം പങ്കിടാന്‍ വടകര മേഖലയിലെ വിവിധ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ പലയിടങ്ങളിലും സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസിന്റെ കര്‍ശന നിയന്ത്രണം കാരണം പലയിടങ്ങളിലും അക്രമം നിയന്ത്രിക്കാനായി.
പ്ലസ് ടു, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ പരീക്ഷ അവസാനിക്കുന്ന ദിവസം കുഴപ്പമുണ്ടാകുമെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് വടകര ബിഇഎം, പുതിയാപ്പ് സംസ്‌കൃതം, പുത്തൂര്‍ ഹയര്‍ സെക്കണ്ടറി, മേമുണ്ട ഹൈസ്‌കൂള്‍, മേമുണ്ട അന്‍സാര്‍ കോളേജ്, ചോറോട് ഗവ. ഹയര്‍ സെക്കണ്ടറി, ആയഞ്ചേരി റഹ്മാനിയ, മടപ്പള്ളി ഗവ:ഹയര്‍ സെക്കണ്ടറി എന്നിവിടങ്ങളില്‍ പൊലീസ് പിക്കറ്റിങ്ങും ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ ബാന്‍ഡ് മേളങ്ങളടക്കം മുന്‍കൂട്ടി ഏര്‍പ്പാടാക്കിയാണ് പലയിടങ്ങളിലും ആഘോഷം കൊഴുപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറെടുത്തത്.  പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ ചായം പൂശി പരസ്പരം കലഹിക്കുന്ന അവസ്ഥയാണുണ്ടായത്. ആണ്‍ കുട്ടികളും, പെണ്‍കുട്ടികളും വാശിയോടെയാണ് ആഘോഷത്തിന് തയ്യാറെടുത്തത്. ഇതിനു ശേഷം പുസ്തകങ്ങളും, യൂണിഫോമുകളും നശിപ്പിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. ഇതേ തുടര്‍ന്ന് പൊലീസിന് പലയിടങ്ങളിലും വിദ്യാര്‍ത്ഥികളെ വിരട്ടി ഓടിക്കേണ്ടതായി വന്നു.
പലയിടങ്ങളില്‍ നിന്നും മദ്യകുപ്പികളും, ബാന്‍ഡ് സെറ്റും, പടക്കങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രാകൃത രീതിയിലുള്ള അതിരു കവിഞ്ഞ ആഘോഷ പരിപാടികള്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കെതിരെയും രക്ഷിതാക്കള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
Next Story

RELATED STORIES

Share it