വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മുടങ്ങി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്നലെ വിവിധ സേവനങ്ങള്‍ക്കുള്ള ഓ ണ്‍ലൈന്‍ രജിസ്‌ട്രേഷനും ഇപേമെന്റും മുടങ്ങി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തകരാറായതു കാരണം പരീക്ഷാ രജിസ്‌ട്രേഷനുവേണ്ടി ഇപേമെന്റ് വഴി ഫീസടച്ച വിദ്യാര്‍ഥികള്‍ ആശങ്കയോടെ സര്‍വകലാശാലയിലെത്തി.
വെബ്‌സൈറ്റ് തകരാറായതാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മുടങ്ങാനിടയാക്കിയത്. ബിരുദ, ബിരുദാനന്തര പരീക്ഷകളാണ് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ വിദ്യാര്‍ഥികള്‍ വലഞ്ഞത്. നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ 150 രൂപ ഫൈനോടു കൂടിയുള്ള അവസാന തിയ്യതി 3നാണ്. 29, 30 അവധിയായതും കൂടുതല്‍ ബുദ്ധിമുട്ടിലാക്കി. ഇന്ന് കൂടി അവധി വരുന്നതിനാല്‍ 3ന് പിഴയോടു കൂടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയം അവസാനിക്കുന്നത് കണക്കിലെടുത്താണ് ഇന്നലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ സര്‍വകലാശാലയിലെത്തിയത്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു മുമ്പ് ഇപേമെന്റ് വഴി ചലാന്‍ അടച്ച വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങാനുള്ള ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) നമ്പര്‍ കിട്ടാത്തതാണ് വിദ്യാര്‍ഥികളെ വലച്ചത്. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇത്തരം പരാതിയുമായി ഇന്നലെ സര്‍വകലാശാലയിലെത്തിയത്. 4ന് അവസാനിക്കുന്ന നാലാം സെമസ്റ്റര്‍ പിജി പരീക്ഷകളുടെയും സ്ഥിതി ഇതു തന്നെയായിരുന്നു. എന്നാല്‍, വെബ്‌സൈറ്റ് തകരാര്‍ ഇന്നലെ പരിഹരിക്കാനാവാത്തതിനാല്‍ വിവിധ പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയം നീട്ടി നല്‍കിയിരിക്കുകയാണ്.
ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനായി ഓണ്‍ലൈനില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ഥികളും ഇന്നലെ വെബ്‌സൈറ്റ് തകരാറ് കാരണം കുടുങ്ങി. ബിരുദ സര്‍ട്ടിഫിക്കറ്റിന് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കും മുമ്പ് ഇപേമെന്റ് വഴി ചലാന്‍ അടയ്ക്കാന്‍ സാധിക്കാത്തതാണ് അപേക്ഷകരെ കുഴക്കിയത്.
Next Story

RELATED STORIES

Share it