വിദ്യാരംഗത്തെ ഈജിയന്‍ തൊഴുത്ത്



ആര്‍ നന്ദകുമാര്‍

വിദ്യാഭ്യാസരംഗത്തിനു സര്‍ക്കാര്‍ ശക്തമായ ഊന്നല്‍ നല്‍കുന്നുവെന്നത് വ്യക്തവും ശുഭോദര്‍ക്കവുമായ കാര്യം തന്നെയാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മണ്ഡലം ഈജിയന്‍ തൊഴുത്താണ്. ആകെ അലങ്കോലമായിക്കിടന്ന വിദ്യാഭ്യാസരംഗത്തെ ഫലപ്രദമായി വൃത്തിയാക്കാനുള്ള ലക്ഷ്യബോധം പ്രവര്‍ത്തനങ്ങളിലുണ്ട്. അതുതന്നെയാണ് ആദ്യം വേണ്ടതും. കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വകുപ്പായി എല്ലാവരും കാണുന്നത് ആഭ്യന്തരം എന്ന പോലിസ് വകുപ്പിനെയാണ്. ആ വകുപ്പു ഭരിക്കുന്ന മന്ത്രി ഇന്ദ്രപദവി കൈവരിച്ച ആളാണെന്ന മിഥ്യാധാരണ രാഷ്ട്രീയക്കാര്‍ക്കും ജനങ്ങള്‍ക്കുമുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം- ഇവയാണു ശരിക്കും ശ്രദ്ധാകേന്ദ്രമാവേണ്ടവ. ഇവയില്‍ ആദ്യത്തെ രണ്ടു മേഖലകളിലും പിണറായി സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്തുതുടങ്ങിയെന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്. ആ കാര്യങ്ങളില്‍ എടുത്തുപറയേണ്ടത് മാതൃഭാഷയുടെ പഠനത്തിനും പോഷണത്തിനും വ്യാപനത്തിനും വേണ്ടി ആവിഷ്‌കരിച്ച നടപടികള്‍ തന്നെയാണ്. കേരളം എന്ന സംസ്ഥാനം ഉണ്ടാവുന്നതിനു തന്നെ കാരണമായ മലയാളമെന്ന മാതൃഭാഷയെ എക്കാലവും പടിക്കു പുറത്തുനിര്‍ത്താനാണ് നാം ശ്രമിച്ചത്. മാതൃഭാഷയാണ് ഒരു ജനസമൂഹത്തിന്റെ ചരിത്രാനുഭവത്തിന്റെയും ആത്മാവബോധത്തിന്റെയും സംസ്‌കാരത്തിന്റെയും  നാള്‍വഴി രേഖ. ജാതി, മതം, വര്‍ഗം, വര്‍ണം, സമ്പത്ത് എന്നിങ്ങനെയുള്ള എല്ലാ സാമൂഹികഭേദങ്ങള്‍ക്കും അതീതമായി മനുഷ്യരെ ഒന്നായി ബന്ധിപ്പിക്കുന്ന ഏകഘടകം മാതൃഭാഷയാണ്. അതുതന്നെയാണ് മാതൃഭാഷാ സംരക്ഷണവും പോഷണവും മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസവും രാജ്യങ്ങള്‍ രാഷ്ട്രീയവും സാംസ്‌കാരികവുമായ ദൗത്യമായി നിര്‍വഹിക്കാന്‍ കാരണവും. ഭരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മാധ്യമമായി ഉപയോഗിക്കാന്‍ കഴിയുന്ന ഭാഷകളെന്ന നിലയില്‍ മലയാളം അടക്കമുള്ള ഭാഷകളെ ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. മഹത്തായ ഒരു രാഷ്ട്രത്തിന്റെ സൃഷ്ടിക്കായി വിഭാവന ചെയ്ത ആശയങ്ങള്‍ ഏറ്റവുമധികം തകിടംമറിച്ചത് കേരളീയരാണ്. വിദ്യാഭ്യാസത്തില്‍ നിന്നും ഭരണത്തില്‍ നിന്നും കോടതിയില്‍ നിന്നുമൊക്കെ നമ്മുടെ മാതൃഭാഷയും ജനഭാഷയുമായ മലയാളത്തെ അകറ്റി. പഠനത്തിലും ഭരണത്തിലും നിയമത്തിലും സമസ്ത ജീവിതമേഖലകളിലും ശ്രേഷ്ഠതരമായി മാതൃഭാഷയെ ഉപയോഗക്ഷമമാക്കുമ്പോഴാണ് മാറിക്കൊണ്ടിരിക്കുന്ന സാമൂഹികാവസ്ഥകളിലൂടെയും സംസ്‌കൃതിക്കു നൈരന്തര്യമുണ്ടാവുന്നത്. പണ്ട് ഭാഷയുടെ മാനവീകൃത വ്യാപനം സ്വാഭാവികമായി സംഭവിച്ച പ്രക്രിയയായിരുന്നു. ഭാഷകള്‍ സ്വാഭാവികമായി വികസിക്കുന്ന ഘട്ടത്തില്‍ ആ പ്രക്രിയക്കു കാലദൈര്‍ഘ്യമേറും. ബോധപൂര്‍വവും ആസൂത്രിതവുമായ ഇടപെടലില്ല എന്നതുതന്നെയാണ് കാരണം. മാതൃഭാഷ മുരടിക്കുമ്പോള്‍ സംഭവിക്കുന്നത് ഭാഷാനഷ്ടമോ ഭാഷാമരണമോ മാത്രമല്ല, ഒരു ജനതയുടെയും ജീവിതവ്യവസ്ഥയുടെയും സംസ്‌കാരത്തിന്റെയും കൊഴിഞ്ഞുപോവലും കൂടിയാണ്. മാതൃഭാഷയില്‍ എഴുതാനും വായിക്കാനുമറിയാതെ ഏതു ബിരുദവും കരസ്ഥമാക്കാവുന്ന ലോകത്തെ അപൂര്‍വസ്ഥലമാണ് കേരളം. കേരളത്തില്‍ പൊതുവിദ്യാലയങ്ങളില്‍ മാതൃഭാഷയായ മലയാളം അവഗണിക്കപ്പെടുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ പലതിലും മലയാളം പഠിപ്പിക്കുന്നില്ല. ഓറിയന്റല്‍ സ്‌കൂളുകളില്‍ മലയാളത്തിനു സ്ഥാനമില്ല. മാതൃഭാഷ എഴുതാനും വായിക്കാനും അറിയാത്തവരാണ് സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ പലരും. ഇന്റര്‍നാഷനല്‍ സ്‌കൂളുകളെന്ന് അറിയപ്പെടുന്ന ഐസിഎസ്ഇ വിദ്യാലയങ്ങള്‍ തുടങ്ങിയത് ബ്രിട്ടിഷ് ഭരണകാലത്ത് ബ്രിട്ടനിലേക്കു മടങ്ങിപ്പോവേണ്ട വെള്ളക്കാരുടെ കുട്ടികള്‍ക്ക് ഇവിടെ പഠിക്കാനാണ്. സിബിഎസ്ഇ ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങള്‍ തുടങ്ങിയതാവട്ടെ, ഇന്ത്യയിലാകെ സ്ഥലംമാറ്റം കിട്ടുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികളെ സഹായിക്കാനാണ്. എന്നാല്‍ ഇതൊന്നും അറിയാതെയാണ് കേരളത്തില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ കച്ചവടതാല്‍പര്യത്തിന്റെ പേരില്‍ പൊട്ടിമുളച്ചത്. മതജാതി സംഘടനകള്‍ നടത്തുന്നതും ജാതി, മതപരമായ അന്തരീക്ഷം നിലനില്‍ക്കുന്നതുമായ ഈ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മതേതര വിദ്യാഭ്യാസമൂല്യങ്ങള്‍ നല്‍കാനാവില്ലതന്നെ. ഒന്നാം ക്ലാസ് മുതല്‍ സിബിഎസ്ഇ അല്ലെങ്കില്‍ ഐസിഎസ്ഇ എന്നു പരസ്യം ചെയ്താണ് സ്വകാര്യ സ്‌കൂളുകള്‍ രക്ഷകര്‍ത്താക്കളെ ആകര്‍ഷിക്കുന്നത്. ഇവര്‍ നടത്തുന്നത് സ്‌കൂളുകളല്ല, കോടികളുടെ കച്ചവടസ്ഥാപനങ്ങളത്രേ. ഈ സ്‌കൂളുകളില്‍ തങ്ങളുടെ കുട്ടികളെ ചേര്‍ക്കാന്‍ വട്ടിപ്പലിശയ്ക്കു പണം കടമെടുത്തു പരക്കംപായുന്ന കേരളീയര്‍ ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്. സിബിഎസ്ഇ എന്നാല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ എന്നും ഐസിഎസ്ഇ എന്നാല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ എന്നുമാണ്. അതായത്, എട്ടാംക്ലാസിനു ശേഷമേ ഈ വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുമുള്ളൂ. അതുവരെയുള്ള ക്ലാസുകളില്‍ ഇപ്പോള്‍ നല്‍കപ്പെടുന്ന പാഠ്യപദ്ധതിയോ പാഠപുസ്തകങ്ങളോ ഒരു തലത്തിലും പരിശോധിക്കപ്പെടുന്നില്ല. ഇത്തരം സ്‌കൂളുകളുടെ കണ്‍സോര്‍ഷ്യമാണ് മലയാളം പഠിപ്പിക്കുന്നതിനെതിരേ പരസ്യമായി രംഗത്തുവന്നിട്ടുള്ളത് എന്നുകൂടി അറിയുമ്പോഴാണ് വിദ്യാഭ്യാസം ജനാധിപത്യപരവും മതനിരപേക്ഷവുമാവുന്നതില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കുള്ള എതിര്‍പ്പിന്റെ രഹസ്യം വെളിവാകുന്നത്.മലയാള മാധ്യമത്തില്‍ പഠിക്കുന്ന കുട്ടികളുടെ മനസ്സിലേക്ക് തട്ടുംതടവുമില്ലാതെ അറിവ് കടന്നുകയറുമ്പോള്‍ ഇതരമാധ്യമത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആശയത്തിന്റെ സ്വാംശീകരണം പൂര്‍ണമായ അര്‍ഥത്തില്‍ നടക്കില്ല. മാധ്യമം ഇംഗ്ലീഷ് ആയതുകൊണ്ട് കുട്ടികളുടെ പഠനനിലവാരമോ ജ്ഞാനനിലവാരമോ കൂടുന്നില്ല. മറിച്ച്, മാതൃഭാഷാ മാധ്യമത്തില്‍ എല്ലാ വിഷയങ്ങളും നല്ലവണ്ണം പഠിക്കുന്ന കുട്ടികളിലാണ് ധൈഷണികതയും സര്‍ഗാത്മകതയും ഏറിനില്‍ക്കുന്നത്. അന്യഭാഷാ മാധ്യമത്തിലുള്ള പഠനം എല്ലാ വിദ്യാഭ്യാസതത്ത്വങ്ങള്‍ക്കും എതിരാണ്. തനിക്കറിയാത്ത ഭാഷയിലെ വിദ്യാഭ്യാസം ഒരിക്കലും വിദ്യാര്‍ഥികേന്ദ്രിതമാവില്ല. കുട്ടിക്ക് ക്ലാസില്‍ എഴുന്നേറ്റുനിന്ന് സംശയം ചോദിക്കാനാവില്ല; ക്ലാസുകളില്‍ ചര്‍ച്ച നടക്കില്ല. മനസ്സില്‍ തട്ടാതെ മനപ്പാഠം പഠിക്കുന്ന വിദ്യാര്‍ഥി, വിഷയം മനസ്സിലാക്കുന്നതേയില്ല. ഇംഗ്ലീഷ് എന്ന ഒരു ഭാഷ പഠിക്കാന്‍ വേണ്ടി മറ്റെല്ലാ വിഷയങ്ങളും മനസ്സില്‍ തട്ടാതെ പഠിക്കുകയാണ് കുട്ടികള്‍. അവിടെ കുട്ടിയുടെ അവബോധത്തിലേക്ക് ഒരു വിഷയവും ഇറങ്ങിച്ചെല്ലുന്നില്ല; മൗലികമായ ചിന്തയുണ്ടാവുന്നില്ല. കൃത്രിമലോകമാണ് അവിടെ ക്ലാസ് മുറി. ഇംഗ്ലീഷ് പഠിക്കേണ്ട എന്നോ പഠിപ്പിക്കേണ്ട എന്നോ ഇവിടെയാരും പറയുന്നില്ല. വീട്ടിലെ മുറിയിലിരുന്ന് വിശാലമായ ആകാശത്തെ നോക്കാന്‍ കഴിയുന്നത് ജനാലയുള്ളതുകൊണ്ടാണ്. ആ ജനാല എടുത്തുമാറ്റി ചുവര്‍ കെട്ടിയടച്ചാലോ? ഇതരഭാഷകളിലെ വിജ്ഞാനത്തിന്റെ ആകാശത്തേക്കു നോക്കാന്‍ ലോകത്തെ ഏതൊരു കുഞ്ഞിനെയും സഹായിക്കുന്നത് മാതൃഭാഷയെന്ന ജാലകമാണ്. ആരാണ് കേരളത്തില്‍ മലയാളത്തെ ഭയക്കുന്നത്? ആരാണ് കേരളത്തില്‍ മലയാളത്തിന്റെ ശത്രു? തമിഴോ കന്നഡയോ മറ്റു ന്യൂനപക്ഷ ഭാഷകളോ അല്ല. കേരളത്തിലെ ന്യൂനപക്ഷ ഭാഷകളുടെ ശത്രു മലയാളവുമല്ല. കേരളത്തിലെ എല്ലാ മാതൃഭാഷകളുടെയും ശത്രു ഒരു പഠനവിഷയമെന്ന നിലയിലുള്ള ഇംഗ്ലീഷുമല്ല. ഇംഗ്ലീഷ് പഠനമാധ്യമമാക്കുന്ന ലോബികളും അവരെ സഹായിക്കുന്ന സര്‍ക്കാര്‍ നയങ്ങളും അതിനെ പിന്തുണയ്ക്കുന്ന പൊതുബോധവുമാണ് മലയാളത്തിന്റെ ശത്രു. ഇവരുടെ പ്രതിനിധികള്‍ യഥാര്‍ഥത്തില്‍ മലയാളത്തെ പേടിക്കുക കൂടി ചെയ്യുന്നുണ്ട്. കാരണം, കേരളത്തില്‍ ജനാധിപത്യത്തിന്റെ ആധാരശില മലയാളമാണ്. മതേതരത്വത്തിന്റെ മുദ്ര മലയാളമാണ്. അവസരതുല്യതയുടെയും വിദ്യാഭ്യാസ സമത്ത്വത്തിന്റെയും രീതിമാധ്യമം മലയാളമാണ്. മലയാളത്തിന്റെ ശക്തി നല്ലവണ്ണം അറിയാമിവര്‍ക്ക്. കേരളത്തിന്റെ സാമ്പത്തിക വികസനത്തിലേക്കുള്ള വഴി മാതൃഭാഷാ വിദ്യാഭ്യാസത്തിലൂടെയും തൊഴില്‍രംഗത്തും ഉല്‍പാദനരംഗത്തും മാതൃഭാഷയെ മുന്നോട്ടുവയ്ക്കുന്നതിലൂടെയുമാണെന്ന് ഇവര്‍ക്കു നന്നായറിയാം. കേരളമാതൃക എന്നറിയപ്പെടുന്ന വികസനമാതൃക രൂപപ്പെട്ടത് മലയാളം പഠനമാധ്യമമായിരുന്ന കാലഘട്ടത്തിലാണ്. എന്നാല്‍ ഇന്നു കേരളം ഒരു ഉല്‍പാദകസംസ്ഥാനമല്ല. വെറും ഉപഭോക്തൃ സംസ്ഥാനമാണ്. മറ്റുള്ളവര്‍ ഉല്‍പാദിപ്പിക്കുന്ന അറിവുകളുടെ കൂടി ഉപഭോക്താക്കള്‍ മാത്രമായി മാറിപ്പോയി നാം. നമ്മുടെ ഭാഷയെ പഠന-ഭരണ-നിയമതലങ്ങളില്‍നിന്ന് അകറ്റുന്നതിലൂടെ നാം വൈവിധ്യമാര്‍ന്ന തനതുസംസ്‌കാരത്തിന്റെയും മൂല്യങ്ങളുടെയും വേരറുത്തുമാറ്റുകയാണ്. മിഥ്യാസങ്കല്‍പങ്ങളുടെ കെട്ടുകാഴ്ചകള്‍ ഒരുക്കിക്കൊണ്ടാണ് ഈ ക്രൂരത വരുംതലമുറകളോട് നാം ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ കേരളീയര്‍ ഈ സത്യങ്ങള്‍ അറിയാന്‍ മെനക്കെട്ടില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ ഭാഷയെ ജനതയുടെ വികാരമായിക്കൂടി തിരിച്ചറിഞ്ഞ് സാമൂഹിക സ്വത്വത്തിന്റെ തുടര്‍ച്ച നയരൂപീകരണത്തിലൂടെയും ഏകോപിത പ്രവര്‍ത്തനത്തിലൂടെയും ഉറപ്പാക്കി. 2006ലെ തമിഴ്‌നാടിന്റെ പഠനനിയമവും 2009ലെ പഞ്ചാബിന്റെ ഭാഷാനിയമവുമെല്ലാം സ്വന്തം നാടിന്റെ വികസനത്തിന് മാതൃഭാഷാ വികസനം കൂടി ആവശ്യമാണെന്നു കണ്ട് ഇച്ഛാശക്തിയോടെ നടത്തിയ നയരൂപീകരണ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ഇന്നു ഭാഷ വികസിക്കണമെങ്കില്‍ വ്യക്തമായ നയരൂപീകരണത്തിന്റെ ആവശ്യമുണ്ട്. അറിവിനെ പ്രയോഗപദ്ധതിയില്‍ കൊണ്ടുവരുകയാവണം ലക്ഷ്യം. മറ്റു ഭാഷകളും വിജ്ഞാനങ്ങളും പഠിക്കാന്‍ കുട്ടികളെ സഹായിക്കുന്നതും മാതൃഭാഷയിലുള്ള നൈപുണിയാണ് എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. കേരളസംസ്ഥാനത്തില്‍, മാതൃഭാഷയുടെ പഠനത്തിലെയും ഭരണ-നിയമ തലങ്ങളിലെ അര്‍ഥപൂര്‍ണമായ അതിന്റെ ഉപയോഗത്തിലെയും സമഗ്രത, സാര്‍വത്രികത, തുല്യത എന്നിവ ഫലപ്രദമായി ഉറപ്പുവരുത്തേണ്ടതുണ്ട്. ജനാധിപത്യപരവും വികസനപരവും മതനിരപേക്ഷവുമായ വിദ്യാഭ്യാസമാണ് ലക്ഷ്യമിടുന്നത് എന്ന് തങ്ങളുടെ പ്രകടനപത്രികയില്‍ ഇടതുമുന്നണി വെളിവാക്കിയിരുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. പ്രകടന പത്രികയില്‍ ധാരാളം മോഹനവാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുകയും അധികാരമേറിക്കഴിഞ്ഞ് അവ വിസ്മരിക്കുകയും ചെയ്യുന്നതാണ് നാം കണ്ടുപോരുന്നത്. അതില്‍നിന്നു വ്യത്യസ്തമായി പിണറായി സര്‍ക്കാര്‍ തിരഞ്ഞെടുപ്പു പ്രകടനപത്രികയെ നടപ്പാക്കേണ്ടുന്ന ലക്ഷ്യമായി കാണുന്നത് അഭിനന്ദനീയമാണ്. വിദ്യാഭ്യാസരംഗത്തെ അതിനുള്ള ആദ്യ ചുവടുവയ്പുകളിലൊന്നാണ് പാഠ്യപദ്ധതിഭേദമെന്യേ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിതമാക്കിക്കൊണ്ട് ഇറക്കിയ ഓര്‍ഡിനന്‍സും തുടര്‍ന്നു നടന്നുകൊണ്ടിരിക്കുന്ന നിയമനിര്‍മാണ പ്രവര്‍ത്തനവും. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ നല്ല വഴിയിലൂടെ നയിക്കാനുള്ള നിശ്ചയദാര്‍ഢ്യം ഈ തീരുമാനത്തിലുണ്ട്. കേരളത്തിലെ സാംസ്‌കാരികരംഗവും സാധാരണക്കാരായ ജനങ്ങളും ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണ് കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതൃഭാഷ നിര്‍ബന്ധിതമാക്കിക്കൊണ്ടുള്ള നടപടി. ഇത് പ്ലസ്ടുതലം വരെ വേണ്ടതായിരുന്നു. പല്ലും ചൊല്ലും ഉറയ്ക്കാത്ത കൊച്ചുകുഞ്ഞുങ്ങളെ മാതൃഭാഷയല്ലാതെ മറ്റൊരു ഭാഷ പഠിപ്പിച്ചു തുടങ്ങുന്നത് ഒട്ടും ശരിയല്ല. അത്തരം അധ്യാപനം കുറ്റകരമായി പ്രഖ്യാപിക്കണം. പ്രീ സ്‌കൂളുകള്‍ എന്ന ഞാറ്റടിവിദ്യാലയങ്ങളില്‍ കുഞ്ഞുങ്ങളുടെ മാതൃഭാഷ മാത്രമേ പാടുള്ളൂ എന്നുകൂടി വ്യവസ്ഥ ചെയ്യണം.മലയാളം പറഞ്ഞാല്‍ കുഞ്ഞുങ്ങളെ ശിക്ഷിക്കുന്ന സ്‌കൂളുകളുടെ നടപടി കുറ്റകൃത്യമായി പ്രഖ്യാപിച്ചതു നന്നായി. എങ്കിലും അത്തരം സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ തുലോം കുറഞ്ഞുപോയി. മാത്രമല്ല, അത്തരം നടപടി ഒരു സ്‌കൂളില്‍ ഉണ്ടാവുന്ന ആദ്യാവസരത്തില്‍ തന്നെ അതിന്റെ അംഗീകാരം റദ്ദാക്കണം. കുറ്റം ആദ്യതവണ ചെയ്യുമ്പോഴും ഗൗരവതരം തന്നെ. ആദിവാസിഭാഷകളുടെയും ന്യൂനപക്ഷഭാഷകളുടെയും കാര്യത്തില്‍ പരമാവധി ഉപയോഗം എന്ന നിലപാട് സ്വീകരിക്കേണ്ടതാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന് കഴിയുന്നിടത്തോളം ആദിവാസികളുടെ ഭാഷ തന്നെ മാധ്യമമായി ഉപയോഗിക്കുക, ഒരു വിഷയമായി പ്രാഥമികതലത്തിലെങ്കിലും അവരുടെ ഭാഷ പഠിക്കാന്‍ ആദിവാസികള്‍ക്ക് അവസരമുണ്ടാക്കുക എന്നീ നയങ്ങള്‍ സ്വീകരിക്കേണ്ടതാണ്. അതുപോലെ തമിഴ്, കന്നഡ എന്നീ ന്യൂനപക്ഷഭാഷകള്‍ക്കു പഠനമാധ്യമമെന്ന നിലയിലും പാഠ്യവിഷയമെന്ന നിലയിലുമുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇതര ന്യൂനപക്ഷഭാഷകളെയും വിദ്യാഭ്യാസ മേഖലയില്‍ പരമാവധി പ്രോല്‍സാഹിപ്പിക്കുന്ന സമീപനം സ്വീകരിക്കണം. നിയമം പാസാക്കിയതുകൊണ്ടു മാത്രം കാര്യമില്ല. ശക്തമായ ചട്ടങ്ങളും വ്യവസ്ഥകളും കൂടി ഉണ്ടാവണം. നല്ല നിയമങ്ങള്‍ പാസാക്കിയിട്ട് ദുര്‍ബലമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് ചട്ടങ്ങളുണ്ടാക്കുന്നത് സെക്രട്ടേറിയറ്റ് തലത്തിലെ കള്ളച്ചുരിക നിര്‍മാണമാണ്; ഇരുമ്പാണിക്കു പകരം മുളയാണി വച്ചു വിളക്കുന്ന പരിപാടി. അതുണ്ടാവാതെ നോക്കേണ്ട ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ട്. നിയമം ഫലപ്രദമായി നടപ്പാവണമെങ്കില്‍ ശക്തമായ നിരീക്ഷണ സംവിധാനം കൂടി വേണ്ടതുണ്ട്. അതു വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയാണ്.         (ഐക്യമലയാള പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗം, സംസ്ഥാന സമിതിയംഗം ആണ് ലേഖകന്‍.)
Next Story

RELATED STORIES

Share it