വിദ്യാരംഗം കലാസാഹിത്യവേദി ഹയര്‍സെക്കന്‍ഡറിയിലേക്ക് വ്യാപിപ്പിക്കും

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ക്കൂടി വിദ്യാരംഗം കലാസാഹിത്യവേദി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഹയര്‍സെക്കന്‍ഡറി ഡയറക്ടറും സാഹിത്യകാരനുമായ കെ വി മോഹന്‍കുമാറിന്റെ നേതൃത്വത്തിലാണ് സര്‍ഗാത്മക വികസനം നടപ്പാക്കുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനു പ്രത്യേകമായി കലാസാഹിത്യ പോഷണത്തിന് അവസരമില്ലാത്തത് സാംസ്‌കാരിക-വൈജ്ഞാനിക രംഗത്ത് അപചയത്തിനു കാരണമാവുന്നുവെന്നു വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് കലാസാഹിത്യ രംഗം പരിപോഷിപ്പിക്കുന്നതിനു പ്രത്യേക പദ്ധതി പ്രഖ്യാപിക്കുകയും വിദ്യാഭ്യാസ വകുപ്പ് പ്രസദ്ധീകരിച്ചുവരുന്ന 'വിദ്യാരംഗത്തിന്റെ' മാതൃകയില്‍ കലാശാസ്ത്ര മാസിക പ്രസിദ്ധപ്പെടുത്തുന്നതിനു സാധ്യതാ പഠനം നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
നിലവില്‍ ഹൈസ്‌കൂളുകളില്‍ നടത്തിവരുന്ന കലാസാഹിത്യ പ്രവര്‍ത്തനത്തേക്കാള്‍ ഉയര്‍ന്ന തലത്തിലാവും ഹയര്‍സെക്കന്‍ഡറിയിലെ പ്രവര്‍ത്തനം. രചനാ പരിശീലനം, പുസ്തക പ്രസിദ്ധീകരണം, ശില്‍പ്പശാലകള്‍ തുടങ്ങിയവയ്ക്കു മുന്‍തൂക്കം നല്‍കും. മാസിക പ്രസിദ്ധീകരിക്കുന്നതിന്റെ സാധ്യത സംബന്ധിച്ചു പഠനം നടത്താന്‍ ഒരു വിദ്യാഭ്യാസ ഓഫിസറെ നിയമിച്ചിട്ടുണ്ട്. റിപോര്‍ട്ട് ലഭ്യമാവുന്നതനുസരിച്ച് ഈ അധ്യയന വര്‍ഷം തന്നെ മാസിക പ്രസിദ്ധപ്പെടുത്തി തുടങ്ങും.
സാഹിത്യ വിഷയത്തിനു പുറമേ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സാമൂഹിക-ധാര്‍മിക വിഷയങ്ങളിലും അവബോധം നല്‍കുന്നതിന് ഉപകരിക്കുന്ന പ്രസിദ്ധീകരണമാണ് വേണ്ടതെന്നു സാധ്യതാപഠനം സംബന്ധിച്ച ഉത്തരവില്‍ പറയുന്നു. ഒരു മാസത്തിനുള്ളില്‍ റിപോര്‍ട്ട് ലഭ്യമാവും. പാഠ്യേതര കഴിവുകള്‍ വികസിപ്പിക്കാനായി അനുവദിച്ചിട്ടുള്ള ഏഴുകോടി രൂപയില്‍ നിന്നാണ് കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനത്തിനു പണം ചെലവിടുന്നത്.
Next Story

RELATED STORIES

Share it