വിദ്യാഭ്യാസ സംഗമത്തിന്റെ അജണ്ട വാണിജ്യവല്‍ക്കരണം: സിപിഎം

തിരുവനന്തപുരം: ആഗോള വിദ്യാഭ്യാസ സംഗമത്തിന്റെ അജണ്ട സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് നാം കൈവരിച്ച നേട്ടങ്ങള്‍ തകര്‍ക്കുന്നതും വാണിജ്യവല്‍ക്കരണത്തിന് ഉതകുന്നതുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
അന്തര്‍ദേശീയ വിദ്യാഭ്യാസ സംരംഭകരുമായുള്ള സഹകരണത്തിലൂടെ പ്രത്യേക ഉന്നതവിദ്യാഭ്യാസ മേഖലകള്‍ രൂപീകരിക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യം. കച്ചവട താല്‍പര്യത്തോടെ വിദ്യാഭ്യാസനയങ്ങള്‍ നടപ്പാക്കപ്പെടുമ്പോള്‍ ഈ രംഗത്തെ മെറിറ്റും സാമൂഹികനീതിയും അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണ് ഉണ്ടാവുക. പണമുള്ളവര്‍ക്കു മാത്രം വിദ്യാഭ്യാസം നല്‍കുന്ന സംവിധാനത്തെ വ്യാപിപ്പിക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. തൊഴില്‍ നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് ലോകവ്യാപകമായി ആരംഭിച്ചിട്ടുള്ള കയറ്റുമതി-സംസ്‌കരണ മേഖലയുടെ രീതിയിലാണ് പുതിയ വിദ്യാഭ്യാസകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. വിദേശികള്‍ക്ക് അവരുടെ കാഴ്ചപ്പാടുകളും രീതികളും അടിച്ചേല്‍പ്പിക്കുന്നതിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണ് ഇതിലൂടെ രൂപപ്പെടുക. കേരളത്തില്‍ നിലനില്‍ക്കുന്ന സര്‍വകലാശാലകളേയും കോളജുകളേയും മികവിന്റെ കേന്ദ്രങ്ങളാക്കി വളര്‍ത്തിയെടുക്കുന്നതിനു പകരം അവയെ തകര്‍ക്കുന്ന ഇത്തരം നടപടികള്‍ യാതൊരു കാരണവശാലും അംഗീകരിക്കില്ല. വന്‍കിട കച്ചവടക്കാര്‍ക്ക് വിദ്യാഭ്യാസരംഗം തീറെഴുതാനുള്ള ഇത്തരം കുറുക്കുവഴികളെ തിരിച്ചറിയേണ്ടതുണ്ട്. വിദ്യാഭ്യാസരംഗത്തെ വാണിജ്യവല്‍ക്കരിക്കുന്നതിനും വരേണ്യവല്‍ക്കരിക്കുന്നതിനുമുള്ള നീക്കങ്ങളെ ചെറുത്തു തോല്‍പ്പിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും കോടിയേരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it