വിദ്യാഭ്യാസ വായ്പ: വീണ്ടും റിലയന്‍സ് ഇടപെടുന്നു

കൊച്ചി: ദേശസാല്‍കൃത ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കാന്‍ വീണ്ടും റിലയന്‍സ്. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് റിലയന്‍സ് അസെറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി (ആര്‍എആര്‍സി) കുടിശ്ശിക വരുത്തിയവര്‍ക്ക് നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണ്.
വിദ്യാഭ്യാസ വായ്പ എടുത്തവരുടെ വീടുകളില്‍ റിലയന്‍സിന്റെ നോട്ടീസുകള്‍ വ്യാപകമായി എത്തിയതായി പരാതിയുണ്ട്. 15 ദിവസത്തിനകം വായ്പയും പലിശയും അടച്ചുതീര്‍ക്കുന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായാണ് നോട്ടീസ് എത്തിയിരിക്കുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ ലോണ്‍ എടുത്തവര്‍ക്കാണ് റിലയന്‍സ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത ഇലഞ്ഞി സ്വദേശി അരുണ്‍കുമാറിന് കഴിഞ്ഞ മാസം 20ന് ലഭിച്ച നോട്ടീസില്‍ എസ്ബിടിയുടെ വായ്പാ കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള അവകാശം ജൂണ്‍ 27ന് ഒപ്പിട്ട കരാര്‍ പ്രകാരം റിലയന്‍സ് അസെറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ലഭിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.
14.5 ശതമാനം പലിശയടക്കം 1,57,970 രൂപ 15 ദിവസത്തിനകം അടയ്ക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 75,000 രൂപയാണ് അരുണ്‍കുമാര്‍ വിദ്യാഭ്യാസലോണായി എടുത്തത്. 40,000 രൂപ അടച്ചിരുന്നു. ജൂണ്‍ മാസം വായ്പ തിരിച്ചുപിടിക്കുന്നതിനായി റിലയന്‍സ് നടപടികള്‍ ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്ന് തുടര്‍നടപടികള്‍ മരവിപ്പിച്ചിരുന്നതാണ്. എന്നാല്‍, ഇത് മറികടന്നാണ് റിലയന്‍സ് വീണ്ടും നടപടികളുമായി മുന്നോട്ടുപോവുന്നത്.
Next Story

RELATED STORIES

Share it