Idukki local

വിദ്യാഭ്യാസ വായ്പ നല്‍കാമെന്നു പറഞ്ഞ് ബാങ്ക് വഞ്ചിച്ചു; വിദ്യാര്‍ഥിനിയുടെ പഠനം പാതിവഴിയില്‍

നെടുങ്കണ്ടം: വിദ്യാഭ്യാസ വായ്പ നല്‍കാമെന്ന് പറഞ്ഞ് ബാങ്ക് വഞ്ചിച്ചു. വിദ്യാര്‍ഥിനിയുടെ പഠനം പാതിവഴിയില്‍ നിലച്ചു. രാമക്കല്‍മേട് വെട്ടിക്കല്‍ രാജന്റെ മകള്‍ അഖിലയുടെ തുടര്‍പഠനമാണ് നെടുങ്കണ്ടം യൂണിയന്‍ ബാങ്ക് അധികൃതരുടെ നിലപാട് മൂലം നിലച്ചത്. വിദ്യാഭ്യാസ വായ്പ നല്‍കാമെന്ന ബാങ്കിന്റെ ഉറപ്പിന്‍മേല്‍ അഖില പിജി കോഴ്‌സിന് ചേര്‍ത്തല കെവിഎം കോളജില്‍ അഡ്മിഷന്‍ എടുക്കുകയായിരുന്നു. ഡിഗ്രി പഠനത്തിന് ശേഷം എംസിഎ കോഴ്‌സിന് ചേരാന്‍ ആഗ്രഹിച്ച അഖില വായ്പയ്ക്കായി എസ്ബിഐ തൂക്കുപാലം, കൂട്ടാര്‍ ശാഖകളെ സമീപിച്ചെങ്കിലും നെടുങ്കണ്ടം പഞ്ചായത്ത് തങ്ങളുടെ പരിധിയില്‍ അല്ല എന്ന കാരണം നിരത്തി ഇവരെ മടക്കി അയച്ചു. പിന്നീട് നെടുങ്കണ്ടം യൂണിയന്‍ ബാങ്കില്‍ എത്തി വായ്പയ്ക്ക് അപേക്ഷ നല്‍കുകയായിരുന്നു. മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട ഇവര്‍ക്ക് രണ്ടര ലക്ഷം രൂപ നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട്  ബാങ്ക് അധികൃതരുടെ ഭാവം മാറി. പലതവണയായി ബാങ്കില്‍ കയറിയിറങ്ങിയ മാതാപിതാക്കളോട് തുക കുറച്ച് നല്‍കാമെന്ന് അറിയിക്കുകയും ഏറ്റവും ഒടുവില്‍ വായ്പ നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തു. ഒടുവില്‍ വായ്പയുടെ ആവശ്യത്തിനായി ബാങ്കില്‍ കേറിയിറങ്ങുന്നതില്‍ രോക്ഷം പൂണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ തങ്ങളോട് പരുഷമായി പെരുമാറി അപമാനിച്ചിറക്കിവിടുകയുമായിരുന്നെന്നും അഖിലയുടെ മാതാപിതാക്കള്‍ പറഞ്ഞു. അഖില ആദ്യ സെമസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയാക്കിയിരിക്കുകയാണ്,രണ്ടാം സെമസ്റ്ററില്‍ ക്ലാസില്‍ എത്തണമെങ്കില്‍ ഫീസ് അടയ്ക്കണമെന്നാണ് കോളേജ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇത് കണ്ടെത്താനാകാതെ വിഷമിക്കുകയാണ് മാതാപിതാക്കള്‍. തന്റെ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വരുമോ എന്ന ഭയത്താലാണ് അഖില. 10 സെന്റ് സ്ഥലം മാത്രമുള്ള കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം രാജന്റെ ഡ്രൈവിംഗ് ജോലിയാണ്. ഇളയകുട്ടി പ്ലസ് ടു വിന് പഠിക്കുന്നു. ഈ വരുമാനത്തില്‍ നിന്ന് ജീവിത ചെലവുകളും വിദ്യാഭ്യാസ ചെലവുകളും കണ്ടെത്താനാകാതെ ബുദ്ധിമുട്ടുമ്പോഴാണ് ബാങ്കിന്റെ ക്രൂരത മൂലം മൂത്തകുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിയിരിക്കുന്നത്. ബാങ്കിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും രാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it