വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവാക്കി ഉയര്‍ത്തി വിജ്ഞാപനം

തിരുവനന്തപുരം: പോലിസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് ഘടനയില്‍ കാതലായ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയില്‍ നിന്ന് എച്ച്എസ്ഇ (പ്ലസ്ടു)യും അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 25ല്‍ നിന്ന് 26 ആക്കിയും ഉയര്‍ത്തി. പുരുഷ-വനിതാ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിലും ഇതു ബാധകമാണ്. ഉദ്യോഗാര്‍ഥികളുടെ ഉയരപരിധിയും പുതുക്കി. നേരത്തേ പുരുഷന്മാര്‍ക്ക് 167 സെ.മീ ഉണ്ടായിരുന്നത് 168 സെ.മീ ആക്കിയും വനിതകളുടേത്് 152 സെന്റിമീറ്ററില്‍ നിന്ന് 157 സെ.മീ ആക്കിയുമാണ് ഉയര്‍ത്തിയത്. പിഎസ്‌സിയുടെ അടുത്ത പോലിസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിലേക്കുള്ള നോട്ടിഫിക്കേഷന്‍ ഈ ഉത്തരവ് പ്രകാരമായിരിക്കും. 2011ലെ കേരള പോലിസ് ആക്ടിലെ പോലിസ് കോണ്‍സ്റ്റബിള്‍ നിയമം ഭേദഗതി ചെയ്താണ് റിക്രൂട്ട്‌മെന്റ് ഘടനയില്‍ മാറ്റം കൊണ്ടുവന്നത്. പോലിസ് റിക്രൂട്ട്‌മെന്റ് റൂള്‍സ് എന്നായിരിക്കും ഇപ്പോള്‍ കൊണ്ടുവന്ന നിയമ ഭേദഗതി അറിയപ്പെടുക. 2017 ഡിസംബര്‍ 31 വരെ 1388 പ്രതീക്ഷിത ഒഴിവുകളും ഇക്കാലയളവിലെ വിരമിക്കല്‍ വഴി ഉണ്ടാവുന്ന ഒഴിവുകളും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബറ്റാലിയന്‍ അടിസ്ഥാനത്തിലുള്ള പ്രതീക്ഷിത ഒഴിവുകള്‍ ഇപ്രകാരമാണ്: കെഎപി 1: 191, കെഎപി 2: 185, കെഎപി 3: 293, കെഎപി 4: 143, കെഎപി 5: 184, എംഎസ്പി: 191, എസ്എപി: 201. അടുത്തിടെ സംസ്ഥാനത്ത് രൂപീകരിച്ച പോലിസ് സ്റ്റേഷനുകളില്‍ ആവശ്യത്തിന് പോലിസുകാരെ നിയമിക്കാന്‍ കഴിയാത്തതിനാല്‍ മറ്റു സ്റ്റേഷനുകളില്‍ നിന്ന് വര്‍ക്ക് അറേഞ്ച്‌മെന്റിലാണ് ക്രമസമാധാനപാലനം നടത്തുന്നത്. അതേസമയം, സേനയിലെ ഒഴിവുകള്‍ യഥാസമയം റിപോര്‍ട്ട് ചെയ്യാതെ പോലിസ് വകുപ്പ് ഒളിച്ചുകളി നടത്തുന്നതായും ആക്ഷേപമുണ്ട്. കേരള പോലിസ് കോണ്‍സ്റ്റബിള്‍ തിരഞ്ഞെടുപ്പിനായി ഏഴ് ബറ്റാലിയന്‍ അടിസ്ഥാനത്തില്‍ 2016 ജൂണില്‍ നിലവില്‍ വന്ന പട്ടികയില്‍ നിന്ന് കുറഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്കു മാത്രമാണ് നിയമനം നല്‍കിയതെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. ഒഴിവുകളുണ്ടായിട്ടും അതു നികത്താതെ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയാവുന്ന മുറയ്ക്ക് രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് അവസരമൊരുക്കുന്നതായും ഇവര്‍ പറയുന്നു. നിലവില്‍ ഒരു വര്‍ഷമായി ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാതെ പോലിസ് ആസ്ഥാന കാര്യാലയം നടത്തുന്ന നീക്കം അഭ്യസ്തവിദ്യരും റാങ്കുപട്ടികയില്‍ ഉള്‍പ്പെട്ടവരുമായ യുവജനങ്ങളുടെ മോഹങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it