വിദ്യാഭ്യാസ മേഖലയില്‍ പുതിയ ഡയറക്ടറേറ്റ് രൂപീകരിക്കും; അന്തിമ റിപോര്‍ട്ട് ഉടന്‍

ടി എസ്  നിസാമുദ്ദീന്‍
ഇടുക്കി: സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റത്തിനു വഴിതുറന്ന് സ്‌കൂള്‍തലത്തില്‍ പുതിയ ഡയറക്ടറേറ്റ് രൂപീകരിക്കാന്‍ തീരുമാനം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുകയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2018 ജൂണ്‍ 1 മുതല്‍ പുതിയ ഘടന പ്രാബല്യത്തില്‍ വരുത്താനാണ് ഉദ്ദേശ്യം. മുന്‍ എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. എം എ ഖാദര്‍ അധ്യക്ഷനായ സമിതിയാണ് ഘടനാപരവും അക്കാദമികവുമായ ശുപാര്‍ശകള്‍ തയ്യാറാക്കിവരുന്നത്. ഇതിന്റെ അന്തിമ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ വിഭാഗങ്ങള്‍ ഏകീകരിച്ച് പുതിയ ഡയറക്ടറേറ്റ് രൂപീകരിക്കും. ഡിപിഐ എന്നതിനു പകരം ഡിഎസ്ഇ എന്നപേരില്‍ അറിയപ്പെടും (ഡയറക്ടറേറ്റ് ഓഫ് സ്‌കൂള്‍ എജ്യൂക്കേഷന്‍.). ഒരു ഡയറക്ടറും മൂന്നു ജോയിന്റ് ഡയറക്ടര്‍മാരുമുണ്ടാവും. ഇപ്പോഴുള്ള ആര്‍ഡിഡി ഓഫിസുകള്‍ തല്‍ക്കാലം നിലനിര്‍ത്തും. ഡിപിഐ, ഹയര്‍ സെക്കന്‍ഡറി ജീവനക്കാര്‍ക്ക് 2:1 അനുപാതത്തില്‍ പ്രമോഷന്‍ നല്‍കും.                  ഡെപ്യൂട്ടേഷന്‍ ജീവനക്കാരെയെല്ലാം തിരിച്ചുവിടും. 1 മുതല്‍ 5 വരെയും 6 മുതല്‍ 8 വരെയും 9 മുതല്‍ 12 വരെയും മൂന്നു വിഭാഗങ്ങളായി തിരിക്കും. അധികം വരുന്ന അധ്യാപകരെ പഞ്ചായത്ത് എജ്യൂക്കേഷനല്‍ വിഭാഗത്തില്‍ നിയമിക്കും.
ജൂനിയര്‍, സീനിയര്‍ തസ്തിക ഏകീകരിക്കും. അവര്‍ക്ക് 36,600-79,200 സ്‌കെയിലിനു തത്തുല്യമായ സ്‌കെയിലില്‍ അടുത്ത ശമ്പള പരിഷ്‌കരണത്തില്‍ കുറച്ച് ഏകീകരിക്കും. ഹെഡ് മാസ്റ്റര്‍ സ്‌കെയില്‍ എച്ച്എസ്എസ്ടി സ്‌കെയിലിനു മുകളിലാക്കും. എച്ച്എമ്മിന് 39,500-83,000 സ്‌കെയിലിനു തത്തുല്യ സ്‌കെയില്‍ നല്‍കും. പിജി ഇല്ലാത്ത എച്ച്എസ്ടി (എച്ച്എസ്എ)ക്ക് 29,200-62,400 തത്തുല്യ സ്‌കെയില്‍ നല്‍കും. ഡിഇഒക്ക് എച്ച്എസ്എസ്ടിക്കു മുകളിലെ സ്‌കെയിലായ 42,500-87,000 നല്‍കും. പ്രിന്‍സിപ്പലിനും ഡിഇഒക്കും ഒരേ റാങ്കായിരിക്കും. എച്ച്എസ്എസ്ടിയുടെ മുകളില്‍ ഡിഇഒ, ഡിഡി, ആര്‍ഡിഡി എന്നിവര്‍ക്ക് അധികാരമുണ്ടാവും. പ്രിന്‍സിപ്പലിനായിരിക്കും സ്‌കൂളിന്റെ മൊത്തം അക്കാദമിക കാര്യങ്ങളുടെ ചുമതല. ഹെഡ് മാസ്റ്റര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ചുമതലയും നല്‍കും.
11, 12 ക്ലാസുകളില്‍ 40 കുട്ടികള്‍ ഇല്ലാത്ത ബാച്ചുകള്‍ അവസാനിപ്പിക്കും.  പുതിയ ഒഴിവുകളില്‍ പ്രൊട്ടക്റ്റഡ് ടീച്ചേഴ്‌സിനെ നിയമിക്കും. ലാബ് അസിസ്റ്റന്റ് തസ്തിക ടെക്‌നിക്കല്‍ തസ്തികയായതുകൊണ്ട് അവര്‍ക്ക് ടീച്ചിങ് പോസ്റ്റിലേക്കോ ക്ലാര്‍ക്ക് തസ്തികയിലേക്കോ പ്രമോഷന്‍ നല്‍കില്ല. പകരം രണ്ടു ഗ്രേഡ് നല്‍കും. എച്ച്എസ്ഇ വിഭാഗം ഇല്ലാത്ത സ്‌കൂളുകള്‍ക്ക് അണ്‍ എയ്ഡഡ് എച്ച്എസ്ഇ ബാച്ച് നല്‍കും. ഹയര്‍ സെക്കന്‍ഡറി സിലബസ് കുറയ്ക്കും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനു മുകളില്‍ ഡിഇഒക്ക് മേല്‍നോട്ടച്ചുമതല നല്‍കും. അധ്യാപക കാര്യക്ഷമത വിലയിരുത്തി ഗ്രേഡ് നല്‍കും.
ഹയര്‍ സെക്കന്‍ഡറിയില്‍ മാര്‍ക്കിനു പകരം ഗ്രേഡ് നിര്‍ബന്ധമാക്കും. പഞ്ചായത്തുതല മോണിറ്ററിങ് ശക്തമാക്കും. ഇത്രയും ശുപാര്‍ശകളാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. ഇവ വിശദമായി ചര്‍ച്ച ചെയ്താവും അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുക. അതേസമയം, ഏകീകരണവുമായി ബന്ധപ്പെട്ടു നടപ്പാക്കാനുദ്ദേശിക്കുന്ന തീരുമാനങ്ങള്‍ക്കെതിരേ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it