വിദ്യാഭ്യാസ മേഖലയിലെ കോഴ അവസാനിപ്പിക്കാന്‍ സമയമായി: എ കെ ആന്റണി

തിരുവനന്തപുരം: ഒന്നാം ക്ലാസിലെ പ്രവേശനത്തിനു മുതല്‍ അധ്യാപക നിയമനത്തിനു വരെ കോഴ വാങ്ങുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ സമയമായെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. ജി കാര്‍ത്തികേയന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താനടക്കം പ്രവര്‍ത്തിച്ചിട്ടും വിദ്യാഭ്യാസ രംഗത്തെ കോഴ അവസാനിപ്പിക്കാന്‍ പറ്റിയില്ല. ഇപ്പോഴത് ഭയാനകമായ അന്തരീക്ഷത്തില്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴ വാങ്ങുന്നവര്‍ സംസ്ഥാനം മുഴുവന്‍ സ്വാധീനമുള്ളവരായതുകൊണ്ട് ഇതിനെതിരെ മുഖം തിരിച്ചു നില്‍ക്കുന്നത് ഭീരുത്വമല്ലേ എന്നും അദ്ദേഹം ചോദിച്ചു.
അതിസാഹസികനായ രാഷ്ട്രീയക്കാരനായിരുന്നു ജി കാര്‍ത്തികേയനെന്ന് അദ്ദേഹം പറഞ്ഞു. ജി കാര്‍ത്തികേയന്‍ ഉയര്‍ത്തിവിട്ട ചില മുദ്രാവാക്യങ്ങള്‍ പാര്‍ട്ടിയില്‍ പലപ്പോഴും ഉള്‍ക്കൊള്ളാന്‍ പറ്റിയില്ലെങ്കിലും പൊതുസമൂഹത്തിന് ഉപകാരപ്പെട്ടു. എത്ര ഉയര്‍ന്നാലും മനസ്സ് വളരാത്തവരാണ് ഭൂരിഭാഗം രാഷ്ട്രീയക്കാരെങ്കിലും കാര്‍ത്തികേയന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ച്ച നേടിയപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിനേയും ഉയര്‍ത്തി. അഭിപ്രായങ്ങള്‍ തുറന്നു പറയുമ്പോള്‍ അദ്ദേഹം പ്രത്യാഘാതങ്ങള്‍ നോക്കിയില്ലെന്നും ആന്റണി അനുസ്മരിച്ചു. വ്യത്യസ്ഥതകള്‍ നിറഞ്ഞ വ്യക്തിത്വമായിരുന്നു ജി കാര്‍ത്തികേയനെന്ന് അധ്യക്ഷപ്രസംഗത്തില്‍ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം മോഹന്‍കുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it