Flash News

വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ; കാംപസ് ഫ്രണ്ട്കലക്‌ട്രേറ്റ് മാര്‍ച്ച് നാളെ

വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ; കാംപസ് ഫ്രണ്ട്കലക്‌ട്രേറ്റ് മാര്‍ച്ച് നാളെ
X
campus

മലപ്പുറം : മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മലപ്പുറം കലക്‌ട്രേറ്റിലേക്ക് ശനിയാഴ്ച കാംപസ് ഫ്രണ്ട് മാര്‍ച്ച് നടത്തും. മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്യും.
മാറി മാറി ഭരിച്ചിരുന്ന ഇടതു വലതു മുന്നണികള്‍ മലപ്പുറത്തെ അവഗണിക്കുന്നതിന് തെളിവാണ് കാലങ്ങളായുള്ള വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ പരിഹാരം കാണാന്‍ സാധിക്കാത്തത്. ജില്ലയില്‍ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാരായിരുന്നിട്ടുപോലും ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന്്് ക്യാംപസ് ഫ്ര്ണ്ട് ഭാരവാഹികള്‍ പറഞ്ഞു.

വിദ്യാഭ്യാസ വിഷയങ്ങളില്‍ സര്‍ക്കാര്‍ മലപ്പുറത്തോട് പുലര്‍ത്തുന്ന നിസ്സംഗത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന മൗനം അപകടകരമാണ്. ഈ വര്‍ഷം പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാനുപാതികമായുള്ള ഉപരിപഠന സൗകര്യം ജില്ലയിലില്ല. 82276 അപേക്ഷകര്‍ക്ക് ജില്ലയിലുള്ളത് 49686 സീറ്റുകളാണ്. പുതുതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ശതമാനം സീറ്റുകളും എല്ലാ സ്‌കൂളുകളും അംഗീകരിച്ചാല്‍ തന്നെ 9938 സീറ്റുകളാണ് പരമാവധി ജില്ലക്ക് ലഭിക്കുക. എന്നാലും 22652 കൂട്ടികള്‍ക്ക് മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനം കിട്ടാകനിയാകും.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മലപ്പുറത്ത് പ്രഖ്യാപിച്ച ഗവ കോളേജുകളില്‍ പലതുമിന്ന് വാടക കെട്ടിടത്തിലും താല്‍ക്കാലിക ഷെഡുകളിലുമാണ്. ഗവ കോളേജുകള്‍ നവീകരിക്കാനോ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ആരംഭിക്കാനോ ജോലി സാധ്യത കൂടിയ കോഴ്‌സുകള്‍ ആരംഭിക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒറ്റ എഞ്ചിനിയറിംഗ് കോളേജോ ലോ കോളേജോ ഫൈന്‍ ആര്‍ട്‌സ് കോളേജോ ഇല്ല.. തെക്കന്‍മേഖലയിലെ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ കോളേജുകളെ ആശ്രയിക്കുമ്പോള്‍ ഉയര്‍ന്ന ഫീസ് നല്‍കി സെല്‍ഫ് ഫിനാന്‍സ് കോളേജുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍. മെഡിക്കല്‍ മേഖലയില്‍ ആകെയുള്ള മഞ്ചേരി മെഡിക്കല്‍ കോളേജാകട്ടെ ശരാശരി മെഡിക്കല്‍ കോളേജിന്റെ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുമില്ല

പത്താം ക്ലാസ് വരെ ഏകദേശം 8 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മലപ്പുറം ജില്ലയില്‍ ആകെയുള്ളത് നാലു വിദ്യാഭ്യാസ ജില്ലകളും 17 വിദ്യാഭ്യാസ ഉപജില്ലകളും. മലപ്പുറത്തെ വിദ്യാഭ്യാസ ജില്ലയിലുള്ളതിന്റെ നാലില്‍ ഒരുഭാഗം വിദ്യാര്‍ത്ഥികളേ മറ്റു ജില്ലകളിലെ വിദ്യാഭ്യാസ ജില്ലകളിലുള്ളു. സ്‌കൂള്‍ വിദ്യാഭ്യാസം കാര്യക്ഷമമാവണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കാനുപാതികമായി വിദ്യാഭ്യാസ ജില്ല, ഉപജില്ലകള്‍ വേണമെന്നിരിക്കെ അനിവാര്യമായിട്ടും ജില്ല, ഉപജില്ലാ വിഭജനം നടത്തുന്നില്ല.

കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഇഫ് ലു കാംപസ് സര്‍ക്കാറുകളുടെ അവഗണനകൊണ്ട് പൂര്‍ണമായി നഷ്ടമായി. അലിഗഡ് ഓഫ് കാംപസാകട്ടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ മുട്ടിലിഴയുകയുമാണ്

പ്രാധമിക ആവശ്യങ്ങള്‍ക്ക് സൗകര്യമില്ലാത്ത സ്ഥാപനങ്ങളുടെ കണക്കെടുത്താലും മലപ്പുറം ജില്ല തന്നെയാണ് മുമ്പില്‍, കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് വി.എസ് സുനില്‍ കുമാര്‍ അദ്ധ്യക്ഷനായ സമിതി ഇക്കാര്യം നിയമസഭയില്‍ അവതരിപ്പിച്ചതുമാണ്. കാലങ്ങളായുള്ള ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇത്തരം വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ കലക്‌ട്രേറ്റിലേക്ക് എന്ന തലക്കെട്ടില്‍ കലക്‌ട്രേറ്റിലേക്ക് കാംപസ് ഫ്രണ്ട് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ ഷഫീഖ് കല്ലായി , മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഇര്‍ഷാദ് മൊറയൂര്‍ , സെക്രട്ടറി ഫായിസ് കണിച്ചേരി, ജോയിന്റ് സെക്രട്ടറി ബുനൈസ് കുന്നത്ത്, വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.കെ സലീം പങ്കെടുത്തു.
Next Story

RELATED STORIES

Share it