വിദ്യാഭ്യാസ അവകാശ നിയമം; കേന്ദ്രത്തിനും മഹാരാഷ്ട്ര സര്‍ക്കാരിനും കോടതി നോട്ടീസ്

മുംബൈ: സ്‌കൂള്‍ പ്രവേശനം തടഞ്ഞതിനെ ചോദ്യം ചെയ്ത് സമര്‍പിച്ച പരാതി പൊതുതാല്‍പര്യ ഹരജിയായി ബോംബെ ഹൈക്കോടതി പരിഗണിച്ചു. മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ അവകാശ നിയമം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും കോടതി വിശദീകരണം തേടി. സ്‌കൂള്‍ ഫീസില്‍ ഇളവുനല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് റീത്ത കനോജിയ എന്ന യുവതി ഹരജി നല്‍കിയത്.
കെട്ടിട വികസന ഫണ്ട് അടക്കം സ്‌കൂള്‍ ആവശ്യപ്പെട്ട 19,500 രൂപ നല്‍കാന്‍ തനിക്ക് കഴിവില്ലെന്നു റീത്ത ഹരജിയില്‍ ബോധിപ്പിച്ചു. വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് ശരിയായി നടപ്പാക്കിയിട്ടില്ലെന്നും ഇത് ഒറ്റപ്പെട്ട കേസായി പരിഗണിച്ചാല്‍ മതിയാവില്ലെന്നും ജസ്റ്റിസ് വിദ്യാസാഗര്‍ കനാഡെയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിയമം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികളെന്താണെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോടും നിയമം നടപ്പാക്കാന്‍ സ്വീകരിച്ച നയമെന്താണെന്ന് കേന്ദ്രത്തിനോടും കോടതി ആരാഞ്ഞു.
അഭിഭാഷകന്‍ പ്രകാശ് വാഗ് മുഖേനയാണ് ഹരജി സമര്‍പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച റീത്തയുടെ മകന്റെ സ്‌കൂള്‍ ഫീസ് അടക്കുന്നതിനു വേണ്ടി ജസ്റ്റിസ് കനാഡെ സ്വന്തം വകയായി 10,500 രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it