Editorial

വിദ്യാഭ്യാസവും ബോധവല്‍ക്കരണവും

നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യപ്രസ്ഥാനങ്ങള്‍, ആരോഗ്യശൈലി, ഭരണസംവിധാനം, സമ്പദ്‌വ്യവസ്ഥ ഇതൊക്കെ ഇന്നത്തെ രീതിയില്‍ പോവുകയാണെങ്കില്‍ എവിടെയാണു ചെന്നെത്തുക? കൃഷി ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ ഉല്‍പാദനം വര്‍ധിക്കുമെങ്കിലും വില്‍പനയ്ക്കല്ലാതെ തിന്നാന്‍ കൊള്ളില്ല. വിദ്യാഭ്യാസം ഇതേ രീതിയില്‍ തുടര്‍ന്നാല്‍ വീടുതോറും ഡിഗ്രിയുള്ളവര്‍ പെരുകുമെങ്കിലും സംസ്‌കാരം വട്ടപ്പൂജ്യമായിരിക്കും. മനുഷ്യസ്‌നേഹികളുടെയെല്ലാം മുന്നില്‍ ഉയര്‍ന്നുവന്നിട്ടുള്ള രണ്ടാമത്തെ പ്രശ്‌നമാണ് മനുഷ്യബന്ധത്തിന്റെ ശൈഥില്യം. ഈ ശൈഥില്യം തുടര്‍ന്നുകൊണ്ടേയിരിക്കെ വിദ്യാഭ്യാസവും ആരാധനാരീതിയും ഒന്നും ഫലപ്രദമാവാനിടയില്ല. കുടുംബരംഗം മുതല്‍ അന്താരാഷ്ട്രരംഗം വരെ സകലതും ശിഥിലമാവുന്നത് എന്തുകൊണ്ട്? സ്വകാര്യതയും വിഭാഗീയതയും വ്യക്തിമനസ്സിനെയും സമൂഹമനസ്സിനെയും സ്വാധീനിച്ചുകഴിഞ്ഞു. വിദ്യാഭ്യാസവും ഭരണക്രമവും പ്രാര്‍ഥനപോലും മനുഷ്യനെ അന്യവല്‍ക്കരിക്കുകയാണ്. പുതിയൊരു ബോധവല്‍ക്കരണം ഭൂമിയിലാകെ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇതു വിദ്യാഭ്യാസപദ്ധതിയില്‍ ഒതുക്കിനിര്‍ത്താനാവുന്ന കാര്യമല്ല. ഏതെങ്കിലുമൊരു രംഗം മാത്രമായി നേരെയാക്കാനാവുകയുമില്ല. ഇന്നത്തേതില്‍ നിന്നു തികച്ചും വ്യത്യസ്തമായ ജീവിതശൈലി സ്വായത്തമാക്കണം.
സ്‌കൂള്‍ വിദ്യാഭ്യാസവും ബോധവല്‍ക്കരണവും ആരോഗ്യവും എന്തിനാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടിയിരിക്കുന്നു. ഹിന്ദുവിന്റെ ആരോഗ്യം മുസ്‌ലിമിനെ ആക്രമിക്കാനും മുസ്‌ലിമിന്റെ ആരോഗ്യം ഹിന്ദുവിനെ ആക്രമിക്കാനുമാണെങ്കില്‍ രണ്ടുകൂട്ടരും രോഗശയ്യയില്‍ കിടക്കുന്നതാണു നല്ലത്. ഓരോ രാഷ്ട്രവും ഓരോ മതവും പരസ്പരം പോരടിക്കാന്‍ വേണ്ടി സമ്പത്തോ ആരോഗ്യമോ വിദ്യാഭ്യാസമോ അധികാരമോ എന്തു നേടിയാലും ലോകത്തിന് ആപത്തായിത്തീരും. ഇതു മനസ്സിലാക്കിക്കൊണ്ട് മനുഷ്യവര്‍ഗത്തെ സൗഹൃദത്തിലേക്കു നയിക്കുന്ന പുതിയ വിദ്യാഭ്യാസമാണ് നമുക്കു വേണ്ടത്. ഈ പുതിയ ശൈലി വിദ്യാലയങ്ങളില്‍ തുടങ്ങാനാവില്ല. വിദ്യാഭ്യാസം തുടങ്ങേണ്ടത് നിത്യജീവിതത്തിലാണ്.
മനുഷ്യജീവിതം ഒറ്റപ്പെട്ട ആനന്ദമല്ല, പരസ്പര ആനന്ദമാണെന്ന ബോധം സമൂഹമനസ്സില്‍ വളര്‍ത്തിയെടുക്കണം. ഒറ്റയ്ക്കുള്ള പുരോഗതി അധോഗതിയാണെന്നും ഒന്നിച്ചുള്ള പുരോഗതിയാണ് യഥാര്‍ഥ പുരോഗതിയെന്നും ഓരോരുത്തരും മനസ്സിലാക്കണം. ഓരോരുത്തരും എല്ലാവര്‍ക്കും വേണ്ടി, എല്ലാവരും ഓരോരുത്തര്‍ക്കും വേണ്ടി- ഇതാവണം ബോധവല്‍ക്കരണത്തിന്റെ കാതല്‍.
വിദ്യാഭ്യാസത്തില്‍ നിന്ന് അന്യമായ ജീവിതമോ ജീവിതത്തില്‍ നിന്ന് അന്യമായ വിദ്യാഭ്യാസമോ ഉണ്ടാവരുത്. ഈ മാനദണ്ഡംകൊണ്ട് അളക്കുമ്പോള്‍ ഇന്നു ഭൂമിയില്‍ ജീവിതവുമില്ല വിദ്യാഭ്യാസവുമില്ല എന്നു മനസ്സിലാവും. ഈ രണ്ടിന്റെയും ശൂന്യതയിലാണ് അസ്വസ്ഥതകള്‍ നിറഞ്ഞുനില്‍ക്കുന്നത്. സ്വകാര്യത, വിഭാഗീയത എന്നിവ ഒഴിവാക്കി വിനയത്തിലേക്ക് ഉയര്‍ത്തുന്ന പ്രക്രിയയാവണം ബോധനം.
മനുഷ്യത്വത്തിന്റെ ഉയര്‍ച്ചയ്ക്കായി ഈ ബോധനം സൃഷ്ടിക്കുന്നതിന് കൂടിയാലോചന, കൂട്ടായ പ്രവര്‍ത്തനം, വ്യക്തിസ്വാതന്ത്ര്യം എന്നിവ ആവശ്യമാണ്. അതിനു പകരം ഓരോരുത്തരും അവരവര്‍ക്കു വേണ്ടി എന്ന കാഴ്ചപ്പാടാണ് വളര്‍ത്തിയെടുക്കുന്നത്. ഇന്നത്തെ അസ്വസ്ഥതയ്ക്കുള്ള മുഖ്യ കാരണം ഞാന്‍ എനിക്കു വേണ്ടിയെന്ന തെറ്റായ കാഴ്ചപ്പാടാണ്. ഈ കാഴ്ചപ്പാട് പരന്നതോടുകൂടി വിദ്യാഭ്യാസവും കൃഷിയും വ്യവസായവും അവനവനുവേണ്ടി മാത്രമായി. ഞാന്‍ എനിക്കു വേണ്ടി എന്ന സ്വകാര്യ ജീവിതബോധം നിലനില്‍ക്കുന്ന കാലത്തോളം ഇതിന് ശാശ്വത പരിഹാരം കണ്ടെത്താനാവില്ല. നാം ആര്‍ജിച്ച വിദ്യാഭ്യാസം അതാണ്. ഏതൊന്ന് ആര്‍ജിക്കുന്നതിനു മുമ്പും അതിന്റെ വിനിയോഗത്തെപ്പറ്റി ബോധം വേണം. അതാണ് ബോധവല്‍ക്കരണം കൊണ്ട് സാധിക്കേണ്ടത്.
Next Story

RELATED STORIES

Share it