വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം പാളുന്നു: ഇതുവരെ എത്തിയത് 549 അപ്പീലുകള്‍; 200 വിജയികളും

കെ പി ഒ റഹ്മത്തുല്ല

തിരുവനന്തപുരം: അപ്പീലിനെ തോല്‍പിച്ച് കലോല്‍സവം ഗംഭീരമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമങ്ങള്‍ പാളുന്നു. കലോല്‍സവം നാലാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഇതുവരെ എത്തിയത് 549 അപ്പീലുകള്‍.
200 അപ്പീലുകള്‍ അനുവദിച്ചത് വിദ്യാഭ്യാസ വകുപ്പാണെങ്കില്‍ ബാക്കിയുള്ളവ എത്തിയത് കോടതി വഴിയും ബാലാവകാശ കമ്മീഷന്‍, ലോകായുക്ത എന്നിവയിലൂടെയുമാണ്. 15,000 രൂപ കെട്ടിവച്ചാണ് ലോകായുക്ത അപ്പീല്‍ അനുവദിക്കുന്നത്. ഇത്തവണ ജില്ലാ തലത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് അപ്പീല്‍ അനുവദിക്കുന്നതില്‍ കടുത്ത നിയന്ത്രണം വിദ്യഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ലഭിക്കുന്ന അപേക്ഷകളില്‍ 10 ശതമാനം മാത്രമെ അനുവദിക്കാവൂ എന്നായിരുന്നു നിര്‍ദ്ദേശം. കോടതികളിലും സമയക്രമത്തിന്റെ കാര്യം പറഞ്ഞ് പ്രോസിക്യൂട്ടര്‍മാര്‍ അപ്പീലിനെ എതിര്‍ത്തു. പക്ഷെ എല്ലാ കണക്കു കൂട്ടലുകളും ഇത്തവണയും തെറ്റുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ അപ്പീലുകളുടെ പ്രവാഹമായിരിക്കും.
കഴിഞ്ഞ തവണ കോഴിക്കോട്ട് 1300 അപ്പീലുകളാണ് എത്തിയിരുന്നത്. ഇത്തവണ എത്തിയ 549 അപ്പീലുകളില്‍ 200 പേര്‍ വിജയികളായി എന്നാണ് ഏകദേശ കണക്ക്. 90 പേര്‍ വിജയികളായതായി വിദ്യഭ്യാസ വകുപ്പ് സമ്മതിക്കുന്നു. പലരും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ അപ്പീല്‍ വിജയികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് അപ്പീല്‍ കമ്മിറ്റിയിലെ ഒരംഗം അറിയിച്ചത്. പണം മടക്കി വാങ്ങിയവരുടെ എണ്ണം 300 കവിഞ്ഞിട്ടുണ്ട്. ജില്ലാ വിജയിയേക്കാള്‍ അപ്പീല്‍ വഴിയെത്തിയവര്‍ മാര്‍ക്ക് കൂടുതല്‍ വാങ്ങിയാല്‍ പണം മടക്കി കൊടുക്കും. ഇതുവരെയായി 98 ഹയര്‍ അപ്പീലുകളും ഉണ്ടായിട്ടുണ്ട്. സബ്ജില്ല, ജില്ല വിധിനിര്‍ണയങ്ങളിലെ അപാകതകളാണ് അപ്പീല്‍ വര്‍ധിക്കാന്‍ കാരണം. അപ്പീല്‍ വിജയികളില്‍ ശ്രദ്ധേയരായത് ദേവദര്‍ശനും റബീബുല്ലയുമാണ്. കോഴിക്കോട് മേപ്പയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദേവദര്‍ശന്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാള പ്രസംഗത്തില്‍ രണ്ടുവര്‍ഷമായി ഒന്നാം സ്ഥാനത്താണ്. ഇത്തവണ ജില്ലയില്‍ നിന്നും തഴയപ്പെട്ടു. കോടതി വഴി എത്തിയ ദേവദര്‍ശന്‍ ഈവര്‍ഷവും എത്തി ഒന്നാം സ്ഥാനം നേടുകയും ചെയ്തു. മാപ്പിളപാട്ട് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം പൂക്കൊളത്തൂര്‍ സിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി സി റബീബുല്ലയും വിധിനിര്‍ണയത്തിനെതിരേ കോടതി വഴിയാണ് എത്തിയത്.
കഴിഞ്ഞ തവണ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ റബീബുല്ലയെ ഇത്തവണ വിധികര്‍ത്താക്കള്‍ തടയുകയായിരുന്നു. ഒന്നാം സ്ഥാനം നേടി റബീബുല്ലയും വിധികര്‍ത്താക്കളുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചു.
Next Story

RELATED STORIES

Share it