Women

അവഹേളിക്കപ്പെടുന്ന ദളിത് സ്ത്രീത്വം

അവഹേളിക്കപ്പെടുന്ന ദളിത് സ്ത്രീത്വം
X
randamജാതീയമായ തരംതിരിവുകള്‍ ജനാധിപത്യപരമല്ല എന്നറിവുള്ള കേരളീയര്‍ക്കിടിയില്‍ അടുത്തകാലത്തായി ദലിത് വിഭാഗത്തിലുള്ള പെണ്‍കുട്ടികള്‍ ജാതിയുടെ പേരില്‍ വിവേചനം അനുഭവിക്കുന്നത് വാര്‍ത്തകളായി. ജാതിപ്പേരു നിലനിര്‍ത്തിക്കൊണ്ട് മാന്യത പ്രകടിപ്പിക്കുന്ന രീതി സാര്‍വത്രികമാവുകയും നായര്‍, മേനോന്‍, നമ്പൂതിരി, വാര്യര്‍, പിഷാരടി അങ്ങനെ സവര്‍ണ ജാതീയത പേരിനോടൊപ്പം ചേര്‍ക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് ഇത്തരത്തില്‍ ജാതിപ്പേരുകള്‍ വിളിച്ചുള്ള ആക്ഷേപങ്ങള്‍ വര്‍ധിക്കുന്നത്.

സൗമ്യയുടെ അനുഭവം

എറണാകുളം പിറവത്തെ തിരുമാറാടിയില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ ഐ.ടി. പാര്‍ക്കിലെ യുവസംരംഭകയായ സൗമ്യദേവിയെ മേലുദ്യോഗസ്ഥന്‍ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും ജോലിസ്ഥലത്തു നിന്ന് ഇറക്കിവിടുകയും ചെയ്തു എന്നതാണ് പുതിയ വാര്‍ത്ത. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ഗ്രാമീണ ഐ.ടി. സംരംഭമായ സൗമ്യദേവിയുടെ ഒരു പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ ഐ.ടി. പാര്‍ക്ക് സി.ഇ.ഒ. തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നാണ് പരാതി.

ഐ.ടി. പാര്‍ക്കില്‍ ബി പോസിറ്റീവ് മാനേജ്‌മെന്റ് എന്ന പേരില്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപനം നടത്തിവരുകയാണ് സൗമ്യ. ബിസിനസ് മോശമായതോടെ വാടക കുടിശ്ശികയായി. വാടകയിനത്തില്‍ 10,000 രൂപ നല്‍കാനുണ്ട്. ഇതിന്റെ പേരില്‍ സൗമ്യയെ കുടിയിറക്കി.

എന്നാല്‍, 30,000 രൂപ വരെ നല്‍കാനുള്ളവര്‍ക്കെതിരേ നടപടികളെടുക്കാത്തവരാണ് തനിക്കെതിരെ ആക്ഷേപമുന്നയിച്ച് പുറത്താക്കുന്നതെന്ന് സൗമ്യദേവി ആരോപിക്കുന്നു. വാടക കുടിശ്ശികയാണ് കാരണമായി പറയുന്നതെങ്കിലും തന്നെ എന്നെത്തേക്കുമായി പുറത്താക്കലാണ് ലക്ഷ്യമെന്ന് അവര്‍ പറയുന്നു. ബ്രിട്ടനില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ ആളാണ് സൗമ്യ. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ള ദലിത്‌സ്ത്രീകള്‍ ഇത്തരത്തില്‍ അവഹേളനത്തിനിരായവേണ്ടി വരുന്നത് ഒറ്റപ്പെട്ട സംഭവമല്ല.

feature soumya

അങ്ങനെ ദീപ മാവോവാദിയുമായി

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ നാനോടെക്‌നോളജി വിഭാഗത്തില്‍ ദലിത് വിദ്യാര്‍ഥിനിക്ക് ഗവേഷണസൗകര്യം അനുവദിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതും ഈ അടുത്ത നാളിലാണ്. കണ്ണൂര്‍ സ്വദേശിയും ഗവേഷണവിദ്യാര്‍ഥിയുമായ ദീപയാണ് നാനോടെക്‌നോളജി വിഭാഗം ജോയിന്റ് ഡയറക്ടര്‍ക്കെതിരേ പരാതിപ്പെട്ടത്. പിഎച്ച്.ഡി. രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടും ഗവേഷണത്തിനാവശ്യമായ രാസവസ്തുക്കള്‍ അനുവദിക്കുന്നില്ലെന്നും മറ്റു ഗവേഷകരില്‍നിന്ന് ജാതീയമായി ഒറ്റപ്പെടുത്തിയിരിക്കുന്നുവെന്നുമാണ് പരാതി. രണ്ടംഗ സമിതിയുടെ അന്വേഷണത്തില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജോയിന്റ് ഡയറക്ടര്‍ മുറിയില്‍ പൂട്ടിയിട്ടെന്ന ദീപയുടെ ആരോപണത്തിലും വാസ്തവമുണ്ടെന്ന് അന്വേഷണസമിതിയും കണ്ടെത്തിയിരുന്നു. എന്നാല്‍, പിന്നീട് ഇതുസംബന്ധിച്ച നടപടിയൊന്നും ഉണ്ടായതായി അറിവില്ല. ഈ സംഭവത്തില്‍ ദീപയ്ക്ക് ഐക്യദാര്‍ഢ്യവുമായി പോരാട്ടത്തിന്റെ പോസ്റ്റര്‍ കണ്ടെന്ന കാരണത്താല്‍ മാവോവാദിയായി ഈ വിദ്യാര്‍ഥിനിയെ ചിത്രീകരിക്കാനുള്ള ശ്രമവും നടന്നിരുന്നു.

കേരളത്തില്‍ അയിത്താചാരം ശക്തമല്ലെങ്കില്‍ പോലും ഇത്തരം ജാതിയമായി വേര്‍തിരിവ് കാണിക്കുന്ന സംഭവങ്ങള്‍ അടിക്കടി വര്‍ധിക്കുന്നുണ്ട്. കൂടുതലും സ്ത്രീകള്‍ക്കെതിരെയാണ് നടക്കുന്നത്. പിന്നാക്ക വിഭാഗത്തില്‍നിന്ന് ഒരു പെണ്‍കുട്ടി പഠിച്ച് ഉന്നതിയിലെത്തുകയെന്നത് തന്നെ അതിസാഹസകരമായ കാര്യമായിരിക്കെ ജാതീയമായ വേര്‍തിരിവുകള്‍ കൊണ്ട് ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരെ പിന്നോട്ടടുപ്പിക്കുന്ന നടപടികളാണുണ്ടാകുന്നത്.




കേരളത്തില്‍ അയിത്താചാരം ശക്തമല്ലെങ്കില്‍ പോലും ഇത്തരം ജാതിയമായി വേര്‍തിരിവ് കാണിക്കുന്ന സംഭവങ്ങള്‍ അടിക്കടി വര്‍ധിക്കുന്നുണ്ട്.





ഉന്നതരംഗത്തുള്ള സ്ത്രീകള്‍ക്കെതിരേ അവരുടെ ജാതിപ്പേരു വിളിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന രീതി മുമ്പും ഉണ്ടായിട്ടുണ്ട്. ജാതി പോലെയുള്ള ആശയങ്ങള്‍ സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നുള്ളതിന് തെളിവാണ് ഇത്തരം സംഭവങ്ങള്‍. ജാതി മോശമാണെന്ന ബോധം തിരുത്തപ്പെടാതെകിടക്കുകയും അതില്‍നിന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തളര്‍ത്തുകയും ചെയ്യുന്ന ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ക്ക് എന്തുകൊണ്ട് മാറി ചിന്തിച്ചുകൂടാ? ചിലര്‍ ജാതിപ്പേര്‍ അഭിമാനചിഹ്‌നമായി ഉപയോഗിക്കുമ്പോള്‍ തങ്ങള്‍ക്കും അത്തരത്തില്‍ എന്തുകൊണ്ട് ആയിക്കൂടാ എന്ന് ചിന്തിക്കാവുന്നതല്ലേ? സ്ത്രീമുന്നേറ്റങ്ങളുടെ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള ഒരു മുന്നേറ്റം സ്ത്രീപക്ഷത്തുനിന്നു തന്നെയാണ് ഉയരേണ്ടതെന്നതില്‍ സംശയമില്ല.






Next Story

RELATED STORIES

Share it