Editorial

വിദ്യാഭ്യാസമന്ത്രി അറിയുന്നതിന്

വിദ്യാഭ്യാസാവകാശനിയമം 2009ല്‍ നിലവില്‍ വന്നെങ്കിലും കേരളത്തില്‍ എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എട്ടാംതരം യുപി സ്‌കൂളിലേക്കും അഞ്ചാംതരം എല്‍പിയിലേക്കും മാറ്റിയിട്ടില്ല. ആര്‍ടിഇ ആക്റ്റ് പ്രകാരമുള്ള അധ്യാപക-വിദ്യാര്‍ഥി അനുപാതവും പൂര്‍ണമായി നടപ്പായില്ല. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി അതാണു സ്ഥിതി. 2015ലെ കോടതി ഉത്തരവുപ്രകാരം 29/16 ജി ഒ ഇറങ്ങിയെങ്കിലും വിദ്യാഭ്യാസ ഓഫിസര്‍മാര്‍ തോന്നിയപോലെ പ്രവര്‍ത്തിക്കുകയാണ്. തസ്തികയില്ലാതെ ഒരുവിഭാഗം അധ്യാപകര്‍ ശമ്പളം വാങ്ങുന്നു. 2011 മുതല്‍ പുതുതായി നിയമിക്കപ്പെട്ടവര്‍ തസ്തിക ഉണ്ടായിട്ടും ശമ്പളമില്ലാതെ ജോലിചെയ്തുവരുന്നു. അക്കാദമികനിലവാരം മെച്ചപ്പെടുത്താത്തതിനാല്‍ പല സ്ഥലത്തും സ്വകാര്യ-അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്കാണ് കുട്ടികള്‍ പോവുന്നത്. പൊതുവിദ്യാലയങ്ങളില്‍ രക്ഷിതാക്കള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നതിനാലാണ് ഇത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ വളരുന്നത്. ഒന്നു മുതല്‍ 12  വരെ ക്ലാസുകളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ പൊതുവിദ്യാലയങ്ങളില്‍ കാര്യക്ഷമമായ രീതിയില്‍ മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാനുള്ള സാഹചര്യം നമ്മുടെ സംസ്ഥാനത്ത് ഉണ്ടാവണം. ഇപ്പോള്‍ പ്രതിസന്ധികള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്നത് കൂടുതല്‍ എയ്ഡഡ് മേഖലയിലാണ്. സര്‍ക്കാര്‍ നേരിട്ടു പണം ചെലവിട്ട് ശമ്പളവും മറ്റെല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും അധ്യാപകനിയമനങ്ങളും ഭൗതിക സാഹചര്യങ്ങളൊരുക്കുന്നതും സ്വകാര്യ മാനേജ്‌മെന്റാണ്. അധ്യാപകനിയമനങ്ങള്‍ക്ക് കാശുവാങ്ങാതെ മാനേജര്‍മാര്‍ക്ക് ആധുനിക രീതിയില്‍ കെട്ടിടവും മറ്റു സാഹചര്യങ്ങളും ഒരുക്കാന്‍ കഴിയുന്നില്ല. എയ്ഡഡ് മേഖലയില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ മക്കളെ സ്വകാര്യ-അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പറഞ്ഞയക്കുന്നതിന് നിയന്ത്രണവും ഇല്ല. അതിനെതിരേ നിയമം കൊണ്ടുവരണം. ചുരുങ്ങിയത് അഞ്ചുവര്‍ഷം കൂടുമ്പോഴെങ്കിലും അധ്യാപകരുടെ മികവ് പരിശോധിക്കാന്‍ സംവിധാനം വേണ്ടതാണ്. മേളകളും ആഘോഷങ്ങളും ഒക്കെ അധ്യയനദിനങ്ങള്‍ നഷ്ടപ്പെടുത്താന്‍ വേണ്ടിയാവരുത്. സംസ്ഥാന മേളകള്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കലായി ചുരുക്കണം. നിലവില്‍ ഭീമമായ സംഖ്യ സര്‍ക്കാര്‍ ഉച്ചഭക്ഷണത്തിനായി ചെലവിടുന്നുെണ്ടങ്കിലും പകുതിയിലധികം പാഴാവുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യുന്നു. ഇത് പരിശോധിക്കാനോ നിയന്ത്രിക്കാനോ ഗുണനിലവാരം ഉയര്‍ത്താനോ കഴിയുന്നില്ല. അതുപോലെ തന്നെ സിലബസും കരിക്കുലവും പാഠപുസ്തകവും ഒന്നു മുതല്‍ 10 വരെ തുടര്‍ച്ചയുള്ളതായിരിക്കണം. ഇപ്പോള്‍ ആവര്‍ത്തനവിരസതമൂലം ഒരു ചടങ്ങായി മാത്രമാണ് അധ്യാപകര്‍ ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. വിദ്യാഭ്യാസമേഖലയില്‍ അഴിമതിയും കൈക്കൂലിയും സാര്‍വത്രികമായിട്ടുണ്ട്. കാശുകൊടുത്താലേ പല ഓഫിസുകളിലും കടലാസുകള്‍ക്ക് ജീവന്‍ വയ്ക്കൂ! കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസവും മറ്റും നല്‍കി അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും അമിതമായി മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും നിയന്ത്രിക്കണം. കൗമാരക്കാരില്‍ കാണുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പ്രധാന കാരണം ഇന്റര്‍നെറ്റും മൊബൈലുമാണ്. കേരളത്തില്‍ പൊതുവിദ്യാഭ്യാസം ഒരു പ്രതിസന്ധിയിലൂടെയാണു കടന്നുപോവുന്നത്. സ്വകാര്യ വിദ്യാലയങ്ങള്‍ പെരുകുന്നതിനുള്ള പ്രധാന കാരണം പൊതുമേഖലയിലെ നിലവാരത്തകര്‍ച്ചയാണ്. ശമ്പളം വാങ്ങുന്നവര്‍ മാത്രമായി അധ്യാപകര്‍ മാറുന്നു. പല സര്‍ക്കാര്‍ വിദ്യാലയങ്ങളും മെച്ചപ്പെടാനുള്ള പ്രധാന കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ പണിപോവുമെന്നോ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുമെന്നോ ഉള്ള ഭയം അധ്യാപകര്‍ക്കുള്ളതാണ്. അധ്യാപകരുടെ അക്കൗണ്ടബിലിറ്റി വര്‍ധിപ്പിക്കാനുള്ള ശാസ്ത്രീയമായ വഴികളാണ് വിദ്യാഭ്യാസവകുപ്പ് ആവിഷ്‌കരിക്കേണ്ടത്.

(തേജസിന്റെ ഞായറാഴ്ച തോറുമുള്ള വായനക്കാരുടെ എഡിറ്റോറിയല്‍ പംക്തിയാണിത.് തുടര്‍ന്നുള്ള ലക്കങ്ങളിലേക്കു കുറിപ്പുകള്‍ ക്ഷണിക്കുന്നു -പത്രാധിപര്‍)
Next Story

RELATED STORIES

Share it