വിദ്യാഭാരതി സ്‌കൂളുകളെകുറിച്ച് അന്വേഷണം നടത്തുക: കാംപസ് ഫ്രണ്ട്‌

ഷൊര്‍ണൂര്‍: മതസ്പര്‍ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിക്കുന്ന ആര്‍എസ്എസ് നിയന്ത്രിത വിദ്യാഭാരതി സ്‌കൂളുകള്‍ക്കെതിരേ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ആര്‍എസ്എസിന് വഴി മരുന്നിടരുതെന്നു പറയുന്ന ഇടതു സര്‍ക്കാര്‍ കേരളത്തില്‍ ആര്‍എസ്എസിന് വഴി തെളിച്ചു കൊടുക്കുകയാണെന്നു സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തി. പാലക്കാട് സ്‌കൂളില്‍ ആര്‍എസ്എസ് തലവന്‍ ചട്ടം ലംഘിച്ചു ദേശീയ പതാക ഉയര്‍ത്തിയതില്‍ ആറു മാസങ്ങള്‍ക്ക് ശേഷം നടപടിയെടുക്കാന്‍ തയ്യാറായത് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നടന്ന ആര്‍എസ്എസ് ക്യാംപുകള്‍ക്കെതിരായി ഉയര്‍ന്ന ജനരോഷം തണുപ്പിക്കാനുള്ള ചെപ്പടി വിദ്യയാണ്. വിവാദ പാഠഭാഗം ഒഴിവാക്കാന്‍ തയ്യാറായിട്ടും പീസ് സ്‌കൂളിനെതിരേ നടപടിയെടുക്കുന്നത് തെറ്റാണ്. സെക്കുലറിസം സര്‍ക്കാര്‍ നയമാണെന്ന് ആവര്‍ത്തിക്കുന്ന പിണറായി വിജയന്‍ മുസ്‌ലിം വിരുദ്ധതയില്‍ ഊന്നിയ കമാലിസ്റ്റ് അള്‍ട്രാ സെക്കുലറിസമാണ് കേരളത്തില്‍ പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കുന്നത്. ഇത് സെക്കുലറിസത്തെ പറ്റിയുള്ള ഇന്ത്യന്‍ കാഴ്ചപ്പാടിന് കടക വിരുദ്ധമാണെന്ന് കാംപസ് ഫ്രണ്ട് ചൂണ്ടിക്കാട്ടി.  ജിഷ്ണു പ്രണോയ് വിഷയത്തില്‍ ഒരു വശത്ത് കുറ്റക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍  മറുഭാഗത്ത് വിദ്യാര്‍ഥി സംഘടനയെ ഇറക്കി ഇരയുടെ പക്ഷത്താണെന്നു തെളിയിക്കാനുള്ള ഇരട്ടത്താപ്പാണ് നടത്തുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. വിദ്യാഭാരതി സ്‌കൂളുകള്‍ക്കെതിരേ സര്‍ക്കാര്‍ നടപടി എടുക്കുന്നതുവരെ ശക്തമായ കാംപയിന്‍ നടത്താന്‍  തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ സലിം, അല്‍ ബിലാല്‍, ഹാദിയ റഷീദ്, നസീഹ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it