വിദ്യാഭാരതി മേധാവികളുടെ സമ്മേളനം വിജ്ഞാന്‍ ഭവനില്‍

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ വിദ്യാഭ്യാസ ശൃംഖലയായ വിദ്യാഭാരതിയുടെ നിയന്ത്രണത്തിലുള്ള 1,100 സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ മൂന്നു ദിവസത്തെ യോഗം അടുത്തമാസം 12ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കും. രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കി വരുന്ന കാവി വല്‍ക്കരണം ഉള്‍പ്പെടെയുള്ളവ ചര്‍ച്ചചെയ്യുന്ന യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
നിലവിലെ വിദ്യാഭ്യാസ രംഗത്ത് അധ്യാപകരുടെ പങ്കും സാമൂഹിക ചുറ്റുപാടുകളും എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി, ആര്‍എസ്എസ് നേതാവ് കൃഷ്ണ ഗോപാല്‍, എന്‍സിഇആര്‍ടി ഡയറക്ടര്‍ ഋഷികേശ് സേനാപതി, സിബിഎസ്ഇ ചെയര്‍മാന്‍ വൈ എസ് കെ സേഷു കുമാര്‍ തുടങ്ങിയവര്‍ സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ സംസാരിക്കുന്നുണ്ട്.
1991നു ശേഷം ആദ്യമായാണ് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മേധാവികളുടെ സമ്മേളനം വിദ്യാഭാരതി വിളിച്ചുചേര്‍ക്കുന്നത്. സമ്മേളനത്തില്‍ 70 മിനിറ്റാണ് പ്രധാനമന്ത്രി ചെലവഴിക്കുകയെന്നും ഉദ്ഘാടന പ്രസംഗത്തിന് ശേഷം സമ്മേളന പ്രതിനിധികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നും ആര്‍എസ്എസ് വൃത്തങ്ങള്‍ അറിയിച്ചു. ആര്‍എസ്എസിന്റെ പ്രചാരകരില്‍ കൂടുതല്‍ പേര്‍ പ്രവര്‍ത്തിക്കുന്നത് വിദ്യാഭാരതിക്കു വേണ്ടിയാണ്. 56 പ്രചാരകരാണ് വിദ്യാഭാരതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകരും അനുകൂലികളും മാത്രമുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലി(ഐസിഎച്ച്ആര്‍)ന്റെ നേതൃത്വത്തില്‍ ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെ വിദ്യാഭാരതി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.
Next Story

RELATED STORIES

Share it