kasaragod local

വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നിത്യേന കടത്തുന്നത് നൂറിലധികം ലോഡ് മണല്‍



വിദ്യാനഗര്‍: വിദ്യാനഗര്‍ സ്‌റ്റേഷന്‍ പരിധിയിലെ നാല് കടവുകളില്‍ നിന്ന് നിത്യേന രാപകല്‍ ഭേദമന്യേ അനധികൃതമായി കടത്തുന്നത് 100ലധികം ലോഡ് മണല്‍. പെരുമ്പളക്കടവ്, ചേരൂര്‍, ബേവിഞ്ച, മേനങ്കോട് എന്നീ കടവുകളില്‍ നിന്നാണ് ലോറികളില്‍ മണലൂറ്റി കടത്തുന്നത്. ഈ കടവുകളില്‍ നിന്ന് മണലെടുക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ചട്ടങ്ങള്‍ മറികടന്ന് ചില പോലിസ്-റവന്യു ഉദ്യോഗസ്ഥന്‍മാരുടെ ഒത്താശയോടെ മണല്‍ കടത്തുന്നത്. വൈകീട്ട് ഏഴോടെയാണ് ഈ കടവുകളില്‍ നിന്ന് മണല്‍ കടത്തുന്നത്. പുഴയില്‍ നിന്ന് തോണികളില്‍ ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് മണലൂറ്റുന്നത്. തോണികളില്‍ മണല്‍ കരക്കെത്തിച്ച ശേഷം ലോറികളില്‍ രാത്രിയോടെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നു. ഇത് പുലര്‍ച്ചവരെ നീളുന്നു. ഊടുവഴികളില്‍ കൂടിയാണ് മണല്‍ ലോറികള്‍ പോവുന്നത്. ഇതിന്റെ പിന്നില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ചില രാഷ്ട്രീയ നേതാക്കളാണ് ചുക്കാന്‍ പിടിക്കുന്നത്. ഈ കടവുകളില്‍ നിന്ന് ഇതുവരേയായി ഒരു മണല്‍ ലോഡ് പോലും പോലിസ് പിടികൂടിയിട്ടില്ല. ഇതിന് പിന്നില്‍ മണല്‍ മാഫിയകളും ചില പോലിസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്ന് ആക്ഷേപമുണ്ട്. കര്‍ണാടകയില്‍ നിന്ന് അനധികൃതമായി കടത്തുന്ന മണല്‍ വിദ്യാനഗര്‍, ചെര്‍ക്കള, ചട്ടഞ്ചാല്‍ ഭാഗങ്ങളില്‍ നിന്നും വിദ്യാനഗര്‍ പോലിസ് പിടികൂടുന്നുണ്ടെങ്കിലും ഈ നാല് കടവുകളില്‍ പോലിസ് എത്തി നോക്കുക പോലും ചെയ്യുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. മണല്‍കടത്ത് സമയത്ത് വിദ്യാനഗര്‍ പോലിസ് ചെര്‍ക്കള ടൗണ്‍ കേന്ദ്രീകരിച്ച് വാഹന പരിശോധന നടത്തി മണല്‍കടത്ത് ശ്രദ്ധ തിരിച്ചുവിടുകയാണെന്നും പരാതിയുണ്ട്. ഇരുചക്രവാഹനങ്ങളെ പിടികൂടുന്നതിനോടാണ് വിദ്യാനഗര്‍ പോലിസിന് താല്‍പര്യം. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് മദ്യം, കഞ്ചാവ് വിതരണം ചെയ്യുന്ന സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ പിടികൂടാനും വിദ്യാനഗര്‍ പോലിസിന് തയ്യാറാവുന്നില്ല. രാത്രികാല ഹൈവേ പട്രോളിങും പേരിലൊതുങ്ങുകയാണ്. നാല് കടവുകളില്‍ നിന്നും നല്ലൊരു തുക മാമൂലായി പ്രതിമാസം മണല്‍ മാഫിയ സംഘം ചില പോലിസ്, റവന്യു ഉദ്യോഗസ്ഥരുടെ പോക്കറ്റുകളില്‍ കൃത്യമായി എത്തിക്കുന്നതായി ആരോപണമുണ്ട്.  മണലൂറ്റ് കാരണം കടവുകളുടെ പരിസരത്ത് താമസിക്കുന്നവരുടെ കിണറുകളില്‍ ഉപ്പ് വെള്ളം കലരുന്നതായും പുഴയില്‍ ചതിക്കുഴികള്‍ പ്രത്യക്ഷപ്പെടുന്നതായും ഇത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കതായും പ്രകൃതി സ്‌നേഹികള്‍ പറയുന്നു.
Next Story

RELATED STORIES

Share it