വിദേശ സിഖുകാരുടെ യാത്രാവിലക്ക് കേന്ദ്രം നീക്കി

ന്യൂഡല്‍ഹി: 1980കൡലും 90കളിലും വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്രം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഒട്ടേറെ വിദേശ സിഖുകാരുടെ യാത്രാവിലക്കു പിന്‍വലിച്ചു. പഞ്ചാബിലെ ഭരണകക്ഷിയായ അകാലിദളിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ബിജെപിയുടെ സഖ്യകക്ഷിയാണ് അകാലിദള്‍.
വിവിധ സുരക്ഷാ ഏജന്‍സികളാണ് വിദേശ സിഖുകാരെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. ഇവര്‍ ഇന്ത്യക്കെതിരേ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നായിരുന്നു ആരോപണം. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കരിമ്പട്ടികയില്‍ നിന്ന് ചിലരുടെ പേരുകള്‍ നീക്കം ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതിനെത്തുടര്‍ന്നാണ് സിഖുകാരുടെ യാത്രാ വിലക്ക് നീക്കിയതെന്നാണു സൂചന. വിദേശത്തു താമസിക്കുന്ന 36 സിഖുകാരുടെ യാത്രാ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിയും അകാലിദള്‍ നേതാവുമായ പ്രകാശ്‌സിങ് ബാദല്‍, മോദിക്ക് കത്തയച്ചിരുന്നു. എന്നാല്‍, എത്രപേരെ കരിമ്പട്ടികയില്‍ നിന്നു നീക്കിയെന്നു വ്യക്തമല്ല.
അടുത്ത വര്‍ഷം പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കു പ്രാധാന്യമുണ്ട്. മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ സിഖുകാര്‍ക്കെതിരായ എല്ലാ കേസുകളും നീക്കണമെന്ന് ബാദല്‍ ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടനില്‍ താമസിക്കുന്ന സിഖുകാരും ഇതേ ആവശ്യമുന്നയിച്ച് കേന്ദ്രസര്‍ക്കാരിനു കത്തെഴുതിയിട്ടുണ്ട്.
1980കള്‍ക്കു ശേഷം നിരവധി സിഖ് കുടുംബങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നു. രാഷ്ട്രീയാഭയം തേടി നിരവധി സിഖുകാര്‍ യുഎസ്, കാനഡ, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്കും കുടിയേറി. ആയിരക്കണക്കിനു സിഖുകാരാണ് കേന്ദ്രത്തിന്റെ കരിമ്പട്ടികയിലുള്ളത്.
Next Story

RELATED STORIES

Share it