വിദേശ സംഭാവന: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍(എഫ്‌സിആര്‍എ) മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി വരുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്.
വിദേശ ഇന്ത്യക്കാരുടെ നേതൃത്വത്തിലുള്ള കമ്പനികള്‍ ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംശയകരമായ രാഷ്ട്രീയ സംഭാവനകള്‍ സഹായിക്കുന്നതിനാണ് 1976 ലെ എഫ്‌സിആര്‍എ നിയമം ഭേദഗതി വരുത്തിയതെന്നാണു ഹരജിയില്‍ പറയുന്നത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) എന്ന സന്നദ്ധസംഘടനയ്ക്ക് വേണ്ടി പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ആണ് കോടതിയില്‍ ഹാജരായത്. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വിദേശ കമ്പനി ഗണത്തില്‍ വരുന്ന കമ്പനികളില്‍ നിന്നു പണം സ്വീകരിക്കുന്നതിനുള്ള, നിയമപരമായി തടസ്സം നീക്കുന്നതിന് വിദേശ കമ്പനി എന്ന നിര്‍വചനത്തില്‍ മാറ്റം വരുത്തിയാണ് മോദി സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്.
പഴയ നിയമപ്രകാരം 50 ശതമാനത്തില്‍ അധികം വിദേശ ഓഹരികളുള്ള എല്ലാ കമ്പനിയും വിദേശ കമ്പനി എന്ന ഗണത്തിലാണ് പെട്ടിരുന്നത് ഈ നിര്‍വചനത്തില്‍ മാറ്റം വരുത്തി ഇന്ത്യക്കാരനായ ഡയറക്ടറോ നിശ്ചിത എണ്ണം ഇന്ത്യന്‍ തൊഴിലാളികളോ ഉള്ള കമ്പനികളെ ഇന്ത്യന്‍ അനുബന്ധ കമ്പനികളുടെ ഗണത്തില്‍ പെടുത്തിയാണ് നിയമഭേദഗതി വരുത്തിയിരുന്നത്. എന്നാല്‍, രാജ്യസഭയില്‍ ധന ബില്ലായി അവതരിപ്പിച്ച നിയമ ഭേദഗതി നിയമ വിരുദ്ധമാണെന്നാണ് ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചത്.
വിദേശ ഇന്ത്യക്കാരുടെ നേതൃത്വത്തിലുള്ള വേദാന്ത അടക്കമുള്ള വിവാദ കമ്പനികള്‍ ബിജെപി, കോണ്‍ഗ്രസ് കക്ഷികള്‍ക്ക് നിയമവിരുദ്ധമായി സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന ഡല്‍ഹി ഹൈക്കോടതിയുടെ 2014 മാര്‍ച്ച് 28ലെ ഉത്തരവിന് ശേഷമാണ് കോടതി നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്. പുതിയ നിര്‍വചനം അനുസരിച്ച് ഒരു ഇന്ത്യന്‍ കമ്പനിയിലെ വിദേശ നിക്ഷേപം ആ മേഖലയില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വിദേശ നിക്ഷേപ പരിധിക്കുള്ളിലാണെങ്കില്‍ ആ കമ്പനിയുടെ വിദേശ ഉടമസ്ഥാവകാശത്തെ “ഇന്ത്യന്‍’ എന്ന് വിളിക്കാമെന്ന് മാറ്റിയാണ് നിയമം നിര്‍മിച്ചത്.
Next Story

RELATED STORIES

Share it