kannur local

വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കണം: ചേംബര്‍

കണ്ണൂര്‍: സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തുടക്കം മുതല്‍ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രധാനമന്ത്രിയോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിനു വേണ്ട എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായ കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങിയാല്‍ കണ്ണൂര്‍ വിമാനത്താവളത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കാന്‍ പോവുന്നത് ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള വിദേശയാത്രികരായിരിക്കും.
യാത്രക്കാരുടെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ ഇന്ത്യയിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, പോലുള്ള വിമാനകമ്പനികള്‍ക്ക് അവരുടെ മീഡിയം എയര്‍ക്രാഫ്റ്റ് കൊണ്ട് കഴിയില്ല. അതിന് എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വേയ്‌സ് തുടങ്ങിയ കമ്പനികളുടെ സേവനം തന്നെ വേണം.
കാര്‍ഷികോല്‍പന്നങ്ങളും കൈത്തറി അടക്കമുള്ള മറ്റ് ഉല്‍പന്നങ്ങളും വന്‍തോതില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ വിമാനത്താവളം വഴി കഴിയും. പച്ചക്കറികളും പഴവര്‍ഗങ്ങളും പുഷ്പം, മല്‍സ്യം, പരമ്പരാഗത വ്യവസായിക ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം കൂടി 20000 ടണ്ണിലധികം കാര്‍ഗോ ആദ്യവര്‍ഷം തന്നെ കണ്ണൂര്‍ വിമാനത്താവളം വഴി കയറ്റി അയക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. പ്രതിദിനം 55 ടണ്‍ പച്ചക്കറി മാത്രം വാങ്ങാന്‍ ഒട്ടേറെ ഗള്‍ഫ് ബിസിനസുകാര്‍ മുന്നോട്ടുവന്നിട്ടുണ്ട്.
വിദേശ വിമാനങ്ങള്‍ക്കു മാത്രമേ ഇത്രയും കാര്‍ഗോ അയക്കാനുള്ള ശേഷിയുള്ളൂ. ഇത് പരിഗണിച്ച് കണ്ണൂര്‍ വിമാനത്താവളത്തെ പൂര്‍ണമായും അന്താരാഷ്ട്ര വിമാനത്താവളമെന്ന നിലയില്‍ കണ്ട് വിദേശ വിമാനകമ്പനികള്‍ക്ക് ഓപറേറ്റ് ചെയ്യാന്‍ പോര്‍ട്ട് ഓഫ് കോള്‍ ആയി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it