വിദേശ വിമാനങ്ങള്‍ക്ക് കണ്ണൂരിലേക്ക് അനുമതിയില്ല

കബീര്‍ എടവണ്ണ

ദുബയ്: നിര്‍മാണം പൂര്‍ത്തിയായ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്താന്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് ഉടന്‍ അനുമതിയില്ല. ഫ്‌ളൈ ദുബയ്, ഖത്തര്‍ എയര്‍വേയ്‌സ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഗള്‍ഫ് എയര്‍ തുടങ്ങിയ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്താന്‍ താല്‍പര്യം അറിയിച്ചെങ്കിലും കേന്ദ്ര വ്യോമയാനമന്ത്രാലയം അനുമതി നിഷേധിച്ചു.
ഇന്ത്യയിലെ വിമാനക്കമ്പനികളുടെ സമ്മര്‍ദം കാരണമാണ് വ്യോമയാനമന്ത്രാലയം അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. അതേസമയം, വിദേശരാജ്യങ്ങളിലേക്കടക്കം സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതിയും നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ ദുബയിലേക്ക് നിലവിലുള്ള 65,000 സീറ്റിന് പുറമേ അരലക്ഷം സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കാനാണ് ദുബയ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്. 18,000 സീറ്റുള്ള ഷാര്‍ജയിലേക്ക് 15,000 സീറ്റുകള്‍ കൂടിയാണ് എയര്‍ അറേബ്യക്ക് വേണ്ടി ആവശ്യപ്പെട്ടിരുന്നത്. സമാനമായ ആവശ്യമാണ് ഒമാനും ഖത്തറും ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ ആവശ്യങ്ങളെല്ലാം തന്നെ വ്യോമയാനമന്ത്രാലയം നിരസിച്ചിരിക്കുകയാണ്.
കണ്ണൂരിനു പുറമേ ഗോവ, കോയമ്പത്തൂര്‍, ചണ്ഡീഗഡ് അടക്കം 12 സെക്റ്ററുകളിലേക്ക് സര്‍വീസ് നടത്താനാണ് വിദേശ വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്്. ഇതുമായി ബന്ധപ്പെട്ട് വ്യോമയാനമന്ത്രാലയത്തിന്റെ യോഗം അടുത്ത വര്‍ഷം ഫെബ്രുവരിയിലാണു നടക്കുക. അതിനുശേഷം മാത്രമായിരിക്കും കണ്ണൂരിലേക്ക് വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുക. ഇന്ത്യ-യുഎഇ സെക്റ്ററില്‍ കഴിഞ്ഞ വര്‍ഷം 60 ദശലക്ഷം പേരാണ് യാത്രചെയ്തിരുന്നത്്.
Next Story

RELATED STORIES

Share it