വിദേശ വനിതയുടെ മരണം; അസ്വാഭാവികതയില്ലെന്ന് പോലിസ് നിഗമനം, സത്യം തെളിയുന്നതുവരെ ഇന്ത്യ വിട്ടുപോവില്ലെന്ന് ലിഗയുടെ സഹോദരി

തിരുവനന്തപുരം: തിരുവല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഐറിഷ് വനിത ലിഗയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന വിലയിരുത്തലില്‍ പോലിസ്. യുവതിയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ല. എല്ലുകളും മറ്റും യഥാസ്ഥാനത്താണ്. മരണകാരണം വിഷം ഉള്ളില്‍ ചെന്നതാവാമെന്ന സംശയത്തിലാണ് പോലിസ്.
ഇന്നലെയും മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് പോലിസ് തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും ലഭിച്ചിട്ടില്ല. വിദേശികളുടെ കൈയില്‍ സാധാരണ ഉണ്ടായിരിക്കേണ്ട പാസ്‌പോര്‍ട്ടോ അതിന്റെ കോപ്പിയോ ലിഗയുടെ കൈവശം ഉണ്ടായിരുന്നില്ല. ഒരു ലെറ്ററും സിഗരറ്റും മാത്രമാണ് ലഭിച്ചതെന്നും പോലിസ് വ്യക്തമാക്കി.  മൃതദേഹം പഴകിയപ്പോള്‍ നായയോ മറ്റോ കടിച്ചതാവാം തല അറ്റ നിലയില്‍ കണ്ടെത്തിയതെന്നാണ് പോലിസ് നിഗമനം. ഒരു പാദവും വേര്‍പെട്ട നിലയിലാണ് കണ്ടത്തിയത്. ഇതിനാല്‍ മരണകാരണം രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷമേ അറിയാനാവൂ എന്നും പോലിസ് അറിയിച്ചു. ആന്തരിക അവയവ ഭാഗങ്ങള്‍ പരിശോധനയ്ക്കായി കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം ലഭിച്ചാലേ മരണകാരണം അറിയാന്‍ കഴിയൂവെന്ന്് പോലിസ് വ്യക്തമാക്കി.
അതേസമയം, അന്വേഷണം മറ്റുസാധ്യതകളിലേക്ക് പോലിസ് വ്യാപിപ്പിച്ചിട്ടുണ്ട്. ആത്മഹത്യയാണെങ്കിലും കൊലപാതകമാണെങ്കിലും ലിഗയ്ക്ക് ഒറ്റയ്ക്ക് കണ്ടല്‍ക്കാട് നിറഞ്ഞ പ്രദേശത്ത് എത്താനാവില്ലെന്ന്് പോലിസ് പറയുന്നു. ഇതുതന്നെയാണ് ലിഗയുടെ ബന്ധുക്കളും ഉയര്‍ത്തുന്ന ചോദ്യം. കോവളത്തെ ലഹരി മരുന്ന് സംഘങ്ങളുടെ പട്ടിക സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ലഹരി മരുന്ന് കേസുകളില്‍ മുമ്പ് പിടിയിലായിട്ടുള്ളവരെ പോലിസ് നിരീക്ഷിച്ചു വരുകയാണ്. ബോട്ടുകളിലും വള്ളങ്ങളിലും ടൂറിസ്റ്റുകളെ കൊണ്ടു പോവുന്നവരുടെ പട്ടികയും പോലിസിന് ലഭിച്ചു. മൃദേഹം കണ്ടെത്തിയ സ്ഥലത്ത് ലിഗയ്ക്ക് ഒറ്റയ്ക്ക്  എത്താനാവില്ലെന്ന് സഹോദരി ഇലിസ് പറഞ്ഞു. ലിഗ ആത്മഹത്യ ചെയ്യില്ല. സത്യം കണ്ടെത്തുന്നതുവരെ ഇന്ത്യ വിട്ടുപോവില്ല. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഇലിസ് വ്യക്തമാക്കി.  അതേസമയം, ഭാര്യയെ കാണാതായെന്നുകാട്ടി നല്‍കിയ പരാതി പോലിസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്്തതെന്ന് ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് ആരോപിച്ചു. അയര്‍ലന്‍ഡിലെത്തിയ അദ്ദേഹം അവിടത്തെ ഒരു സ്വകാര്യ റേഡിയോടാണ് ഇതുസംബന്ധിച്ച് പ്രതികരിച്ചത്.
പരാതിയുമായി പോലിസ് ഉദ്യോഗസ്ഥരെ സമീപിപ്പിച്ചപ്പോഴൊക്കെ ലിഗ മറ്റെവിടേയ്‌ക്കെങ്കിലും അവധിയാഘോഷിക്കന്‍ പോയതാവാമെന്നാണ് പോലിസ് പറഞ്ഞത്. രണ്ടാഴ്ച വേണ്ടിവന്നു കാര്യങ്ങളുടെ ഗൗരവം അവര്‍ക്ക് മനസ്സിലാക്കിയെടുക്കാന്‍.  മാനസികാസ്വാസ്ഥ്യമുണ്ടെന്നാരോപിച്ച് തന്നെയും നിര്‍ബന്ധിത വൈദ്യചികില്‍സയ്ക്ക് പോലിസുകാര്‍ വിധേയരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it