വിദേശ മദ്യം വില്‍പന നടത്തിയ അഭിഭാഷകന്‍ പിടിയില്‍

ചേര്‍പ്പ്: വിദേശമദ്യ വില്‍പന നടത്തിയ അഭിഭാഷകനെ തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഷാഡോ എക്‌സൈസ് സംഘവും ചേര്‍പ്പ് റേഞ്ച് ഓഫിസ് സംഘവും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടി. പെരിങ്ങോട്ടുകര കോണഞ്ചേരി ശൈലന്‍ എന്ന ശൈലേന്ദ്രനാഥി(43)നെയാണ് 4.700 ലിറ്റര്‍ വിദേശമദ്യവും മറ്റുപകരണങ്ങളും വില്‍പന തുകയായ 6100 രൂപയും സഹിതം ചേര്‍പ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ ജിജി പോള്‍ അറസ്റ്റ് ചെയ്തത്. തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി വി റാഫേലിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പ്രത്യേക റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. തൃശൂരിലെ കോടതികളില്‍ പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകനാണ്. തമിഴ്‌നാട്ടുകാരായ ചില സഹായികളോടൊത്തു മൂന്നു ലിറ്റര്‍ വീതം വിദേശമദ്യം വാങ്ങി സ്വന്തം വീട് കേന്ദ്രീകരിച്ചാണ് ഇയാള്‍ മദ്യവില്‍പന നടത്തിവന്നത്. 180 മി.ലിറ്റര്‍, 250 മി.ലിറ്റര്‍ വീതം ചെറിയ കുപ്പികളിലാക്കി 200, 300 രൂപ നിരക്കിലാണ് വില്‍പന നടത്തിയിരുന്നത്. ബിവറേജസ് അവധിദിനങ്ങളില്‍ ധാരാളം വിദേശമദ്യം സ്റ്റോക്ക് ചെയ്താണ് വില്‍പന നടത്തിവന്നത്. ഇയാള്‍ക്കെതിരേ അന്തിക്കാട് പോലിസ് സ്‌റ്റേഷനില്‍ ഒരു അബ്കാരി കേസ് നിലവിലുണ്ട്. കെ എസ് സതീഷ്‌കുമാര്‍, കെ യു ബൈജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ കെ വല്‍സന്‍, ടി ജെ ജോജോ, ഡെല്‍സന്‍ കെ ഡേവിസ്, പി ശശികുമാര്‍, കെ കെ രാജു, എ എം ദേവരാജന്‍, ഒ ജെ രാജീവ്, വി ആര്‍ ജോര്‍ജ്, പി എസ് സിജന്‍ എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്.
Next Story

RELATED STORIES

Share it