Flash News

വിദേശ നിക്ഷേപത്തിന് പൂര്‍ണ ഇളവ്‌

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: രാജ്യത്തെ ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന രീതിയില്‍ വിദേശ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ ഇളവനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒറ്റ ബ്രാന്‍ഡ് ചില്ലറവില്‍പന മേഖലയില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. നിര്‍മാണ മേഖലയിലും 100 ശതമാനം വിദേശ നിക്ഷേപത്തിന് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
ചില്ലറവില്‍പന മേഖലയില്‍ നൂറു ശതമാനം വിദേശ നിക്ഷേപത്തിന് നിലവില്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍, നേരത്തേ 49 മുതല്‍ 100 ശതമാനം വരെ വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു. ഈ നിബന്ധനയാണ് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്. നിര്‍മാണ മേഖലയിലും സര്‍ക്കാര്‍ അനുമതി ആവശ്യമില്ലാതെ 100 ശതമാനം നിക്ഷേപം നടത്താനാവും. കൂടാതെ, എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിനും അനുമതി നല്‍കിയിട്ടുണ്ട്.
വൈദ്യുതി വിതരണം, ഔഷധനിര്‍മാണ മേഖല, ഓഡിറ്റ് സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലും വിദേശ നിക്ഷേപം കൂടുതല്‍ സ്വതന്ത്രമാക്കുകയും ലളിതവല്‍ക്കരിക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപത്തിന്റെ പരിധി എടുത്തുകളയാന്‍ തീരുമാനിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ന്യായീകരണം. രാജ്യത്തേക്ക് വിദേശ നിക്ഷേപം കൂടുതല്‍ എത്തുന്നതോടെ മൊത്ത ആഭ്യന്തര വളര്‍ച്ചയുടെ (ജിഡിപി) നിരക്ക് വര്‍ധിപ്പിക്കാനാവുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
എയര്‍ ഇന്ത്യയിലെ വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനമാക്കിയതോടെ, വിദേശ വിമാനക്കമ്പനികള്‍ക്ക് ഇനി 49 ശതമാനം വരെ എയര്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ അനുമതിയോടെ നിക്ഷേപിക്കാനാവും. അതേസമയം, നിക്ഷേപ പരിധി 49 ശതമാനമാക്കി നിജപ്പെടുത്തിയതിനാല്‍ ഉടമാവകാശം സര്‍ക്കാരിനു തന്നെയായിരിക്കും.
നോട്ട് അസാധുവാക്കല്‍, ചരക്കുസേവന നികുതി നടപ്പാക്കിയതിലെ അപാകത എന്നിവ മൂലം സാമ്പത്തിക മേഖലയിലുണ്ടായ മാന്ദ്യം മറികടക്കാനാണ് പുതിയ തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെത്തിയ വിദേശനിക്ഷേപത്തിന്റെ അളവ് 6008 കോടി ഡോളറായിരുന്നു. പുതിയ ഇളവോടെ ഇത് 10,000 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് അടക്കമുള്ള വ്യാപാര സംഘടനകളും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ തിരഞ്ഞെടുപ്പു കാലത്തെ വാഗ്ദാനങ്ങള്‍ ലംഘിച്ചുവെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി. ദാവോസ് സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ പോവുന്നതിന് മുമ്പുള്ള പ്രധാനമന്ത്രി മോദിയുടെ വെറുമൊരു മോടികാട്ടല്‍ മാത്രമാണിതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശര്‍മയുടെ പ്രതികരണം.
Next Story

RELATED STORIES

Share it