Flash News

വിദേശ തൊഴില്‍: പട്ടികവിഭാഗക്കാര്‍ക്ക് വിസയും ടിക്കറ്റും തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കും

കൊണ്ടോട്ടി: വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോവുന്ന പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ യുവതീയുവാക്കള്‍ ഇനി വിസയും വിമാന ടിക്കറ്റുമെടുക്കാന്‍ കെട്ടുതാലിയും ആധാരവും പണയപ്പെടുത്തേണ്ട. അവര്‍ക്ക് ലഭിച്ച വിസയും വിമാന ടിക്കറ്റും തദ്ദേശസ്ഥാപനങ്ങളില്‍ എത്തിച്ച് സാക്ഷ്യപ്പെടുത്തിയാല്‍ ഒരുലക്ഷം രൂപ വരെ സാമ്പത്തികസഹായം ലഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ പുതിയ വാര്‍ഷികപദ്ധതിയിലാണ് വിദേശ തൊഴിലിനു പോവുന്ന പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരുലക്ഷം രൂപ വരെ അനുവദിക്കാന്‍ നിര്‍ദേശിച്ചത്. നേരത്തേ 50,000 രൂപയായിരുന്നു നല്‍കിയിരുന്നത്. ഇതാണ് ഇരട്ടിയായി വര്‍ധിപ്പിച്ചത്.
വിദേശ തൊഴില്‍ ധനസഹായം ആവശ്യമുള്ളവര്‍ വിസയും വിമാന ടിക്കറ്റും തദ്ദേശ സ്ഥാപനങ്ങളില്‍ ഹാജരാക്കണമെന്നാണു നിബന്ധന. നിര്‍ധനരായ കുടുംബങ്ങള്‍ക്കാണ് പദ്ധതി വഴി മുന്‍ഗണന നല്‍കുക. അര്‍ഹതയുള്ളവരുടെ ഗുണഭോക്തൃ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് ഗ്രാമസഭയില്‍ അവതരിപ്പിക്കുകയും ചെയ്യും. ഗുണഭോക്താവിന്റെ കുടുംബത്തിനു ലഭിച്ചിട്ടുള്ള മറ്റ് ആനുകൂല്യങ്ങള്‍ പ്രവാസ ആനുകൂല്യ സ്വീകരണത്തിനു തടസ്സമാവുകയില്ല. ഇതോടൊപ്പം തന്നെ സംസ്ഥാന-ജില്ലാ കലോല്‍സവങ്ങളില്‍ മല്‍സരിക്കാന്‍ അര്‍ഹത നേടിയ പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ധനസഹായവും ഗ്രാമപ്പഞ്ചായത്തുകളും നഗരസഭകളും നല്‍കും.
സ്‌കൂള്‍, കോളജ് തലങ്ങളില്‍ നടത്തുന്ന കലാ-കായിക മല്‍സരങ്ങളില്‍ വിജയിച്ച് ജില്ലാ-സംസ്ഥാന തലങ്ങളിലെ മല്‍സരത്തിനു പങ്കെടുക്കാന്‍ സാമ്പത്തികശേഷിയില്ലാത്തവര്‍ക്കാണ് തദ്ദേശസ്ഥാപനങ്ങള്‍ സഹായം നല്‍കുക. മല്‍സരത്തിനു വിദ്യാര്‍ഥികള്‍ക്ക് തയ്യാറെടുപ്പു നടത്തുന്നതിനും യാത്രക്കൂലിക്കുമാണ് സാമ്പത്തികസഹായം അനുവദിക്കുക. സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രം ഹാജരാക്കണമെന്നാണു നിബന്ധന. സ്‌കൂള്‍തലത്തില്‍ നിന്ന് ജില്ലാതലത്തിലേക്ക് വിജയിച്ച വിദ്യാര്‍ഥിക്ക് 300 രൂപ സഹായവും 200 രൂപ യാത്രാബത്തയും ഉള്‍പ്പെടെ 500 രൂപ അനുവദിക്കും.
ജില്ലയില്‍നിന്ന് സംസ്ഥാനതലത്തിലേക്ക് വിജയിച്ചവര്‍ക്ക് 600 രൂപയും യാത്രാബത്ത 400 രൂപയും അടക്കം 1,000 രൂപ നല്‍കും. കോളജ് തലത്തില്‍ നിന്ന് ജില്ലാതലത്തിലേക്കു മല്‍സരിച്ചു വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് 400 രൂപയും 300 രൂപ യാത്രച്ചെലവുമടക്കം 700 രൂപ ലഭിക്കും. യൂനിവേഴ്‌സിറ്റിയില്‍നിന്ന് സംസ്ഥാനതലത്തിലേക്ക് വിജയച്ചവര്‍ക്ക് 1,000 രൂപയും 500 രൂപ യാത്രക്കൂലിയും ഉള്‍െപ്പടെ 1,500 രൂപയാണ് അനുവദിക്കുക.
ജില്ലാ കലോല്‍സവങ്ങള്‍, ജില്ലാ കായികമേളകള്‍, യൂനിവേഴ്‌സിറ്റിതല മല്‍സരങ്ങള്‍ എന്നിവയില്‍ വിജയിച്ച് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ മേഖലയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാനും കഴിവു വികസിപ്പിക്കാനും സഹായകമാവുന്ന ഉപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായവും ത്രിതല പഞ്ചായത്തുകള്‍ വഴി ലഭിക്കും.
Next Story

RELATED STORIES

Share it