Idukki local

വിദേശ ജോലി വാഗ്ദാനം ചെയ്ത് കൂലിപ്പണി ചെയ്യിച്ച ശേഷം വഞ്ചിച്ചെന്നു പരാതി

ചെങ്ങന്നൂര്‍: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാവിനെ കൊണ്ട് വീട്ടുപണിയും കൂലിപ്പണിയും ചെയ്യിച്ച ശേഷം വഞ്ചിച്ചെന്നു പരാതി. ചെങ്ങന്നൂര്‍ ആലാ പഞ്ചായത്ത് 12ാം വാര്‍ഡില്‍ മോടിയില്‍ വീട്ടില്‍ നിഖില്‍ (41) ആണ് വാര്‍ത്താസമ്മേളനത്തില്‍ പരാതി ഉന്നയിച്ചതും നഷ്ടപരിഹാരമായി കോടതി വിധിച്ച പണം നല്‍കിയില്ലെന്നാരോപിച്ചതും.
ഇയാള്‍ ബാംഗ്ലൂരില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. മക്കളുടെ രോഗത്തെ തുടര്‍ന്ന് തിരികെ എത്തുകയും ഇതേ വാര്‍ഡില്‍ ഒരു വിദേശ മലയാളിയുടെ വീട്ടില്‍ റബര്‍ ടാപ്പിങ് ജോലിക്കാരനായി ചേരുകയും ചെയ്തു. ടാപ്പിങ് ജോലിക്കു പുറമേ മതിലു പണി, വീട്ടുപണി എന്നിവയും ഇയാളെ കൊണ്ട് ചെയ്യിച്ചിരുന്നു.
പ്രതിദിനം 450 രൂപയാണ് കൂലിയായി നിശ്ചയിച്ചത്. ഇതില്‍ 100 രൂപ ഉടമസ്ഥന്‍ സ്വന്തമായി സൂക്ഷിക്കുകയും വിദേശത്ത് കൊണ്ടുപോവാനുള്ള പണമാവുമ്പോള്‍ വിസാ നല്‍കാമെന്നു വാഗ്ദാനവും ചെയ്തു. 2006 മുതല്‍ 2012 വരെ 7 വര്‍ഷം ഇവിടെ ജോലി ചെയ്തിട്ടും ഗള്‍ഫില്‍ കൊണ്ടുപോവാത്തതിനെ തുടര്‍ന്ന് ഇയാള്‍ തന്റെ കൂലിയില്‍ നിന്ന് പിടിച്ചെടുത്ത 100 രൂപ കണക്ക് കൂട്ടി 1.49 ലക്ഷം രൂപ തിരികെ തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വീട്ടുടമ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ പരാതി നല്‍കുകയും 75000 രൂപ കോടതി ഉത്തരവിലൂടെ അനുവദിക്കുകയും ചെയ്തു.
എന്നാല്‍ ഈ പണവും താരാതിരിക്കാനാണ് വീട്ടുടമസ്ഥന്‍ ശ്രമിക്കുന്നതെന്ന് ഇയാള്‍ പറയുന്നു. ആലപ്പുഴ കലക്ടര്‍ക്ക് 2016 ജൂണ്‍ 13നും തിരുവനന്തപുരം ലേബര്‍ കമ്മീഷണര്‍ക്ക് 2014 ഫെബ്രുവരി 26നും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
അവസാനം ആലപ്പുഴ പുഞ്ച സ്‌പെഷ്യല്‍ ഓഫിസറും അഗ്രികള്‍ച്ചറല്‍ ട്രൈബ്യൂനല്‍ വിധി പ്രകാരം ഇയാള്‍ക്ക് മുക്കാല്‍ ലക്ഷം രൂപ ലഭിക്കാന്‍ അര്‍ഹത ഉണ്ടെന്ന് ഉത്തരവിട്ടുണ്ട്. നാളിതു വരെ പണം നല്‍കിയിട്ടില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. വിദേശ ജോലി സ്വപ്‌നം കണ്ട് കാലങ്ങളോളം കൂലിപ്പണിയെടുത്തിട്ടും ഗള്‍ഫ് സ്വപ്‌നം സാധ്യമാവുകയോ അര്‍ഹമായ കൂലി ലഭിക്കുകയോ ചെയ്തില്ലെന്നാണ് ഇയാളുടെ പരാതി.
Next Story

RELATED STORIES

Share it