Flash News

വിദേശ ചരക്കുകപ്പല്‍ മല്‍സ്യബന്ധന ബോട്ടില്‍ ഇടിച്ച സംഭവം : തീരദേശ പോലിസ് നാവിക സേനയുടെ സഹായം തേടി



കൊച്ചി: മല്‍സ്യ ബന്ധനബോട്ടില്‍ വിദേശ ചരക്കുകപ്പല്‍ അംബര്‍എല്‍ ഇടിച്ച സ്ഥലം കൃത്യമായി കണ്ടെത്തുന്നതിന് തീരദേശ പോലിസ് നാവിക സേനയുടെ സഹായം തേടി. വിദേശ കപ്പലില്‍ നിന്നും പിടിച്ചെടുത്ത രേഖകളുടെ പരിശോധനാ ഫലം മൂന്ന് ദിവസത്തിനകം ലഭിക്കും.അപകടമുണ്ടാക്കിയ കപ്പലിന്റെ യാത്ര പാത സംബന്ധിച്ച ജിപിഎസ് വിവരം നാവിക സേനയുടെ കൈവശമുണ്ട്. ഇരുമ്പില്‍ നിര്‍മിച്ച മല്‍സ്യ ബന്ധനബോട്ട് ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന് കടലില്‍ മുങ്ങുകയായിരുന്നു. ഈ പ്രദേശത്ത് 40 മീറ്റര്‍ ആഴമുണ്ടെന്നാണ് വിലയിരുത്തല്‍. നാവിക സേനയുടെ സഹായത്തേടെ അപകടം നടന്ന പ്രദേശം കണ്ടെത്തിയാല്‍ കേസനേഷണത്തിന് ഗുണകരമാവുമെന്ന് തീരദേശ പോലിസ് സിഐ ടി എം വര്‍ഗീസ് പറഞ്ഞു. ബോട്ട് നങ്കൂരമിട്ട സ്ഥലത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഒഴിവാക്കാനും ഇത് സഹായിക്കും. കപ്പലില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളുടെയും രേഖകളുടെയും പരിശോധന മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തുടരുകയാണ്. പരിശോധനാ ഫലം മൂന്ന് ദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇതിന്‌ശേഷമെ കേസിന്റെ മറ്റ് നടപടികള്‍ ആരംഭിക്കാനാവൂയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുറംകടലില്‍ ബര്‍ത്ത് ചെയ്തിരിക്കുന്ന ചരക്കുകപ്പല്‍ ആംബര്‍ കൊച്ചി തുറമുഖത്ത് എത്തിക്കുന്നതിന് ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. വലിയ കപ്പലില്‍ നിറയെ വളമായതിനാല്‍ കപ്പല്‍ തുറമുഖത്ത് അടുപ്പിക്കാനാവില്ല. ഇവിടുത്തെ കപ്പല്‍ ചാലില്‍ അംബര്‍ കുടുങ്ങിപ്പോവാനും സാധ്യതയുണ്ട്. കപ്പല്‍ തുറമുഖത്ത് അടുപ്പിക്കാനുള്ള സൗകര്യമില്ലെന്നാണ് തുറമുഖ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അപകടമുണ്ടാക്കിയ കപ്പല്‍ തീരം വിടാതിരിക്കാന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നാവികസേനയുടെയും കപ്പലുകള്‍ നിരീക്ഷിക്കുന്നുണ്ട്. കപ്പലില്‍ ഇന്നലെയും മര്‍ക്കന്റൈല്‍ വിഭാഗം പരിശോധന നടത്തി.ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് കൊച്ചി അഴിമുഖത്ത് നിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് അംബര്‍ എല്‍ എന്ന വിദേശ ചരക്ക് കപ്പല്‍ കാര്‍മല്‍ മാതാ എന്ന ബോട്ട് ഇടിച്ചു തകര്‍ത്തത്. 14 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ രക്ഷപെട്ടു.  അസം സ്വദേശി രാഹുല്‍ ദാസ് (24), തമിഴ്‌നാട് കുളച്ചല്‍ സ്വദേശി ആന്റണി ജോണ്‍ എന്ന് വിളിക്കുന്ന തമ്പി ദുരൈ(45) എന്നിവര്‍ മരിക്കുകയും അസം സ്വദേശി മോത്തി ദാസ് (27) നെ കാണാതാവുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it