വിദേശ ഇന്ത്യക്കാരുടെ വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യണം

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരുടെ വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ  മന്ത്രി മേനകാ ഗാന്ധി. പ്രവാസികളുടെ വിവാഹങ്ങള്‍ വിവാഹാഘോഷത്തിന് ശേഷം 48 മണിക്കൂറിനുള്ളില്‍  രജിസ്റ്റര്‍ ചെയ്യണം. അല്ലാത്തപക്ഷം ഇത്തരം എന്‍ആര്‍ഐ പൗരന്‍മാരുടെ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളുണ്ടാവുമെന്നാണ് മന്ത്രി മേനകാ ഗാന്ധി അറിയിച്ചത്. നിലവില്‍ ഇന്ത്യയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് നിശ്ചിത സമയപരിധിയില്ലെന്നിരിക്കെയാണ് പ്രവാസി വിവാഹങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് എന്‍ആര്‍ഐകളുടേത് ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവാഹ രജിസ്‌ട്രേഷനുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വനിതാ ശിശുക്ഷേമ മന്ത്രാലയം. രാജ്യത്തെ എല്ലാ രജിസ്ട്രാര്‍മാര്‍ക്കും വിവാഹ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കും.
ഇന്ത്യയില്‍ നിന്നു വിവാഹം ചെയ്തതിനു ശേഷം ഭാര്യമാരെ ഉപേക്ഷിച്ച് പോവുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ വ്യവസ്ഥ തയ്യാറാക്കുന്നത്.
പ്രവാസികളായ പൗരന്‍മാര്‍ അവധിയില്‍ രാജ്യത്തെത്തി വിവാഹം കഴിക്കുയും പിന്നീട് ഭാര്യമാരെ ഉപേക്ഷിച്ച് പോവുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ വിദേശകാര്യ മന്ത്രാലയം അഞ്ച് പേരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കുകയും ആറു പേര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇവരെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള വിവാഹങ്ങളുടെ വിവരങ്ങള്‍ മന്ത്രാലയം
ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നേരത്തെ വിദേശകാര്യ, വനിതാ ശിശുക്ഷേമ, നിയമകാര്യമന്ത്രാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഇത്തരം കേസുകളില്‍ പഠനം നടത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതുള്‍െപ്പടെയുള്ള ശുപാര്‍ശകളാണ് സമിതി ഇക്കാര്യത്തില്‍ മുന്നോട്ടുവച്ചിരുന്നത്.
Next Story

RELATED STORIES

Share it