ernakulam local

വിദേശിയായ തക്കാളി ആപ്പിള്‍ കൗതുകമാവുന്നു

മട്ടാഞ്ചേരി: മട്ടാഞ്ചേരി പാലസ് റോഡിലെ പഴവര്‍ഗ വില്‍പന ശാലയില്‍ പഴവര്‍ഗങ്ങളിലെ പുതിയ അതിഥിയെ കാണുന്നതിനും വാങ്ങുന്നതിനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിദേശിയായ ടുമാട്ടോ ആപ്പിള്‍ എന്ന ജര്‍മന്‍ പഴമാണ് ആളുകളെ ആകര്‍ഷിക്കുന്നത്. സംഗതി കൊള്ളാമല്ലോയെന്ന് കരുതി വാങ്ങാന്‍ എത്തിയാല്‍ കൈ ഒന്ന് പൊള്ളും. കിലോയ്ക്ക് മുന്നൂറ് രൂപയാണ് ഈ ജര്‍മന്‍ താരത്തിന്റെ വില.
ഷാരോണ്‍, പര്‍ഷിമന്‍ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന പഴം കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ തക്കാളിയാണെന്നേ തോന്നൂ. ആദ്യമെല്ലാം കടയില്‍ വന്നിരുന്നവര്‍ തക്കാളിയാണെന്ന് കരുതി വാങ്ങാതെ പോയിട്ടുണ്ട്. പഴത്തിന്റെ രുചിയും ഗമയും അറിഞ്ഞതോടെ സംഗതി ഇത്തിരി വില കൂടുതലാണെങ്കിലും ഇപ്പോള്‍ ആവശ്യക്കാരേറെയാണെന്ന് കടയുടമ സാക്ഷ്യപ്പെടുത്തുന്നു. മട്ടാഞ്ചേരി പാലസ് റോഡിലാണ് സാധാരണയായി വിദേശ പഴങ്ങള്‍ ആദ്യമെത്തുന്നത്. റമദാന്‍ വ്രത സമയത്താണ് സാധാരണയായി വിദേശയിനത്തില്‍പ്പെട്ട പഴങ്ങള്‍ കൂടുതലായും എത്തുന്നത്. എന്തായാലും പുതിയ അതിഥിക്ക് ഇപ്പോള്‍ വലിയ ഡിമാന്റാണ് വിപണിയിലുള്ളത്.
Next Story

RELATED STORIES

Share it