Flash News

വിദേശയാത്രയില്‍ ഒബാമയെയും തോല്‍പിച്ച് മോദി

ന്യൂഡല്‍ഹി: വിദേശയാത്രകളില്‍ ഒബാമയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിലാക്കി. ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ആദ്യ രണ്ടുവര്‍ഷം സന്ദര്‍ശിച്ചതിനെക്കാള്‍ വിദേശ രാജ്യങ്ങള്‍ നരേന്ദ്ര മോദി സന്ദര്‍ശിച്ചു.
2014 മെയില്‍ അധികാരമേറ്റ ശേഷം രണ്ടുവര്‍ഷക്കാലയളവില്‍ നരേന്ദ്ര മോദി 35 രാജ്യങ്ങളാണു സന്ദര്‍ശിച്ചത്. എന്നാല്‍, 2009 ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റായ ഒബാമയ്ക്ക് ആദ്യ രണ്ടുവര്‍ഷങ്ങളില്‍ 25 രാജ്യങ്ങള്‍ മാത്രമാണ് സന്ദര്‍ശിക്കാനായത്.
ഇക്കാലയളവില്‍ 1,56,336 മൈലുകള്‍ ഒബാമ യാത്ര ചെയതപ്പോള്‍ 1,64,187 മൈലുകളാണ് മോദി യാത്ര ചെയ്തത്. ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ചൈന, ദക്ഷിണ കൊറിയ, റഷ്യ, ബ്രിട്ടന്‍, തുര്‍ക്കി, സിംഗപ്പൂര്‍, അഫ്ഗാനിസ്താന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഇരുവരും സന്ദര്‍ശിച്ചിട്ടുണ്ട്. മോദി സന്ദര്‍ശിച്ച 35 രാജ്യങ്ങളില്‍ 21ഉം ഏഷ്യയില്‍ നിന്നും ഏഴെണ്ണം യൂറോപ്പില്‍ നിന്നുള്ളവയുമാണ്. രണ്ടുവീതം ഉത്തര അമേരിക്കന്‍, ഓഷ്യേന്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളും ഒരു ദക്ഷിണ അമേരിക്കന്‍ രാജ്യവുമാണ്. അമേരിക്കയില്‍ മോദി മൂന്നുതവണ സന്ദര്‍ശനം നടത്തിയപ്പോള്‍ ഫ്രാന്‍സ്, നേപ്പാള്‍, റഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ രണ്ടുവര്‍ഷത്തിനിടെ രണ്ടുതവണയും സന്ദര്‍ശിച്ചു.
[related]ഈ മാസം നാലിന് രാവിലെ 9.40ന് അഫ്ഗാനിസ്താനിലേക്കാണ് ആദ്യം അദ്ദേഹം പുറപ്പെട്ടത്. അന്ന് രാത്രിയോടെ ഖത്തറിലെത്തിയ മോദി 24 മണിക്കൂര്‍ അവിടെ ചെലവിട്ട ശേഷം അഞ്ചിനു രാത്രി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പറന്നു. പുലര്‍ച്ചെ 3.06ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇറങ്ങിയ മോദി വൈകീട്ട് മൂന്നരയോടെ അവിടം വിട്ടു. ഏഴിന് അര്‍ധരാത്രിയാണ് മോദി അമേരിക്കയില്‍ എത്തിയത്. അവിടുന്ന് എട്ടിന് മെക്‌സിക്കോയും സന്ദര്‍ശിച്ചാണ് ഇന്നദ്ദേഹം ഇന്ത്യയിലെത്തുക.
Next Story

RELATED STORIES

Share it