palakkad local

വിദേശമദ്യം മോഷണംപോയ സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍

പാലക്കാട്: വടക്കഞ്ചേരി ബീവറേജസില്‍ നിന്നും വിദേശ മദ്യം മോഷണം പോയ സംഭവത്തില്‍ മുന്നൂ പേര്‍ അറസ്റ്റില്‍.
കഴിഞ്ഞ സപ്തംബര്‍ 12ന് ബിവറേജസില്‍ നിന്നും 66,000 രൂപയുടെ വിദേശമദ്യം മോഷണം പോയതുമായി ബന്ധപ്പെട്ടാണ് പോലിസ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. കിഴക്കഞ്ചേരി ചിറ്റ കോളനി സിജിത്ത് എന്ന പൊന്നു (26), കൊച്ചി എടവനക്കാട് മേനക്കത്ത് വീട്ടില്‍ നിതിന്‍ (30), മേലാര്‍കോട് കിളിയല്ലി പ്രദീപ് (31) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് ബിവറേജസില്‍ നിന്നും അരകോടിയോളം രൂപയും മുപ്പത്തി അയ്യായിരത്തോളം രൂപയും മോഷണം പോയതുമായി ബന്ധപ്പെട്ട് പോലിസ് നടത്തിയ അന്വേഷണത്തിനിടെയാണ് ഈ മോഷണത്തിലെ പ്രതികളെ പിടികൂടുന്നത്. കഴിഞ്ഞ സപ്തംബര്‍ 12ന് രാത്രി 11നും 12നും ഇടയിലാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ പോലിസിനോട് സമ്മതിച്ചു.
സ്വകാര്യ ബസിലെ ക്ലീനറായ സിജിത്തും നിതിനും കൂടിയാണ് മോഷണം നടത്തിയത്. സിജിത്തിന്റെ ബന്ധുവായ നിതിന്‍ ഇടയ്ക്ക് കിഴക്കഞ്ചേരിയില്‍ വന്ന് താമസിക്കാറുണ്ടെന്ന് പറയുന്നു. ദേശീയപാതയോരത്തെ ബിവറേജസിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ നിന്നും ലിവറെടുത്ത് ബിവറേജസിന്റെ ഷട്ടര്‍ കുത്തി തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. സിജിത്ത് ഷോപ്പിനുള്ളില്‍ കടന്ന് കുപ്പികള്‍ കൗണ്ടറിലൂടെ എടുത്തുകൊടുക്കുകയായിരുന്നു.
അന്ന് ലോക്കറിലും മറ്റും പണം ഉണ്ടായിരുന്നെങ്കിലും അത് എടുക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചിരുന്നില്ല. മോഷ്ടിച്ച കുപ്പികള്‍ ചാക്കിലാക്കി ബൈക്കില്‍ ചിറ്റയിലെത്തിക്കുകയും സിജിത്ത് വീടിന് സമീപത്ത് കുഴിച്ചിടുകയും ചെയ്തു. പിന്നീട് പിടികൂടുമെന്ന ഭയത്താല്‍ സിജിത്തിന്റെ സുഹൃത്തും സ്വകാര്യ ബസിലെ കണ്ടക്ടറുമായ പ്രദീപിന്റെ സഹായത്താല്‍ കിളിയല്ലിയില്‍ പ്രദീപിന്റെ വീടിന് സമീപത്ത് കൊണ്ട് കുഴിച്ചിട്ടു. ഇവിടെ നിന്നുമാണ് പ്രതികള്‍ ആവശ്യമുള്ള മദ്യകുപ്പികള്‍ എടുത്തിരുന്നത്.
ബാക്കിയുള്ള മദ്യം പോലിസ് കിളിയല്ലിയില്‍ നിന്നും കണ്ടെടുത്തു. വടക്കഞ്ചേരി സി ഐ സി ആര്‍ സന്തോഷ്, എസ് ഐ ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it