വിദേശത്തേക്ക് യുവതികളെ കടത്തിയ കേസിലെ മുഖ്യപ്രതി ദുബയില്‍ പിടിയില്‍

കൊച്ചി: പെണ്‍വാണിഭ സംഘങ്ങള്‍ക്കുവേണ്ടി വിദേശത്തേക്ക് യുവതികളെ കടത്തിയ കേസിലെ മുഖ്യപ്രതി ദുബയില്‍ പിടിയിലായി. തൃശൂര്‍ വലപ്പാട് ചന്തപ്പടി കൊണ്ടിയറ കെ വി സുരേഷിനെയാണ് ഇന്റര്‍പോള്‍ ദുബയില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിച്ച പ്രതിയെ സി.ബി.ഐ. സംഘം അടുത്തദിവസം തെളിവെടുപ്പിനായി കേരളത്തിലേക്കു കൊണ്ടുവരും. ഇയാള്‍ക്കെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി യുവതികളെ കടത്തിയ കേസ് സി. ബി.ഐ. തിരുവനന്തപുരം യൂനിറ്റാണ് അന്വേഷിക്കുന്നത്. ഇയാള്‍ കടത്തിയ ചിറയിന്‍കീഴ്, കട്ടപ്പന സ്വദേശികളായ യുവതികള്‍ പിടിക്കപ്പെട്ടതോടെയാണ് മലയാളികള്‍ ഇടനിലക്കാരായ പെണ്‍വാണിഭ റാക്കറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. 2012 ജൂണ്‍ 11നാണ് ചിറയിന്‍കീഴ് യുവതിയെ ദുബയില്‍ ശുചീകരണ തൊഴിലാളിയായി ജോലിയും 25,000 രൂപ ശമ്പളവും വാഗ്ദാനം ചെയ്ത് പെണ്‍വാണിഭ സംഘത്തിനുവേണ്ടി കടത്തിയത്. ഇതിനുമുമ്പ് 2011 ആഗസ്ത് 17ന് കട്ടപ്പനക്കാരിയെ കടത്തിയ കേസില്‍ അന്വേഷണ സംഘം പ്രതികളെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സമാനസ്വഭാവമുള്ള കേസ് ശ്രദ്ധയില്‍പ്പെട്ടത്.

കൂടാതെ സുരേഷിന്റെ നേതൃത്വത്തില്‍ ദുബയില്‍ നടക്കുന്ന പെണ്‍വാണിഭം സംബന്ധിച്ച വിവരം ലഭിച്ചതും. മസ്‌കത്തില്‍നിന്ന് തിരുവനന്തപുരത്തേക്കു മടങ്ങിയ യുവതി മതിയായ യാത്രാരേഖകള്‍ കൈവശമില്ലാതെ മുംബൈ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടതാണ് കേസിനു വഴിത്തിരിവായത്. ഈ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് സമാന അവസ്ഥയില്‍ വഞ്ചിതരായ നിരവധി യുവതികളുടെ വിവരവും സുരേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യക്കടത്തും പെണ്‍വാണിഭവും പുറത്തറിഞ്ഞത്. അന്വേഷണം ഏറ്റെടുത്ത സി. ബി. ഐ. സുരേഷ് കടത്തിക്കൊണ്ടുപോയ എട്ടു യുവതികളുടെ വീട്ടുകാരുമായി ബന്ധപ്പെട്ട് വിവരം ശേഖരിച്ചു. ഇടപാടുകള്‍ക്കു മറയായി ദുബയില്‍ സുരേഷ് അല്‍ വാസി എന്ന പേരില്‍ സ്റ്റുഡിയോ നടത്തിയിരുന്നു. അജ്മാനിലും ഷാര്‍ജയിലും ഇയാള്‍ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.
Next Story

RELATED STORIES

Share it