വിദേശത്തെ സ്ത്രീതൊഴിലാളികളുടെ വിഷമതകള്‍ക്കു പരിഹാരം വേണം

തിരുവനന്തപുരം: പ്രവാസി സ്ത്രീതൊഴിലാളികള്‍ വിദേശത്തു നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഇവരെ അയയ്ക്കുന്ന രാജ്യങ്ങളും സ്വീകരിക്കുന്ന രാജ്യങ്ങളും കര്‍ശനമായ നിയമങ്ങള്‍ക്കു രൂപം നല്‍കണമെന്ന് ജെന്‍ഡര്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ കോവളത്തു നടക്കുന്ന പ്രഥമ ലിംഗസമത്വ രാജ്യാന്തര സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. പ്രവാസി ഇന്ത്യന്‍ തൊഴിലാളികളില്‍ 29 ശതമാനം മാത്രമാണ് സ്ത്രീകളെങ്കിലും ഇവരുടെ സ്ഥിതി ദയനീയമാണെന്ന് ഹൈദരാബാദിലെ ദേശീയ ഗാര്‍ഹിക തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപകയായ സിസ്റ്റര്‍ ഡോ. ലിസി ജോസഫ് സമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകളും വിദേശ തൊഴിലും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍. കേരളത്തെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ഉത്തര്‍പ്രദേശില്‍നിന്നാണ് കൂടുതല്‍ പേര്‍ തൊഴില്‍തേടി വിദേശത്തെത്തുന്നത്. കേരളത്തിനു പിന്നിലുള്ളതു തമിഴ്‌നാടാണ്.
സൗദി അറേബ്യയിലേക്കാണ് ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ ഒഴുക്കുള്ളത്. പ്രവാസി ഇന്ത്യന്‍ സ്ത്രീകള്‍ വിദേശത്ത് പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഗാര്‍ഹിക ജോലികളിലും ആരോഗ്യമേഖലയിലുമാണ് കൂടുതലായുള്ളതെന്നും ഇവരുടെ സംരക്ഷണത്തിനായി ഇന്ത്യയില്‍ നിയമങ്ങളുണ്ടെങ്കിലും അവ മതിയാവുന്നില്ലെന്നും ഡോ. ലിസി ചൂണ്ടിക്കാട്ടി. മികച്ച തൊഴിലവസരങ്ങളും വിദ്യാഭ്യാസവും പാര്‍പ്പിടവും ലക്ഷ്യമാക്കിയാണ് കുടിയേറ്റമെങ്കിലും ഇവര്‍ ചെന്നെത്തുന്നതു തൊഴിലില്ലായ്മ, കടക്കെണി, സമൂഹത്തിലെ ഒറ്റപ്പെടല്‍ എന്നിവയിലാണ്.
മൂന്നാറിലെ പെണ്‍കൂട്ടായ്മ കൂട്ടായ വിലപേശലിന്റെ വിജയമാണെന്ന് ഡല്‍ഹി അംബേദ്കര്‍ സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രഫസര്‍ ഡോ. സുമംഗല ദാമോദരന്‍ പറഞ്ഞു. അമേരിക്ക, ന്യൂസിലന്‍ഡ്, ആസ്‌ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ മധുരപലഹാര ഉല്‍പാദന മേഖലയിലെ പ്രക്ഷോഭങ്ങളും ഇതിനുദാഹരണമാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രഫ. നൈല കബീര്‍ ചൂണ്ടിക്കാട്ടി. ലിംഗസമത്വമെന്ന ലക്ഷ്യത്തിനായുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം ഏകീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹികനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ജെന്‍ഡര്‍ പാര്‍ക്ക്.
Next Story

RELATED STORIES

Share it