kannur local

വിദൂരവിദ്യാഭ്യാസ വിഭാഗം പിജി കോഴ്‌സുകള്‍ നിര്‍ത്തലാക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല അധികൃതര്‍ വിദൂരവിദ്യാഭ്യാസ വിഭാഗത്തോട് കാണിക്കുന്ന വിവേചനം തുടരുന്നു. സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിവരുന്ന എംഎ ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, എംഎസ്‌സി മാത്‌സ് വിഷയങ്ങള്‍ ലാഭകരമല്ലെന്നു പറഞ്ഞ് സര്‍വകലാശാല നിര്‍ത്തലാക്കാനാണു പുതിയ നീക്കം. കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി എന്നിവിടങ്ങളില്‍ നിന്നായി ബിരുദ, ബിരുദാനന്തര വിഷയങ്ങളില്‍ 35000 ത്തിലേറെ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസം വഴി ഉന്നത പഠനം നേടുന്നുണ്ട്. പിജി കോഴ്‌സ് നിര്‍ത്തലാക്കുന്നതോടെ ഈ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനം നേടുക ഏറെ ബുദ്ധിമുട്ടാവും.
ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ പീജിക്ക് സീറ്റുകള്‍ വളരെ പരിമിതമാണ്. ബിരുദത്തിന് ഉന്നതമാര്‍ക്ക് നേടുന്നവര്‍ക്കു പോലും സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ പ്രവേശനം ലഭിക്കാറില്ല. ഇത്തരക്കാര്‍ക്ക് ഏറെ ആശ്വസകരമായിരുന്നു വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിവരുന്ന കോഴ്‌സുകള്‍. യുജിസിയുടെ ചില നിബന്ധനകള്‍ കാരണമാണ് കോഴ്‌സ് നിര്‍ത്തുന്നതെന്നാണ് സര്‍വകലാശാല അധികൃതരുടെ വിശദീകരണം. വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് ഓരോ വിഷയത്തിനും കോഴ്‌സ് കോ-ഓഡിനേറ്ററെ നിയമിക്കണമെന്ന് യുജിസി നിര്‍ദേശമുണ്ട്. ലാഭകരമല്ലാത്ത വിഷയങ്ങള്‍ക്ക് കോഴ്‌സ് കോ-ഓഡിനേറ്ററെ നിയമിക്കുമ്പോള്‍ വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടാവുന്നതെന്നും സര്‍വകലാശാല വിശദീകരിക്കുന്നു.
യുജിസി മൂന്നുവര്‍ഷം മുമ്പേ വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ബിരുദ, പിജ കോഴ്‌സുകള്‍ക്ക് കോഴ്‌സ് കോ-ഓഡിനേറ്ററെ നിയമിക്കണമെന്ന് സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍വകലാശാല ഇതിന് തുനിഞ്ഞില്ല. ഈവര്‍ഷം ജൂണ്‍ 30നകം കോഴ്‌സ് കോ-ഓഡിനേറ്ററെ നിയമിച്ചില്ലെങ്കില്‍ കോഴ്‌സുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതോടെ കഴിഞ്ഞ ദിവസമാണ് സര്‍വകലാശാല ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്.
തട്ടിക്കൂട്ടി നടത്തുന്ന ഇന്റര്‍വ്യൂ കോണ്‍ഗ്രസ് അനുകൂല അധ്യാപകരെ നിയമിക്കാനാണെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ രംഗത്തുവന്നതോടെ കോഴ്‌സ് കോ-ഓഡിനേറ്ററുടെ ഇന്റര്‍വ്യൂ മാറ്റിവച്ചിരിക്കുകയാണ്. ഇതോടെ പിജി കോഴ്‌സുകള്‍ നിര്‍ത്താലാക്കുന്നതിന് പുറമെ ബിരുദ കോഴ്‌സുകളുടെ അംഗീകാരവും തുലാസിലായിരിക്കുകയാണ്. സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തോട് എന്നും ചിറ്റമ്മ നയമാണ് സ്വീകരിച്ചുവരുന്നത്. റഗുലര്‍ കോഴ്‌സുകളുടെ പരീക്ഷയും ഫലവുമൊക്കെ ഏതാണ്ട് കൃത്യസമയത്ത് പ്രസിദ്ധീകരിക്കുന്ന അധികൃതര്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളുടെ പരീക്ഷഫലം തോന്നുംപടിയാണ് പ്രസിദ്ധീകരിക്കുക.
ഈവര്‍ഷം തന്നെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത ബിരുദവിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരീക്ഷയുടെ കൗണ്ടര്‍ഫോയില്‍ കാണാതായ സംഭവമുണ്ടായിരുന്നു. പിന്നീട് വിദ്യാര്‍ഥികളെ സര്‍വകലാശാല ആസ്ഥാനത്ത് വിളിച്ചുവരുത്തി കൈയെഴുത്ത് പരിശോധിച്ചാണ് ഉത്തരപേപ്പര്‍ ഏതു വിദ്യാര്‍ഥിളുടേതാണെന്ന് തിരിച്ചറിഞ്ഞത്. പിജി കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നും കോഴ്‌സ് കോ-ഓഡിനേറ്റര്‍മാരെ ഉടന്‍ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങുമെന്ന് പാരലല്‍ കോളജ് അസോസിയേഷന്‍ ഭാരവാഹികളായ രാജേഷ് പാലങ്ങാട്ട്, കെ എന്‍ രാധാകൃഷ്ണന്‍, യു നാരയണന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it