malappuram local

വിദൂരബിരുദ ഫീസ് ഘടന മാറ്റം; നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം



തിരൂര്‍: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദ രജിസ്‌ട്രേഷന്റെ പുതിയ ഘടനാ മാറ്റം വിദ്യാര്‍ഥികള്‍ക്ക് അമിത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം. ഓള്‍ കേരള കോ ഓപ്പറേറ്റീവ് കോളജ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അണ്ടര്‍ സെക്രട്ടറി രജിസ്ട്രാര്‍ക്ക് നിര്‍ദേശം കൈമാറിയത്. വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ പ്രവേശനം നല്‍കുന്നവര്‍ക്കെല്ലാം കോണ്‍ടാക്ട് ക്ലാസും സ്റ്റഡി മെറ്റീരിയലും നല്‍കി ഗുണമേന്മ ഉറപ്പാക്കണമെന്നായിരുന്നു യു ജി സിയുടെ നിര്‍ദേശം. ഇതനുസരിച്ച് നേരത്തേ ഉണ്ടായിരുന്ന പ്രൈവറ്റ് , റഗുലര്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഒഴിവാക്കി എല്ലാവരില്‍ നിന്നും റഗുലര്‍ ഫീ ഈടാക്കുകയാണ് ഈ വര്‍ഷം. കഴിഞ്ഞ വര്‍ഷം പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ അടക്കേണ്ടിയിരുന്ന ഫീസിനെക്കാള്‍ മൂന്നിരട്ടിയോളം കൂടുതല്‍ അടവാക്കണം.കൂടാതെ ഓരോ വര്‍ഷവും കോഴ്‌സ് ഫീ അടവാക്കണമെന്നതും വിദ്യാര്‍ഥികള്‍ക്ക് ബാധ്യതയാവും. പ്രവേശനത്തിന് പുതിയ മാനദണ്ഡത്തോടെ ഉത്തരവ് വന്നതോടെ വിവിധ സംഘടനകള്‍ സമരത്തിലാണ്. കോഓപ്പറേറ്റീവ് കോളജ് അസോസിയേഷന്‍ സെക്രട്ടറി മജീദ് ഇല്ലിക്കല്‍ മുഖ്യ മന്ത്രി, സഹകരണ മന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കുകയും, അസോസിയേഷന്‍ ഭാരവാഹികള്‍ വൈസ് ചാന്‍സലറുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.പ്രതിഷേധം ശക്തമായതോടെ പഴയ രീതിയിലേക്കു തന്നെ ഫീസ് കുറക്കാന്‍ സിന്‍ഡിക്കറ്റ് തീരുമാനം എടുക്കണമെന്നാണ് യൂനിവേഴ്‌സിറ്റി അധികൃതരുടെ നിലപാട്. ശനിയാഴ്ച നടക്കേണ്ടിയിരുന്ന സിന്റിക്കറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചക്ക് വെക്കാനിരുന്നെങ്കിലും യോഗം നടന്നില്ല. കാലാവധി തീര്‍ന്ന സിഡിക്കറ്റ് യോഗം ഇടതു സംഘടനകള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് തടസപ്പെട്ടത്. യോഗത്തിന്റെ അനിശ്ചിതത്ത്വം തീരും വരെ കാത്തിരിക്കേണ്ടിവന്നാല്‍ ഡിഗ്രി രജിസ്‌ട്രേഷന് നല്‍കിയ സമയം അവസാനിക്കും. ഈ മാസം പതിനഞ്ചാണ് അവസാന ദിവസം.
Next Story

RELATED STORIES

Share it