thrissur local

വിത്ത് സംഭരണ കേന്ദ്രത്തില്‍ വുഡ് പാനല്‍ സംവിധാനം നിര്‍മിക്കണമെന്ന്



മാള: പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കുറുങ്ങാംപാടം വിത്ത് സംഭരണ കേന്ദ്രം ഉപയോഗ യോഗ്യമാക്കണമെന്ന ആവശ്യം ഉയരുന്നു. 2006ല്‍ കേരള പിറവിയുടെ സുവര്‍ണ ജൂബിലി സ്മാരകമായി പഞ്ചായത്ത് നിര്‍മിച്ച വിത്ത് സംഭരണ കേന്ദ്രത്തില്‍ ദീര്‍ഘകാലം നെല്‍ വിത്തുകള്‍ സംഭരിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. നെല്‍വിത്തുകള്‍ ദീര്‍ഘകാലം കേടുകൂടാതെ സംഭരിച്ച് വെക്കുന്നതിന് വുഡ് പാനല്‍ സൗകര്യം ആവശ്യമാണ്. ഇതിനായി രണ്ട് ലക്ഷം രൂപയോളം ആവശ്യമായി വരും. ഫണ്ട്  ലഭിക്കാത്തതിനാലാണ് വുഡ് പാനല്‍ നിര്‍മാണം നടക്കാതെ പോയത്. ഇത് കാരണം വിത്ത് സംഭരണ കേന്ദ്രത്തിന്റെ പ്രയോജനം പൂര്‍ണമായി കര്‍ഷകര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്. പാറപ്പെട്ട കുറുങ്ങാംപാടം പാടശേഖര സമിതിയാണ് ഈ കെട്ടിടം നിര്‍മിക്കുന്നതിനായി മൂന്നര സെന്റ് സ്ഥലം നല്‍കിയത്. കൂടാതെ കെട്ടിട നിര്‍മാണത്തിനായി 65000 രൂപയും പാടശേഖര സമിതി നല്‍കി. 50000 രൂപയാണ് പഞ്ചായത്ത്  കെട്ടിട നിര്‍മാണത്തിനായി നല്‍കിയത്. ഒരു ലക്ഷത്തി പതിനഞ്ചായിരം രൂപ ചിലവഴിച്ചാണ് പതിനൊന്ന് വര്‍ഷം മുന്‍പ് ഈ കെട്ടിടം നിര്‍മിച്ചത്. നിലവില്‍ കൃഷിഭവനില്‍ നിന്ന് ലഭിക്കുന്ന വിത്തും വളവും ഇവിടെ സൂക്ഷിച്ച് വിതരണം ചെയ്തുവരുന്നുണ്ടെന്നാണ് പാടശേഖര സമിതി  ഭാരവാഹികള്‍ അറിയിച്ചത്. കൂടാതെ പാറപ്പെട്ട കുറുങ്ങാംപാടം പാടശേഖര സമിതിയുടെ യോഗങ്ങള്‍ നടത്താനും ഈ കെട്ടിടം ഉപയോഗിക്കുന്നുണ്ട്. പാറപ്പെട്ട കുറുങ്ങാംപാടം പാടശേഖരത്തില്‍ നൂറേക്കറിലാണ് കൃഷി നടക്കുന്നത്. ദീര്‍ഘകാലം നെല്‍വിത്തുകള്‍ കേട് കൂടാതെ സംഭരിക്കാനുള്ള വുഡ് പാനല്‍ സംവിധാനം ഈ കെട്ടിടത്തില്‍ ഉണ്ടാക്കുകയാണെങ്കില്‍ അത് കര്‍ഷകര്‍ക്കും പഞ്ചായത്തിനും ഒരു മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. വിത്ത് സംഭരണ കേന്ദ്രത്തിന്റെ പ്രയോജനം പൂര്‍ണമായി കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനായി വുഡ് പാനല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് പാറപ്പെട്ട കുറുങ്ങാംപാടം പാടശേഖര സമിതി പ്രസിഡന്റ് ഇ എസ് ശശിധരന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it