Flash News

വിത്തു വികസന അതോറിറ്റിയില്‍ ക്രമക്കേട് ; അഡീഷനല്‍ ഡയറക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍



തിരുവനന്തപുരം: സംസ്ഥാന വിത്തുവികസന അതോറിറ്റിയില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ അഡീഷനല്‍ ഡയറക്ടര്‍മാരായ അശോക് കുമാര്‍ തെക്കന്‍, പി കെ ബീന എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവായി. സര്‍ക്കാരിനു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കൃഷിവകുപ്പിന്റെ സ്‌പെഷ്യല്‍ വിജിലന്‍സ് സെല്ല് നടത്തിയ പരിശോധനയില്‍ അതീവ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. 2007-2016 കാലഘട്ടത്തിലാണ് ക്രമക്കേടുകള്‍ നടന്നത്. വിത്തുവികസന അതോറിറ്റിയുടെ മികച്ച ബീജാങ്കുരണശേഷിയുളള വിത്തുകള്‍ ഉപയോഗിക്കാതെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്വകാര്യ ഏജന്‍സിയില്‍ നിന്ന് വിത്തുവാങ്ങി കര്‍ഷകര്‍ക്ക് നല്‍കുകയാണ് ഇരുവരുടെയും നേതൃത്വത്തില്‍ ചെയ്തത്. കോടിക്കണക്കിന് രൂപയുടെ നെല്‍വിത്തുകളും പച്ചക്കറി വിത്തുകളും കര്‍ഷകര്‍ക്കും സ്‌കൂളുകള്‍ വഴി കുട്ടികള്‍ക്കും മറ്റു സന്നദ്ധ സംഘടനകള്‍ക്കും വിതരണം ചെയ്തതിലൂടെ കോടിക്കണക്കിന് രൂപയുടെ ഉല്‍പാദനനഷ്ടം സംഭവിച്ചു. ഉപയോഗിക്കാതെ വച്ചതിനാല്‍ വിത്തുവികസന അതോറിറ്റിയുടെ വിത്ത് ബീജാങ്കുരണശേഷി നഷ്ടപ്പെട്ട് ഉപയോഗശൂന്യമായി. ഇതുവഴി സര്‍ക്കാര്‍ ഖജനാവിന് 13.65 കോടി നഷ്ടമുണ്ടായി. ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഗുരുതരമായ ക്രമക്കേടുകള്‍ നടത്തി ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ചയും അനാസ്ഥയും നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി. ക്രമക്കേടുകളില്‍ പങ്കാളികളായ സംസ്ഥാന വിത്തുവികസന അതോറിറ്റിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായിരുന്ന എം ഡി തിലകന്‍, ടി ഉഷ, ഹണി മാത്യൂസ്, കെ ജെ അനില്‍, കൃഷി ഓഫിസര്‍മാരായ ഷാജന്‍ മാത്യൂ, എം എസ് സിനീഷ്, വി വി രാജീവന്‍ എന്നിവര്‍ക്കെതിരേ വകുപ്പുതല അച്ചടക്കനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. അംഗീകാരമില്ലാത്ത സ്വകാര്യ ഏജന്‍സിയെക്കൊണ്ട് വിത്തു വാങ്ങുന്നതിന് ഒത്താശ ചെയ്ത എറണാകുളം പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫിസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ലിന്‍സി സേവ്യര്‍, ജോയിന്റ് ഡയറക്ടര്‍ എസ് പുഷ്പകുമാരി എന്നിവര്‍ക്കെതിരേയും നടപടിക്ക് ശുപാര്‍ശയുണ്ട്. കേസില്‍ ഉള്‍പ്പെട്ടതും സര്‍വീസില്‍നിന്ന് വിരമിച്ചതുമായ വി വി പുഷ്പാംഗദന്‍, എ ഐ രാമകൃഷ്ണന്‍, സണ്ണിക്കുട്ടി എം കുര്യന്‍, പി എ എല്‍സി, രഞ്ജനദാമോദരന്‍, ജെസ്യാമ്മ ജോസഫ്, അബ്ദുല്‍ലത്തീഫ്, ടി വി പോള്‍ എന്നിവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശയുണ്ട്.
Next Story

RELATED STORIES

Share it