World

വിത്തുനിലവറ മഞ്ഞുരുകല്‍ ഭീതിയില്‍; നവീകരണം തുടങ്ങി

ഓസ്‌ലോ: അണ്വായുധ ആക്രമണങ്ങളെയും പ്രകൃതിക്ഷോഭങ്ങളെയും ചെറുക്കാന്‍ ഉതകുന്ന രീതിയില്‍ പണികഴിപ്പിച്ച വിത്തുനിലവറ മഞ്ഞുരുകല്‍ ഭീഷണിയില്‍. ഉത്തരധ്രുവത്തില്‍ ആര്‍ട്ടിക് മഞ്ഞുമലയുടെ താഴെ ഭൂമിക്കടിയിലാണ് വിത്തുനിലവറ  (സീഡ് വോള്‍ട്ട്)സ്ഥിതിചെയ്യുന്നത്. എന്നാല്‍, ഉത്തരധ്രുവത്തില്‍ ലോകത്തിലെ മറ്റിടങ്ങളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ താപനില ഉയരുന്നത് മഞ്ഞുരുകലിനു കാരണമാവുന്നു. വിത്തുനിലവറയെ സംരക്ഷിക്കുന്ന മഞ്ഞുപാളികള്‍ ഉരുകിത്തീരുന്നത് നിലവറയില്‍ സൂക്ഷിച്ചിട്ടുള്ള വിത്തിനങ്ങളെ സാരമായി ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഉത്തരധ്രുവത്തില്‍ നിന്ന് 1000 കിലോമീറ്ററോളം അകലെ ആര്‍ട്ടിക് ദ്വീപിലെ സ്വാള്‍ബാര്‍ഡില്‍ ഉപയോഗയോഗ്യമല്ലാത്ത കല്‍ക്കരി ഖനിക്കുള്ളിലാണ് വിത്തുനിലവറ. ലോകത്തിലെ എല്ലാത്തരം വിത്തിനങ്ങളും സംരക്ഷിക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തി 2008ലാണ് നിലവറ സ്ഥാപിച്ചത്. വിത്ത് നിലവറയുടെ തുരങ്കത്തിന് 120 മീറ്റര്‍ നീളമാണുള്ളത്. മൂന്നു വാതിലുകളാണ് സംരക്ഷണം നല്‍കുന്നത്.
10 ലക്ഷത്തോളം വൈവിധ്യമാര്‍ന്ന വിത്തിനകളാണ് ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. യുദ്ധം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭങ്ങള്‍, രോഗബാധ, ആണവ ആക്രമണം എന്നിവയില്‍ നിന്നൊക്കെ വിത്തുകള്‍ക്കു സംരക്ഷണം നല്‍കുന്ന രീതിയിലാണ് നിര്‍മാണം. പ്ലാസ്റ്റിക് പെട്ടിക്കുള്ളിലാണ് വിത്തുകള്‍ സൂക്ഷിച്ചിരിക്കുന്നത്. പെട്ടിക്കു മുകളില്‍ രാജ്യവും വിത്തിനവും രേഖപ്പെടുത്തിയിട്ടുണ്ട്. മൈനസ് 18 ഡിഗ്രി സെല്‍ഷ്യസാണ് നിലവറയ്ക്കകത്തെ താപനില. മഞ്ഞുരുകുന്നതിനാല്‍ ഈ താപനില നിലനിര്‍ത്താന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. നിലവറയുടെ നവീകരണ പ്രവൃത്തികള്‍ക്കായി 13 കോടി രൂപയാണ് നോര്‍വെ വകയിരുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it