kozhikode local

വിത്തുതേങ്ങ സംഭരണം: മലയോര കര്‍ഷകര്‍ക്ക് നിരാശ

കുറ്റിയാടി: പ്രതീക്ഷയോടെ കാത്തിരുന്ന വിത്തുതേങ്ങ സംഭരണത്തിലും കിഴക്കന്‍ മലയോര കര്‍ഷകര്‍ നിരാശയില്‍. വില നിര്‍ണയം യഥാസമയം പൂര്‍ത്തിയായെങ്കിലും സംഭരണത്തിലെ പാളിച്ചകളാണ് കര്‍ഷകര്‍ക്ക് ദുരിതമായത്. തെങ്ങില്‍ നിന്നും കയര്‍ കെട്ടിയിറക്കിയാണ് കര്‍ഷകര്‍ വിത്തുതേങ്ങ സംഭരിക്കുന്നത്. ഇത്തരത്തില്‍ നൂറിലധികം തെങ്ങുകളില്‍ നിന്ന് മൂവായിരം മുതല്‍ നാലായിരം വരെ തേങ്ങ സംഭരിക്കുന്നു.
ഇതില്‍ നിന്നും മുന്നൂറോളം തേങ്ങകള്‍ മാത്രമാണ് തിരഞ്ഞെടുക്കുന്നത്. ഒരു തെങ്ങില്‍ നിന്നും ആയിരത്തിലധികം തേങ്ങകള്‍ തിരഞ്ഞെടുക്കാവുന്ന സാഹചര്യത്തിലാണ് നാളികേര കര്‍ഷകര്‍ ഈ അവഗണന നേരിടുന്നത്.കാര്‍ഷിക മേഖലയിലെ വില തകര്‍ച്ചകൊണ്ട് പൊറുതിമുട്ടുന്ന കര്‍ഷകര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമായത് വിത്തുതേങ്ങ സംഭരണമാണ് . ഈ പ്രതീക്ഷയും തകര്‍ക്കുന്ന രീതിയിലുള്ള ഇടപെടലാണ് നടക്കുന്നത്.
വിത്തുതേങ്ങ സംഭരണത്തിന്റെ ശരാശരി നൂറ് തെങ്ങിന്റെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ കയറ്റുകൂലിയായി ഒരു തെങ്ങിന് 45.50 രൂപയും മൂന്നു വീതം സഹായികള്‍ക്ക് 700 രൂപ വെച്ച് 2100 രൂപയാണ് ചെലവ് വരുന്നത്.തേങ്ങ ചുമടെടുക്കാന്‍ 500 രൂപ വെച്ച് രണ്ടാളുകള്‍ക്ക് 1000 രൂപ ചെലവാകുമ്പോള്‍ സര്‍ക്കാര്‍ വണ്ടിയില്‍ തേങ്ങ കയറ്റുന്നതിന് ഒരാള്‍ക്ക് 160 രൂപയും ചെലവ് വരുന്നുണ്ട്.
എന്നാല്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള മറ്റു ചെലവുകളും കൂട്ടിയാല്‍ മൊത്തം ചെലവ് പതിനായിരം രൂപയോളം വരും. ഇതെല്ലാം സഹിച്ച് സംഭരണം പൂര്‍ത്തിയാക്കുന്ന തേങ്ങയ്ക്ക് സംഭരണവില കിട്ടണമെങ്കില്‍ കര്‍ഷകര്‍ മാസങ്ങളോളം കാത്തിരിക്കണം.കര്‍ഷകരുടെ പ്രയാസമകറ്റാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് കാവിലുംപാറ മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സോജന്‍ ആലക്കല്‍ അധ്യക്ഷത വഹിച്ചു. ജോസഫ് കാഞ്ഞിരത്തിങ്കല്‍, കല്ലുക്കണ്ടി അമ്മത്, എന്‍ കെ ജോയി സംസാരിച്ചു.
Next Story

RELATED STORIES

Share it