thiruvananthapuram local

വിതരണ കേന്ദ്രത്തെ കുറിച്ച് വിവരമില്ല; ഗുണഭോക്താക്കള്‍ വലയുന്നു

കിളിമാനൂര്‍: ബാങ്കിലാണോ പോസ്റ്റാഫിസിലാണോ തങ്ങളുടെ പെന്‍ഷന്‍ കിട്ടുന്നത് എന്നറിയാതെ പഞ്ചായത്ത് ഓഫിസിലും ബാങ്കിലും പോസ്റ്റാഫിസിലും കയറിയിറങ്ങി സമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വലയുന്നു.
പല പഞ്ചായത്ത് മെംബര്‍മാരും ഗുണഭോക്താക്കളായ പെന്‍ഷന്‍കാരെ കാണുമ്പോള്‍ ഒളിച്ചു നടക്കുകയാണ്. ഫെബ്രുവരി രണ്ടാം വാരം സമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരി ല്‍ കുടിശിക ഉള്ളവര്‍ക്ക് ചെക്ക് മുഖാന്തിരം പെന്‍ഷന്‍ നല്‍കിയിരുന്നു. അത് മാറിയെടുക്കുന്നതിനു കിടപ്പ് രോഗികളും, പ്രായം ഏറെ കടന്നവരും, അക്ഷരാഭ്യാസമില്ലാത്തവരും അനുഭവിച്ച ദുരിതം ചില്ലറയല്ല. ഇപ്പോഴും ചെക്ക് മാറാന്‍ കഴിയാതെ കൈയ്യില്‍ വച്ചിരിക്കുന്ന നിരവധി പേരുണ്ട്. ഡിബിടി (ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) സംവിധാനം വഴിയാണ് ഇപ്പോള്‍ സമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ നല്‍കുന്നത്. ഇതിനായി ബാങ്ക് അക്കൗണ്ട് എടുക്കണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. പലരും ചെക്ക് കിട്ടിയ ശേഷമാണ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയത്. പാസ് ബുക്കിന്റെ കോപ്പിയും അനുബന്ധ രേഖകളും തദ്ദേശസ്ഥാപനത്തില്‍ നല്‍കുന്നതില്‍ കാലതാമസവും വന്നു. ഇതും ഗുണഭോക്താക്കളായ പെന്‍ഷന്‍കാര്‍ക്ക് തിരിച്ചടിയായി.
600ഉം, 800ഉം രൂപയ്ക്കു ചെല്ലുന്ന വയോജനങ്ങളും അക്ഷരാഭ്യാസമില്ലാത്തവരും ബാങ്ക് ജീവനക്കാര്‍ക്കും തലവേദനയാവുന്നുണ്ട്. ബാങ്ക് ജീവനക്കാര്‍ ഇവരെ പഞ്ചായത്തുകളിലേക്ക് അയക്കുകയാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ വലിയ വിഭാഗം വളരെ താഴെ തട്ടിലുള്ളവരാണ്. നിലവില്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പലരും. മൂന്നും നാലും മാസത്തെ പെന്‍ഷനുകള്‍ ഇപ്പോള്‍. ഡിബിടി (ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) സംവിധാനം വഴി അയച്ചുകഴിഞ്ഞതായാണ് വിവരം. എന്നാല്‍ അത് എവിടെ നിന്നും ലഭിക്കും എന്നറിയാത്ത അവസ്ഥയാണ് നിലവില്‍ സമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന ഭൂരിഭാഗം പേര്‍ക്കും.
Next Story

RELATED STORIES

Share it