azchavattam

വിട

വിട
X
Umberto-vida

പി എന്‍ ഗോപീകൃഷ്ണന്‍

84 വയസ്സ് മരിക്കാന്‍ നല്ല പ്രായമാണ്. പക്ഷേ, ഉമ്പര്‍ട്ടോ എക്കോ, നിങ്ങള്‍ മരിച്ചെന്നു കേട്ടപ്പോള്‍ മനസ്സില്‍ ഒരു മണ്ണിടിച്ചില്‍. പ്രത്യേകിച്ചും 'അഞ്ച് സദാചാര കുറിപ്പുകളില്‍' നിങ്ങള്‍ നിര്‍വചിച്ച ഫാഷിസത്തിന്റെ പൊരുത്തങ്ങളില്‍ പത്തും തികഞ്ഞ ഭരണം ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍. നിങ്ങളുടെ ഓരോ വായനയും എനിക്ക് എന്നോടു തന്നെയുള്ള വെല്ലുവിളിയായിരുന്നു. ഏതു വലിയ എഴുത്തുകാരേയും പോലെ നിങ്ങള്‍ ഞങ്ങള്‍ക്ക് കടങ്കഥകള്‍ തന്നു. അതിയാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ പുസ്തകം വായിച്ച എന്റെ ചെറുപ്പത്തിലെ ആ ഉച്ച ഇപ്പോഴും മനസ്സില്‍.
ഇറ്റലിയില്‍ നിന്നും ഞങ്ങളുടെ നിരാര്‍ഭാടമായ മുറികളിലേക്കു വിരുന്നുവന്ന അവസാന ആളുകളില്‍ ഒരാളായിരുന്നു നിങ്ങള്‍. ഇറ്റാലോ കാല്‍വിനോ, ഉംഗാരറ്റി, മൊറാവിയ, ദാരിയ ഫോ... എല്ലാറ്റിനും മുകളില്‍ കുടപിടിച്ച് ഗ്രാംഷി... ആ നിരയില്‍ അവസാനത്തേത് നിങ്ങളായിരുന്നു. യൂറോപ്യന്‍ എഴുത്തുകാരെ കടുത്ത വിമര്‍ശനത്തോടെ മാത്രം വായിച്ചിരുന്ന കാലത്താണ് നിങ്ങള്‍ എത്തുന്നത്. അതിനാല്‍ തന്നെ നിങ്ങളുടെ പല രാഷ്ട്രീയ നിരീക്ഷണങ്ങളോടും കടുത്ത വിയോജിപ്പ് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും ഗള്‍ഫ് യുദ്ധകാലത്ത് നിങ്ങള്‍ എടുത്ത പടിഞ്ഞാറന്‍ അനുകൂല നിലപാടില്‍. അതും സില്‍വിയോ ബര്‍ലുസ്‌കോണി പോലുള്ള, പില്‍ക്കാലത്ത് സാമ്പത്തിക കുറ്റങ്ങളില്‍ വിചാരണ ചെയ്യപ്പെട്ട ഒരു ഇറ്റാലിയന്‍ ഭരണാധിപനെ അനുകൂലിച്ചപ്പോള്‍. എന്നിട്ടും ഞാന്‍ ആ ലേഖനം, വിയോജിപ്പുകള്‍ രേഖപ്പെടുത്തിക്കൊണ്ടു തന്നെ തര്‍ജമ ചെയ്തു. കാരണം അതിലും ചില പ്രധാന സാംസ്‌കാരിക പ്രശ്‌നങ്ങള്‍ നിങ്ങള്‍ ഉന്നയിച്ചിട്ടുണ്ടായിരുന്നു.
'ഒരു ചെറുപ്പക്കാരനായ നോവലിസ്റ്റിന്റെ കുമ്പസാരങ്ങളി'ലൂടെ നിങ്ങള്‍ എനിക്കൊരു കണ്ണുതന്നു. 'ഇരട്ടവരക്കോപ്പി' (ഉീൗയഹല ഇീറശിഴ) എന്നു ഞാന്‍ അല്‍പം വക്രീകരിച്ച് അതിനെ വിളിക്കട്ടെ. ഒരു ലളിതമായ വാചകത്തില്‍ പോലും ഗഹനമായ ഒരു അടിയൊഴുക്ക് കൂട്ടിച്ചേര്‍ക്കും വിധം, ഏത് എഴുത്തിലും ആ കണ്ണ് ഒഴിയാബാധയായി എന്നെ പിന്തുടര്‍ന്നു. ഒരു വലിയ എഴുത്തുകാരന്‍, വേറൊരു ഭാഷയിലെ ഇടത്തരം എഴുത്തുകാരനെ എങ്ങനെയാണ് എഴുത്തിനെക്കുറിച്ചു ബോധവല്‍ക്കരിക്കുക എന്നത് എനിക്കു പിടികിട്ടി.
'ഹി ലെഫ്റ്റ് മി'. കാമു പോയതറിഞ്ഞ് സാര്‍ത്രിന്റെ വിടപറച്ചില്‍ തുടങ്ങിയത് അങ്ങനെയായിരുന്നു. ഞാന്‍ ഒരു ചെറിയ എഴുത്തുകാരനാണ്. എങ്കിലും നിങ്ങളെ ശ്രദ്ധയോടെയും അല്‍പം ഭ്രാന്തോടെയും പിന്തുടര്‍ന്നു എന്ന അഭിമാനത്തിന്റെ സ്വാതന്ത്ര്യം എടുത്തുകൊണ്ട് പറയട്ടെ. 'ഹി ലെഫ്റ്റ് മി' വിട. ി

(കടപ്പാട്: സോഷ്യല്‍ മീഡിയ)
Next Story

RELATED STORIES

Share it